◾ചന്ദ്രനില്‍ ഇന്ത്യ. ചരിത്രവിജയവുമായി രാജ്യം. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ ഇറങ്ങി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടു പൂര്‍ത്തിയാക്കി. ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 25 കിലോമീറ്റര്‍ ഉയരത്തിലാണ് ലാന്‍ഡിംഗ് പ്രക്രിയ ആരംഭിച്ചത്. ലാന്‍ഡു ചെയ്യാന്‍ കുഴികളില്ലാത്ത സ്ഥലത്തിനായി രണ്ടു തവണ ഏതാനും സെക്കന്‍ഡുകള്‍ കാത്തുനിന്നു. ഒടുവില്‍ ചന്ദ്രയാന്‍ 3 ചാന്ദ്രോപരിതലം തൊട്ടപ്പോള്‍ ഇന്ത്യന്‍ ജനത ഹര്‍ഷാരവം മുഴക്കി.
◾ചന്ദ്രനിലെ മണ്ണില്‍ രാജ്യമുദ്രയായ അശോക സ്തംഭം. ചന്ദ്രനില്‍ പര്യവേഷണം നടത്താനുള്ള റോവറിനെ ലാന്‍ഡറില്‍നിന്ന് രാത്രി പത്തരയോടെ പുറത്തിറക്കി ചന്ദ്രോപരിതലത്തില്‍ പര്യവേഷണം ആരംഭിച്ചു. ആദ്യ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. റോവറിന്റെ ചക്രങ്ങളിലെ അശോകസ്തംഭത്തിന്റേയും ഐഎസ്ആര്‍ഓയുടെയും മുദ്രകള്‍ ചന്ദ്രനിലെ മണ്ണില്‍ പതിഞ്ഞു.
◾ഭൂമിയിലെ സ്വപ്നം ചന്ദ്രനില്‍ നടപ്പാക്കിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ നിമിഷം ഐതിഹാസികമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ ബ്രിക്സ് ഉച്ചകോടിക്കിടയില്‍ ഐഎസ്ആര്‍ഒയുടെ ലൈവ് സ്ട്രീമിംഗില്‍ ചേര്‍ന്ന മോദി, ലാന്‍ഡര്‍ ചന്ദ്രോപരിതലം തൊട്ടതോടെ ചെറിയ ദേശീയപതാക ഉയര്‍ത്തി വീശിക്കാണിച്ചു. എന്റെ മനസ്സ് ചന്ദ്രയാനെ ഉറ്റുനോക്കുകയായിരുന്നു. ചരിത്ര നിമിഷം ഇന്ത്യയില്‍ പുതിയ ഊര്‍ജം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്ര നിമിഷത്തില്‍ 'ഇന്ത്യ ഈസ് ഓണ്‍ ദ മൂണ്‍' എന്നു വിശേഷിപ്പിച്ചാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് മോദിയെ ക്ഷണിച്ചത്.
◾വൈദ്യുതി നിയന്ത്രണം ഉടനേ വേണ്ടിവരുമെന്ന് കെഎസ്ഇബി. വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍നിന്ന് സംസ്ഥാനത്തിനു ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിതമായി 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്. ഇതുമൂലം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. കെഎസ്ഇബി അറിയിച്ചു.
◾സ്‌കൂള്‍ ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ക്ക് ജൂണ്‍, ജൂലൈ മാസങ്ങളിലെ ഓണറേറിയം ഓണത്തിനു മുമ്പു വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ 12,040 സ്‌കൂളുകളിലെ 13,611 പാചകത്തൊഴിലാളികള്‍ക്ക് ഓഗസ്റ്റ് മാസത്തേതടക്കം മൂന്നു മാസത്തെ വേതനം ലഭിക്കും.
◾ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ ഇനി രണ്ടു തവണ നടത്തുമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പാഠ്യപദ്ധതി ചട്ടക്കൂട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണു രേഖ പുറത്തിറക്കിയത്. പരീക്ഷകളില്‍ ലഭിക്കുന്ന ഉയര്‍ന്ന സ്‌കോറായിരിക്കും പരിഗണിക്കപ്പെടുക. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ രണ്ടു ഭാഷകള്‍ പഠിക്കണം. അതിലൊന്ന് ഇന്ത്യന്‍ ഭാഷയായിരിക്കണം.
