◾ഇന്ത്യയുടെ ചാന്ദ്രദൗത്യം ചരിത്ര മുഹൂര്‍ത്തത്തിലേക്ക്. ചന്ദ്രയാന്‍-മൂന്നിന്റെ ലാന്‍ഡര്‍ ഇന്നു വൈകുന്നേരം ആറു മണി കഴിഞ്ഞു നാലു മിനിറ്റാകുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും. ലാന്‍ഡറിനകത്തെ റോവര്‍ പുറത്തിറങ്ങി ചന്ദ്രനിലെ മണ്ണ് അടക്കമുള്ളവയുടെ വിവരങ്ങള്‍ ശേഖരിക്കും. ഒരു ചാന്ദ്ര പകല്‍ മാത്രമാണ് ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ്. ഭൂമിയിലെ കണക്കനുസരിച്ച് 14 ദിവസം. ലോകം ഇന്ത്യയുടെ ചന്ദ്രയാന്റെ ലാന്‍ഡിംഗ് പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്.
◾വീണ വിജയന്റെ എക്സാലോജിക് കമ്പനി കൊച്ചിന്‍ മിനറല്‍സില്‍നിന്നു സ്വീകരിച്ച 57 ലക്ഷം രൂപയില്‍ 45 ലക്ഷം രൂപക്കു 8,10,000 രൂപ ഐജിഎസ്ടി അടച്ചെന്നു രേഖ. 2017 ഓഗസ്റ്റിനും 2018 ഒക്ടോബറിനുമിടയിലാണ് ഈ തുക അടച്ചത്. എന്നാല്‍, ബാക്കി ഇടപാടുകളുടെ നികുതി രേഖകള്‍ ലഭ്യമല്ല. 2017 മുതല്‍ 2020 വരെ എക്സാലോജിക്കിന് 57 ലക്ഷം രൂപയും വീണക്ക് ഒരു കോടി 15 ലക്ഷം രൂപയും അടക്കം ഒരു കോടി 72 ലക്ഷം രൂപയാണു ലഭിച്ചത്. ഇതില്‍ വീണയ്ക്കു ലഭിച്ച തുകയുടെ നികുതി വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
◾ഇടുക്കിയില്‍ ചട്ടം ലഘിച്ച് സിപിഎം ഓഫീസുകള്‍ നിര്‍മിക്കുന്നതു തടയാന്‍ ഹൈക്കോടതി ഉത്തരവ്. ശാന്തന്‍പാറ, ബൈസണ്‍വാലി എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളുടെ നിര്‍മ്മാണം തടയണമെന്നു കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. ഉത്തരവു നടപ്പാക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. ഇതേസമയം, ശാന്തന്‍പാറയില്‍ ഇന്നലെ രാത്രിയിലും കെട്ടിടം പണി തുടര്‍ന്നു.
◾എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് പാഠപുസ്തകങ്ങള്‍ പുറത്തിറക്കും. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. മുഗള്‍ ചരിത്രം, വ്യവസായ വിപ്ലവം, ഇന്ത്യാവിഭജന ചരിത്രം, മഹാത്മാജിയുടെ രക്തസാക്ഷിത്വം, പഞ്ചവത്സര പദ്ധതികള്‍, അടിയന്തിരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങള്‍, ജാതി വ്യവസ്ഥിതി തുടങ്ങിയ ഭാഗങ്ങള്‍ ആണ് ഒഴിവാക്കിയിരുന്നത്.
◾കേരളത്തില്‍ സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വ്യാജ കടലാസ് കമ്പനികളുടെ പേരിലാണു സര്‍ക്കാര്‍ കോടികളുടെ തട്ടിപ്പുകള്‍ നടത്തുന്നത്. വീണക്ക് കരിമണല്‍ കമ്പനിയില്‍നിന്ന് ലഭിച്ചതുപോലെ എത്ര കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നുമാണ് പണം ലഭിച്ചതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾താനൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയെ പോലീസ് മര്‍ദിച്ചെന്നു മൊഴി നല്‍കിയ മന്‍സൂറിനെ ഇരുപതോളം പോലീസുകാര്‍ മര്‍ദിച്ചതെന്ന് പിതാവ് അബൂബക്കര്‍. മയക്കുമരുന്നുകേസില്‍ താമിര്‍ ജിഫ്രിക്കൊപ്പം അറസ്റ്റിലായ മന്‍സൂറിന്റെ പോക്കറ്റില്‍ പൊലീസാണു ലഹരിമരുന്നു വച്ചത്. മന്‍സൂറിന്റെ ശരീരത്തിലുടനീളം മുറിവുകളുണ്ടായിരുന്നു.