◾മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ ഐ ജി ലക്ഷ്മണ്‍ അറസ്റ്റില്‍. പിറകേ ജാമ്യത്തില്‍ വിട്ടയച്ചു. ചോദ്യം ചെയ്തതിനുശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.
◾ചന്ദ്രനില്‍ ഇന്ത്യ നേടിയ ചരിത്ര നേട്ടത്തിനു നേതൃത്വം നല്‍കിയ ഐഎസ്ആര്‍ഒയുടെ അമരത്ത് മലയാളി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് ആലപ്പുഴ ജില്ലയിലെ തുറവൂര്‍ സ്വദേശിയാണ്. വളമംഗലം വേടാംപറമ്പില്‍ പരേതരായ ശ്രീധരപ്പണിക്കര്‍ - തങ്കമ്മ ദമ്പതികളുടെ എക മകനാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കെ ശിവന്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഐഎസ്ആര്‍ഒ ചെയര്‍മാനായി ചുമതലയേറ്റത്. 2018 മുതല്‍ വിഎസ്എസ്സി ഡയറക്ടറായിരുന്നു. അതിന് മുമ്പ് രണ്ടര വര്‍ഷം തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ മേധാവിയായിരുന്നു. ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ്.
◾മുന്‍ മന്ത്രി എ സി മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയത് കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിച്ച് പ്രതിപക്ഷത്തെ ദുര്‍ബ്ബലമാക്കാനാണെന്ന് സിപിഎം സെക്രട്ടറിയേറ്റ്. സംശുദ്ധ ജീവിതം നയിക്കുന്ന മൊയ്തിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നു സിപിഎം കുറ്റപ്പെടുത്തി.
◾ഇന്ന് സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഉയര്‍ന്ന താപനിലയ്ക്കു സാധ്യത.
◾ഒന്നിച്ചു മദ്യം കഴിച്ചുകൊണ്ടിരുന്ന സുഹൃത്തിനെ പൊലീസ് എസ്ഐ തലക്കടിച്ചു കൊലപ്പെടുത്തി. കണ്ണൂര്‍ മയ്യില്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ വിറകുകൊള്ളികൊണ്ട് തലക്കടിച്ചു കൊന്നത്. ദിനേശന്റെ കൊളച്ചേരിപറമ്പിലുള്ള വീട്ടില്‍ ഇരുവരും മദ്യപിച്ചതിനിടെ ഉണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
◾മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസിലെ ജാമ്യ ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ട മറുനാടന്‍ മലയാളി ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് ഹൈക്കോടതി വിമര്‍ശനം. കേസിലെ ചോദ്യം ചെയ്യലിനു ഹാജരാകാത്തതിനാണ് വിമര്‍ശിച്ചത്. എന്നാല്‍ അമ്മയ്ക്ക് അസുഖംമൂലം ഹാജരാകാന്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും.
◾വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ കല്ല് നിരത്തി വച്ച സംഭവത്തില്‍ രണ്ടു കുട്ടികളെ പൊലീസ് പിടികൂടി. കുട്ടികളുടെ രക്ഷിതാക്കളെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു.
◾കോഴിക്കോടുനിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. രാവിലെ 8.30 ന് ദുബൈയിലേക്കു പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.
◾കൊടുങ്ങല്ലൂര്‍ - തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. പണിമുടക്ക് വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാരെ വലച്ചു. സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു പണിമുടക്ക്.
◾മയക്കുമരുന്നു കേസില്‍ ടാന്‍സാനിയന്‍ പൗരന്‍ അഷ്‌റഫ് മോട്ടോറോസാഫിക്ക് ഇരുപതു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. കൊച്ചി വിമാനത്താവളം വഴി ഹെറോയിന്‍ കടത്തിയ കേസിലാണ് എറണാകുളം അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.
◾തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച മലപ്പുറം ചേലമ്പ്ര സ്വദേശി അബ്ദുള്‍ റിയാസിന്റെ മകന്‍ മുഹമ്മദ് റസാന്റെ കുടുംബത്തിന് ധനസഹായമായി അഞ്ചു ലക്ഷം രൂപ അനുവദിച്ചു.