◾കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നു ശമ്പളം നല്‍കും. 2,750 രൂപ ഓണം അലവന്‍സും നല്‍കും. ഇതോടെ ശനിയാഴ്ച മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. താത്കാലിക ജീവനക്കാര്‍ക്കും സ്വിഫ്റ്റിലെ കരാര്‍ ജീവനക്കാര്‍ക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നല്‍കും.
◾മദ്യം വില്‍ക്കുന്ന ബിവറേജസ് കോര്‍പറേഷനിലേയും കണ്‍സ്യൂമര്‍ ഫെഡിലേയും ജീവനക്കാര്‍ക്ക് ഓണത്തിന് 90,000 രൂപവരെ ബോണസ്. പെര്‍ഫോമന്‍സ് അലവന്‍സ് എന്ന പേരിലാണ് പണം നല്‍കന്നത്.
◾പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസില്‍ ഇ ഡിയുടെ ചോദ്യം ചെയ്യല്‍ 30 നു തുടരുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ഇ ഡി വേട്ടയാടുന്നുവെന്ന പരാതിയില്ല. അവര്‍ അവരുടെ ജോലി ചെയ്യുന്നു. കെ സുധാകരന്‍ പറഞ്ഞു.
◾ലൈഫ് പദ്ധതിപ്രകാരം വീടു പണിയാന്‍ മണ്ണ് നീക്കാനുള്ള അനുമതിക്ക് കാന്‍സര്‍ രോഗിയായ സ്ത്രീയില്‍നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പിടിയില്‍. വെള്ളനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ജി ഗോപകുമാറിനെയാണു വിജിലന്‍സ് പിടികൂടിയത്.
◾ഡീസല്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനു പിറകേ സമീപത്തെ കിണറില്‍ തീപിടിത്തം. അങ്ങാടിപ്പുറം ചീരട്ടാമല റോഡില്‍ പരിയാപുരത്ത് ബിജുവിന്റെ വീട്ടിലെ കിണറിലാണു തീ ആളിക്കത്തിയത്. മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്വിച്ചിട്ടപ്പോഴാണ് തീ ആളിക്കത്തിയത്. ഇരുപതിനായിരം ലിറ്റര്‍ ഡീസലാണ് ടാങ്കര്‍ ലോറിയിലുണ്ടായിരുന്നത്.
◾മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട് അളക്കാന്‍ പോയ സര്‍ക്കാര്‍ ആദ്യം സിപിഎമ്മിന്റേയും സിപിഎം നേതാക്കളുടേയും അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിപിഎമ്മിന്റെ അനധികൃത ഓഫീസ് നിര്‍മാണത്തിനെതിരേ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണെന്നും സതീശന്‍.
◾ടിപി കേസ് പ്രതികള്‍ വിലങ്ങില്ലാതെ ട്രെയിന്‍ യാത്ര ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കൊടി സുനിയേയും എം സി അനൂപിനേയുമാണു വിലങ്ങില്ലാതെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കണ്ണൂരിലേക്കു കൊണ്ടുപോയത്. കെ കെ രമ എംഎല്‍എയാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. യാത്രക്കിടെ പാര്‍ട്ടി അനുഭാവികളുമൊത്തു ഫോട്ടോ എടുത്തെന്നും രമ ആരോപിച്ചു.