◾തമിഴ്നാട് മധുരയില്‍ അമ്മയെ ശുശ്രൂഷിക്കണമെന്ന കളക്ടറുടെ ഉത്തരവ് അനുസരിക്കാത്ത മകനു മൂന്നു മാസം തടവുശിക്ഷ. അമ്മയ്ക്ക് മാസം അയ്യായിരം രൂപ നല്‍കണമെന്ന് ജൂലൈയില്‍ ഉത്തരവിട്ടിരുന്നു. വാഴവല്ലന്‍ സ്വദേശിയായ ഇ മലൈയമ്മാളുടെ പരാതിയില്‍ തിരുച്ചെന്തൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എം ഗുരുചന്ദ്രനാണ് ശിക്ഷ വിധിച്ചത്.
◾ഡല്‍ഹി വിമാനത്താവളത്തില്‍ ഒരേ റണ്‍വേയില്‍ ലാന്‍ഡിംഗിനും ടേക്ക് ഓഫിനും അനുമതി നല്‍കിയതുമൂലം ഉണ്ടാകുമായിരുന്ന വന്‍ ദുരന്തം ഒഴിവായത് പൈലറ്റിന്റെ ജാഗ്രതമൂലം. വിസ്താര വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയ എയര്‍ ട്രാഫിക് കണ്‍ട്രോളറെ സസ്പെന്‍ഡു ചെയ്തു.
◾ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് ഇന്ത്യയുടെ പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും ഐഎസ്ആര്‍ഒ ടീമിന് അഭിനന്ദനങ്ങളെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 1962 മുതല്‍ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ യുവ തലമുറകളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
◾ബഹിരാകാശ ഗവേഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മൂന്നു പ്രധാന മേഖലകളില്‍ ഒന്നിച്ചു നീങ്ങാന്‍ ബ്രിക്സ് രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ജൊഹന്നാസ്ബെര്‍ഗില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഡിജിറ്റല്‍ മേഖല ദിനംപ്രതി വളരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
◾ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 ന് ദക്ഷിണാഫ്രിക്കയിലെ ബ്രിക്സ് ഉച്ചകോടിയിലും അനുമോദനം. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയതിനു പിറകേ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദിച്ചു.
◾വിമത നീക്കത്തിലൂടെ റഷ്യയെ വിറപ്പിച്ച റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗെനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. പ്രിഗോഷിനൊപ്പം വിശ്വസ്ഥന്‍ ദിമിത്രി ഉട്കിനും വിമാനത്തിലുണ്ടായിരുന്ന മറ്റ് എട്ട് പേരും കൊല്ലപ്പെട്ടു. വടക്കന്‍ മോസ്‌കോയില്‍നിന്നു സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്കുള്ള പറക്കലിനിടയിലാണ് വിമാനാപകടമുണ്ടായത്.
◾ചെസ് ലോകകപ്പ് ഫൈനലില്‍ വീണ്ടും സമനില. ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സനെ രണ്ടാം ക്ലാസിക്കല്‍ ഗെയിമിലും ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്‌നാനന്ദയ സമനിലയില്‍ തളച്ചു. 30 നീക്കങ്ങള്‍ക്ക് ശേഷം മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ഫൈനല്‍ ടൈ ബ്രേക്കറിലേക്ക് നീണ്ടു. രണ്ട് ടൈ ബ്രേക്കറുകള്‍ അടങ്ങുന്ന മത്സരം ഇന്ന് നടക്കും.
◾അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെ മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.
◾യു.എ.ഇ സന്ദര്‍ശിക്കാനുള്ള മൂന്ന് മാസത്തെ വിസ സ്വന്തമാക്കാന്‍ വന്‍ തിരക്ക്. ഒറ്റ തവണ പോയി വരാവുന്ന മൂന്ന് തരം വിസിറ്റ് വിസകളാണ് യു.എ.ഇ സര്‍ക്കാര്‍ അനുവദിക്കുന്നത്. 30 ദിവസം, 60 ദിവസം, 90 ദിവസം എന്നിങ്ങനെ കാലാവധിയുള്ളവ. കൊവിഡ് കാലത്ത് നിര്‍ത്തിവച്ചിരുന്ന മൂന്ന് മാസ വീസകള്‍ മേയ് മാസത്തിലാണ് പുന:സ്ഥാപിച്ചത്. ഇപ്പോള്‍ മൂന്നു മാസക്കാലവധിയുള്ള വിസയ്ക്ക് ആവശ്യക്കാരുടെ എണ്ണം കുതിയച്ചുയരുകയാണ്. മൂന്ന് മാസത്തെ വിസിറ്റ് വിസ തന്നെ രണ്ടു തരത്തിലുണ്ട്. യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാവുന്നതാണ് ആദ്യത്തേത്. ഇതിനായി സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തി 1,000 ദിര്‍ഹം വരെ കെട്ടിവയ്ക്കണം. കൂടാതെ സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തിക്ക് 6,000 മുതല്‍ 8,000 ദിര്‍ഹം വരെ (ഏകദേശം 1,35,000-1,80,000) ശമ്പളവും ഉണ്ടായിരിക്കണം. ഈ വിഭാഗത്തിലുള്ള വിസയ്ക്ക് 800 ദിര്‍ഹമാണ് (18,000 രൂപ )ചെലവ്. ഔദ്യോഗിക ഇമിഗ്രേഷന്‍ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ട്രാവല്‍ ഏജന്റ് വഴി നേരിട്ട് ട്രാവല്‍ ഏജന്റുമാര്‍ വഴി അപേക്ഷിക്കാവുന്നതാണ് രണ്ടാമത്തേത്. ആര്‍ക്കും ഈ വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാം. മൂന്ന് മാസത്തെ വിസയ്ക്ക് 27,500 രൂപയാണ് നിരക്ക്. മൂന്നു മാസത്തിനുള്ളില്‍ തിരിച്ചു നാട്ടിലേക്ക് പോരുകയും ചെയ്യണം. ഒരു മാസ കാലാവധിയുള്ള വിസയ്ക്ക് 6,800 രൂപയാണ് നിരക്ക്. രണ്ട് മാസ കാലാവധി വീസയ്ക്ക് 9,800 രൂപയും. ഈ രണ്ട് വിസകള്‍ക്കും ഒരു മാസത്തിനു ശേഷം രാജ്യത്തനകത്തു നിന്ന് തന്നെ കാലാവധി ഒരുമാസത്തേക്ക് ദീര്‍ഘിപ്പിക്കാനാകും.
◾പ്രീ ബുക്കിംഗില്‍ 'കെജിഎഫ് 2'വിനെ മലര്‍ത്തിയടിച്ച് ദുല്‍ഖര്‍ സല്‍മാന്റെ 'കിംഗ് ഓഫ് കൊത്ത'. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തുക നേടിയിരിക്കുന്ന ചിത്രമായിരിക്കുകയാണ് കൊത്ത. 3 കോടിയലധികം തുകയാണ് റിലീസാകാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ കേരളത്തില്‍ നിന്ന് മാത്രം ചിത്രം കരസ്ഥമാക്കിയത്. കെജിഎഫ് 2 നേടിയ 2.93 കോടിയായിരുന്നു കേരളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രീ സെയില്‍ ബിസിനസ്. കേരളത്തില്‍ മാത്രം അഞ്ഞൂറില്‍പരം സ്‌ക്രീനില്‍ എത്തുന്ന ചിത്രം അന്‍പതിലേറെ രാജ്യങ്ങളില്‍ 2500 സ്‌ക്രീനുകളില്‍ റിലീസാകും. ചിത്രത്തിന്റെ ടിക്കറ്റിന് ഓണ്‍ലൈനിലും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയ്‌ലറുകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരുന്നു. ഐശ്വര്യ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.