◾മലപ്പുറം തുവ്വൂര്‍ സുജിത കൊലപാതക കേസിലെ പ്രതി വിഷ്ണുവിനെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി. സംഘടനാപരമായ കാരണങ്ങളാല്‍ കഴിഞ്ഞ മെയ് 24 ന് വിഷ്ണുവിനെ സംഘടന സ്ഥാനങ്ങളില്‍നിന്ന് നീക്കം ചെയ്തിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.
◾നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചര്‍ തകര്‍ന്ന് വീണ് രോഗിക്ക് പരിക്ക്. നെഞ്ചുവേദനയായി കൊണ്ടുവന്ന സ്ത്രീയെ അത്യാഹിത വിഭാഗത്തില്‍ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. പനവൂര്‍ മാങ്കുഴി സ്വദേശി ലാലിയ്ക്കാണ് പരിക്കേറ്റത്.
◾കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ കുത്തേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം അഞ്ചാലുംമൂട് തൃക്കരുവ സ്വദേശി അനീസ് ആണ് മരിച്ചത്. എവിടെ വച്ചാണ് കുത്തേറ്റതെന്നോ, ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ല.
◾കാഞ്ഞിരപ്പള്ളിയില്‍ കെ.എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുചക്ര വാഹന യാത്രക്കാരനായ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി ചമ്പക്കര ബേബിയുടെ മകന്‍ സ്‌കറിയാച്ച (25)നാണ് മരിച്ചത്.
◾ഏസി ഹെല്‍മറ്റുകളുമായി ഗുജറാത്തിലെ അഹമ്മദാബാദ് ട്രാഫിക് പോലീസ്. ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ധരിക്കുന്നയാള്‍ ബാറ്ററി അരയില്‍ ഘടിപ്പിക്കണം. എട്ട് മണിക്കൂറാണ് ബാറ്ററി ബാക്കപ്പ്. ഗുജറാത്ത് പോലീസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
◾ചന്ദ്രയാന്‍ 3 നെതിരെ മോശമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനിലാണു കേസ്. ചന്ദ്രയാന്‍ പുറത്തുവിട്ട ആദ്യചിത്രം എന്ന പേരില്‍ ചന്ദ്രനില്‍ ചായ അടിക്കുന്ന ഒരാളുടെ കാര്‍ട്ടൂണാണ് പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
◾മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പാചകവാതക സിലിണ്ടറുകള്‍ 500 രൂപക്കു നല്‍കും. വനിതകള്‍ക്ക് പ്രതിമാസം 1500 രൂപ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതി, 100 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നീ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
◾പബ്ജി പ്രണയ നായിക സീമ ഹൈദര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖി അയച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ഉന്നത നേതാക്കള്‍ക്കും രാഖി അയച്ചിട്ടുണ്ട്. രക്ഷാബന്ധന്‍ ഉത്സവത്തിന് മുന്നോടിയായാണു താന്‍ രാഖികള്‍ അയച്ചതെന്നു സീമ പറഞ്ഞു.
◾രക്ഷാബന്ധന്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയില്‍ രാഖി അണിയിക്കാന്‍ പാകിസ്ഥാന്‍ സഹോദരി ഖമര്‍ മൊഹ്‌സിന്‍ ഷെയ്ഖ് എത്തും. നരേന്ദ്ര മോദിയുടെ ആരാധികയാണ് പാക് സ്വദേശിയായ ഖമര്‍ മൊഹ്‌സിന്‍ ഷെയ്ഖ്. വിവാഹശേഷം അഹമ്മദാബാദിലാണ് താമസം. 30 വര്‍ഷത്തിലേറെയായി പ്രധാനമന്ത്രി മോദിയെ ഇവര്‍ രാഖി അണിയിക്കാറുണ്ട്.
◾ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയില്‍ എത്തി. ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ അഞ്ചു രാജ്യങ്ങളാണ് ബ്രിക്സിലെ അംഗങ്ങള്‍.
◾ജി 20 ഉച്ചകോടിക്കായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടുത്ത മാസം ഏഴിന് ഇന്ത്യയിലെത്തും. ഉച്ചകോടി അവസാനിക്കുന്ന പത്തു വരെ ജോ ബൈഡന്‍ ഇന്ത്യയിലുണ്ടാകും. ഉച്ചകോടി നടക്കുന്ന എട്ടു മുതല്‍ പത്തു വരെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.
◾ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്നാനന്ദ ലോകകപ്പ് ചെസ് ഫൈനലിലെ ആദ്യ ഗെയിമില്‍ മുന്‍ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ സമനിലയില്‍ തളച്ചു. 35 നീക്കങ്ങള്‍ക്ക് ശേഷമാണ് ആദ്യ ഗെയിമില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞത്. ഇന്ന് നടക്കുന്ന രണ്ടാം ഗെയിമില്‍ ജയിക്കുന്നയാള്‍ ലോകകപ്പ് സ്വന്തമാക്കും. ഇന്നത്തെ മത്സരം കൂടി സമനിലയായാല്‍ കളി ടൈബ്രേക്കറിലേക്ക് നീളും. വിശ്വനാഥന്‍ ആനന്ദിനുശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ഫൈനലില്‍ കളിക്കുന്നത്. ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട്.
◾നോഹ ലൈല്‍സ് വേഗ രാജാവ്; ഷാകാരി റിച്ചഡ്സന്‍ വേഗറാണി. ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിന്റെ 100 മീറ്ററില്‍ ചാംപ്യനായതോടെയാണ് യുഎസിന്റെ നോഹ ലൈല്‍സ് ലോകത്തിലെ വേഗമേറിയ പുരുഷ താരമായത്. ബോട്സ്വാനയുടെ ലെറ്റ്സീലി ടെബോഗോ വെള്ളി നേടിയപ്പോള്‍ ബ്രിട്ടന്റെ ഷാര്‍നെല്‍ ഹ്യൂസ് മൂന്നാമതെത്തി. അമേരിക്കയുടെ തന്നെ ഷാകാരി റിച്ചഡ്സന്‍ ചാമ്പ്യന്‍ഷിപ് റോക്കോര്‍ഡോഡെയാണ് വേഗറാണിയായത്. ജമൈക്കയുടെ ഷെരിക ജാക്സന്‍ വെള്ളിയും മുന്‍ ജേതാവ് ഷെല്ലി ആന്‍ഫ്രേസര്‍ വെങ്കലവും നേടി.
◾ഔപചാരിക മേഖലകളിലെ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതോടെ ജൂണില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് ആദ്യമായി ചേര്‍ന്നവരുടെ എണ്ണം 1.10 ദശലക്ഷമായി ഉയര്‍ന്നു. 2022 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മെയ് മാസത്തില്‍ 0.92 ദശലക്ഷം തൊഴിലാളികളാണ് ആദ്യമായി ഇപിഎഫില്‍ ചേര്‍ന്നത്. മൊത്തം പണമടയ്ക്കല്‍ 2022 ഓഗസ്റ്റ് മുതല്‍ കഴിഞ്ഞ പതിനൊന്ന് മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയായി. 0.28 ദശലക്ഷം വനിതാ അംഗങ്ങള്‍ പുതുതായി ഇപിഎഫ്ഒയില്‍ ചേര്‍ന്നു. സംഘടിത തൊഴില്‍ മേഖലയില്‍ ചേരുന്ന പുതിയ വനിതാ അംഗങ്ങളുടെ കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കൂടാതെ, ഈ മാസത്തെ മൊത്തം സ്ത്രീ അംഗങ്ങളുടെ എണ്ണം ഏകദേശം 0.39 ദശലക്ഷമാണ്, ഇത് 2022 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്നതാണ്. മൊത്തത്തില്‍, 2023 ജൂണ്‍ മാസത്തില്‍ ഇപിഎഫ്ഒ 1.78 ദശലക്ഷം നെറ്റ് അംഗങ്ങളെ ചേര്‍ത്തു. ഏകദേശം 1.26 ദശലക്ഷം അംഗങ്ങള്‍ പുറത്ത് പോയെങ്കിലും വീണ്ടും അവര്‍ ഇപിഎഫ്ഒയില്‍ ചേര്‍ന്നതായി ഡാറ്റ സൂചിപ്പിക്കുന്നു. പുതുതായി ചേര്‍ന്ന അംഗങ്ങളില്‍, 57.87 ശതമാനവും 18-25 വയസ്സ് പ്രായമുള്ളവരാണ്.