◾തൊണ്ണൂറുകളില്‍ ബോളിവുഡ് പ്രേക്ഷകരുടെ സ്വപ്ന ജോഡികളായി തിളങ്ങിയിരുന്ന അക്ഷയ് കുമാറും രണീണ ടണ്ടനും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു. വെല്‍ക്കം ഫ്രാഞ്ചെസിയുടെ 'വെല്‍ക്കം ടു ദി ജങ്കിള്‍' എന്ന ചിത്രത്തിലൂടെയാണ് സ്വപ്ന ജോഡികള്‍ ആരാധകരിലേക്കെത്തുന്നത്. നിര്‍മാതാവ് ഫിറോസ് നാദിയാദ്വാലയുമായി അക്ഷയ് കുമാര്‍ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു അഡ്വഞ്ചര്‍ കോമഡിയാണ് ചിത്രം. അര്‍ഷാദ് വാര്‍സി, സഞ്ജയ് ദത്ത്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ദിഷ പഠാനി, സുനില്‍ ഷെട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 ല്‍ ക്രിസ്തുമസ് റിലീസായി ചിത്രം എത്തുമെന്നാണ് സൂചന. 1994-ല്‍ പുറത്തിറങ്ങിയ 'മേം ഖിലാഡി തു അനാരി', 1994ല്‍ റിലീസായ 'മൊഹ്‌റ' എന്നീ ചിത്രങ്ങളിലെല്ലാം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പോലീസ് ഫോഴ്സ്: ആന്‍ ഇന്‍സൈഡ് സ്റ്റോറി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്.
◾ലോകത്തിലെ ഏറ്റവും വിലയേറിയ കാറെന്ന ബഹുമതി സ്വന്തമാക്കി റോള്‍സ് റോയ്‌സിന്റെ 'ലാ റോസ് നോയര്‍'. ഏകദേശം 211 കോടി രൂപ (25 ദശലക്ഷം ഡോളര്‍) എന്ന അമ്പരപ്പിക്കുന്ന വിലയാണ് ഈ കാറിന്. പേരു വെളിപ്പെടുത്താത്ത ഫ്രാന്‍സുമായി അടുത്ത ബന്ധമുള്ള ശതകോടീശ്വരിക്കു വേണ്ടിയുള്ള സമ്മാനമായാണ് ഈ അപൂര്‍വ വാഹനം റോള്‍സ് റോയ്‌സ് നിര്‍മിച്ചത്. നാലു വര്‍ഷത്തിലേറെ സമയമെടുത്താണ് ഈ ലാ റോസ് നോയര്‍ നിര്‍മിച്ചത്. 150 തവണയോളം പരീക്ഷിച്ചാണ് ബ്ലാക്ക് ബക്കാറ റോസിന് സമാനമായ നിറം കണ്ടെത്തിയത്. റോസാപൂവിന്റെ ഇതളുകള്‍ വിതറിയിട്ടിരിക്കുന്ന രീതിയിലാണ് ഈ കാറിന്റെ തറ മരത്തില്‍ നിര്‍മിച്ചിരിക്കുന്നത്. ഉള്ളിലെ കാബിനില്‍ സ്വിസ് കമ്പനിയുടെ ആഡംബര വാച്ചുണ്ട്. മുകള്‍ഭാഗം തുറക്കാനാവുന്ന കാറാണ് ലാ റോസ് നോയര്‍. 22 ഇഞ്ച് ചക്രങ്ങളുള്ള വാഹനത്തിന് 6.6 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 593യവു കരുത്തു പുറത്തെടുക്കാന്‍ സാധിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് അല്ലെങ്കില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നു. അഞ്ചു സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാനാവും. പരമാവധി വേഗത 250 കിലോമീറ്റര്‍.