◾പ്രദര്‍ശനം തുടരുന്ന നടി ഉര്‍വശി പ്രധാന വേഷത്തിലെത്തിയ ചിത്രം 'ജലധാര പമ്പ്സെറ്റ് സിന്‍സ് 1962' ലെ വീഡിയോ ഗാനം പുറത്തുവിട്ടു. ആഷിഷ് ചിന്നപ്പയാണ് ചിത്രത്തിന്റെ സംവിധാനം. ഇന്ദ്രന്‍സും നിര്‍ണായക വേഷത്തിലെത്തുന്നു. ഈ 'മഴമുകിലോ'യെന്ന ഗാനമാണ് പുറത്തുവിട്ടത്. കൈലാസിന്റെ സംഗീതത്തില്‍ ഹരിനാരായണന്റെ വരികള്‍ കെ എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്. ആക്ഷേപഹാസ്യ ഗണത്തില്‍ പെടുന്ന ഒരു ചിത്രമാണ് 'ജലധാര പമ്പ്സെറ്റ് സിന്‍സ് 1962'. പ്രജിന്‍ എം പിയും ആഷിഷുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രതിന്‍ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാഗര്‍, ജോണി ആന്റണി, ടി ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, വിഷ്ണു ഗോവിന്ദന്‍, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കര്‍മ്മ തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു.
◾നിരഞ്ജ് രാജു, എ.വി.അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന 'അച്ഛനൊരു വാഴ വച്ചു' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സിതാര കൃഷ്ണകുമാര്‍ ആണ് ഗാനം ആലപിച്ചത്. കെ.ജയകുമാറിന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണമൊരുക്കി. ഹോളി ആഘോഷത്തിന്റെ രസക്കാഴ്ചകളാണ് പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ 'ഈ തെരുവിലെ പറവകള്‍' എന്ന ഗാനവും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചത്. ഓണത്തോടനുബന്ധിച്ച് ഇ4 എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. മുകേഷ്, ജോണി ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, അപ്പാനി ശരത്, ഭഗത് മാനുവല്‍, സോഹന്‍ സീനു ലാല്‍, ഫുക്രു, അശ്വിന്‍ മാത്യു, ലെന, മീര നായര്‍, ദീപ ജോസഫ്, കുളപ്പുള്ളി ലീല എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. മനു ഗോപാല്‍ ആണ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ജയകുമാറിനെ കൂടാതെ സുഹൈല്‍ കോയ, മനു മഞ്ജിത്ത്, സിജു തുറവൂര്‍ എന്നിവരും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്.
◾മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയുടെ യാത്രകള്‍ക്ക് കൂട്ടായി കിയ സോണറ്റ്. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയില്‍ നിന്ന് സോണറ്റിന്റെ 1.2 ലീറ്റര്‍ പെട്രോള്‍ എച്ച്ടികെ പ്ലസ് വകഭേദമാണ് ഗായിക സ്വന്തമാക്കിയത്. ഏകദേശം 9.46 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. മൂന്ന് എന്‍ജിന്‍ ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 117 ബി എച്ച്പി കരുത്തും 172 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. ഇരട്ട ക്ലച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ എന്‍ജിനു കൂട്ട്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ സൃഷ്ടിക്കുക 81 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കുമാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗീയര്‍ബോക്സാണു ട്രാന്‍സ്മിഷന്‍. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാവട്ടെ 113 ബിഎച്ച്പി വരെ കരുത്തും 250 എന്‍എം ടോര്‍ക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗീയര്‍ബോക്സാണ് ഈ എന്‍ജിനൊപ്പമുള്ള ട്രാന്‍സ്മിഷന്‍.