◾ശിവസ്തുതികളാല്‍ മുഖരിതമായ അന്തരീക്ഷം. ഓംകാരാങ്കിതമായ സ്വസ്തികചിഹ്നമുള്ള കൊടികള്‍ കാറ്റത്ത് പാറിക്കളിക്കുന്നു. അവിടെ 79 അടി ഉയരമുള്ള ശിവലിംഗം. ഇത് ഇന്ത്യയുടെ ദേവഭൂമിയില്‍ സ്ഥിതിചെയ്യുന്ന കിന്നര്‍കൈലാസം-ഭക്തര്‍ അതീവപരിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്ന ശിവപാര്‍വതിമാരുടെ വാസസ്ഥാനം. ഹൃദയഹാരിയായ ഈ ഭൂപ്രദേശത്തിന്റെ വൈവിധ്യവും സംസ്‌കാരവും ഇടകലരുന്ന യാത്രാനുഭവമാണിത്. കിന്നര്‍ കൈലാസവും പാര്‍വ്വതികുണ്ഠും കല്പയുമൊക്കെ നമ്മെ മോഹിപ്പിക്കും. മനസ്സ് ആ പുണ്യഭൂമിയിലേക്ക് പറന്നുയരും. കിന്നര്‍ കൈലാസയാത്രയിലുടനീളമുള്ള അഭൗമസുന്ദര കാഴ്ചകളുടെയും അനിര്‍വചനീയമായ അനുഭവങ്ങളുടെയും നിമിഷങ്ങളിലൂടെ... 'കിന്നര്‍ കൈലാസയാത്ര'. ബാബു ജോണ്‍. ഡിസി ബുക്സ്. വില 144 രൂപ
◾ഹൃദയം ദുര്‍ബലമാവുകയും ശരീരത്തിലുടനീളം കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ഹാര്‍ട്ട് ഫെയിലിയര്‍. ഇതുമൂലം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ മുഴുവനായി ബാധിക്കുകയോ നിലയ്ക്കുകയോ ചെയ്യാം. പലപ്പോഴും ഹൃദയാഘാതം സംഭവിച്ച ശേഷം മാത്രമാണ് ഇത് തിരിച്ചറിയുന്നത്. ഹാര്‍ട്ട് ഫെയിലിയറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ശ്വാസതടസ്സം, ക്ഷീണം, കാലുകളിലെ വീക്കം എന്നിവ ഉള്‍പ്പെടുന്നു. ഹാര്‍ട്ട് ഫെയിലിയറിന്റെ മറ്റ് ചില ലക്ഷണങ്ങളില്‍ പ്രധാനം വിട്ടുമാറാത്ത ചുമയാണ്. വിട്ടുമാറാത്തതോ കാലക്രമേണ വഷളാകുന്നതോ ആയ ചുമ ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നതിനെ സൂചിപ്പിക്കാം. ഇത് ഹാര്‍ട്ട് ഫെയിലിയറിന്റെ ഒരു സാധാരണ ലക്ഷണമാണ്. എന്നിരുന്നാലും, വിട്ടുമാറാത്ത ചുമ മറ്റ് വിവിധ രോഗങ്ങളുടെയും അണുബാധകളുടെയും ലക്ഷണമാകാം. അതിനാല്‍ വിട്ടുമാറാത്ത ചുമ ഉണ്ടെങ്കില്‍, പരിശോധിക്കേണ്ടത് പ്രധാനമാണ്. രാത്രയില്‍ നിരവധി തവണ മൂത്രമൊഴിക്കാന്‍ തോന്നുന്നതും ഒരു ലക്ഷണമാകാം. വിശപ്പില്ലായ്മ അല്ലെങ്കില്‍ ഓക്കാനം വരുന്നതും നിസാരമായി കാണേണ്ട. വിശപ്പ് കുറയുന്നത് അല്ലെങ്കില്‍ നിരന്തരമായ ഓക്കാനം ഹൃദയാരോഗ്യം മോശമായതിന്റെ ലക്ഷണമാകാം. ഹൃദയത്തിന് രക്തം ഫലപ്രദമായി പമ്പ് ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ ദഹനവ്യവസ്ഥയെ ബാധിക്കും. ക്രമരഹിതമായ ഹൃദയമിടിപ്പും ഹാര്‍ട്ട് ഫെയിലിയറിന്റെ ഒരു സാധാരണ ലക്ഷണമാണ്. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നത് മാനസികമായ ആശയക്കുഴപ്പം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മെമ്മറി പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. പെട്ടെന്ന് ശരീരഭാരം വര്‍ധിക്കുന്നതും നിസാരമായി കാണേണ്ട. നിരന്തരമായ ശ്വാസം മുട്ടല്‍ അല്ലെങ്കില്‍ ശ്വാസതടസ്സം, ശാരീരിക അദ്ധ്വാനമില്ലാതെ പോലും ശ്വാസം മുട്ടുന്നതും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വയര്‍ എപ്പോഴും വീര്‍ത്തിരിക്കുന്നതും ഹാര്‍ട്ട് ഫെയിലിയറിന്റെ ഒരു ലക്ഷണമാകാം.
*ശുഭദിനം.*