◾മലയാള സിനിമയുടെ ദിശാമാറ്റത്തിന് അഭിനയവഴികള്‍ തീര്‍ത്ത വലിയ നടീനടന്മാരുടെ ഗ്രാമീണമുഖങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകം. ഗ്ലാമറിന്റെ എതിര്‍ദിശയില്‍ സഞ്ചരിച്ച് മലയാളികളുടെ ഹൃദയം കവര്‍ന്നവരുടെ അറിയപ്പെടാത്ത കഥകള്‍. ജനകീയ ചലച്ചിത്രകാരനായ സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മകള്‍, മനോഹരമായ ഒരു കുടുംബചിത്രം പോലെ വായനക്കാരെ ആകര്‍ഷിക്കും. ഭരത് ഗോപി, ശ്രീനിവാസന്‍, തിലകന്‍, നെടുമുടി വേണു, ഇന്നസെന്റ്, ശങ്കരാടി, കുതിരവട്ടം പപ്പു, കെ.പി.എ.സി. ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ബഹുദൂര്‍, മാമുക്കോയ, കൃഷ്ണന്‍കുട്ടിനായര്‍, ഫിലോമിന, മീന, പറവൂര്‍ ഭരതന്‍, ബോബി കൊട്ടാരക്കര. 'സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍'. നാലാം പതിപ്പ്. താഹ മാടായി. മാതൃഭൂമി ബുക്സ്. വില 204 രൂപ.
◾ജീവിത ശൈലിയാണ് ഒരു പരിധിവരെ കാന്‍സര്‍ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീന്‍, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാന്‍സര്‍ വരാനുള്ള സാധ്യതയെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ക്യാന്‍സര്‍ പല അവയവങ്ങളിലെയും ബാധിക്കാം. അതില്‍ പ്രധാനമായും പലരിലും ഇപ്പോള്‍ കണ്ടുവരുന്ന ഒന്നാണ് കുടലിലെ ക്യാന്‍സര്‍. വന്‍കുടലിലോ മലാശയത്തിലോ പോളിപ്പുകള്‍ ( ചെറിയ മുഴകള്‍) പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം. ബദാം, വാള്‍നട്ട്, ഹേസല്‍ നട്ട്, പെക്കണ്‍, അണ്ടിപ്പരിപ്പ് എന്നിവ കഴിച്ചാല്‍ കുടലിലെ അര്‍ബുദം വരാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. കുടലിലെ അര്‍ബുദം ബാധിച്ച 862 പേരില്‍ അരവര്‍ഷക്കാലം നീണ്ട പഠനം നടത്തി. ആഴ്ചയില്‍ ഒന്നോ രണ്ടോ ഔണ്‍സ് നട്സ് കഴിച്ചവരില്‍ 42 ശതമാനം പേര്‍ക്ക് രോഗം കുറഞ്ഞതായും 57 ശതമാനം പേര്‍ക്ക് രോഗം മാറിയതായും കണ്ടു. കോളോനോസ്‌കോപ്പി എന്ന പരിശോധന നടത്തിയാല്‍ അര്‍ബുദമാകും മുമ്പു തന്നെ ഇവയെ നീക്കം ചെയ്യാന്‍ സാധിക്കും. ജീവിതശൈലി, ഭക്ഷണം ഇവ നിയന്ത്രിച്ചാല്‍ ഒരു പരിധി വരെ ക്യാന്‍സര്‍ അഥവാ അര്‍ബുദം വരാതെ തടയാം. കുടലിലെ ക്യാന്‍സര്‍ ബാധിച്ചവരില്‍ ശസ്ത്രക്രിയയ്ക്കും കീമോതെറാപ്പിക്കും ശേഷം നട്സ് പതിവായി കഴിച്ചാല്‍ അര്‍ബുദം വീണ്ടും വരാനുള്ള സാധ്യത കുറവാണെന്ന് യേല്‍ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
രാത്രി അയാളുടെ നായ നിര്‍ത്താതെ കുരക്കാന്‍ തുടങ്ങി. ഇത് കേട്ട് സമീപത്തെ നായകളെല്ലാം കുരക്കാന്‍ ആരംഭിച്ചു. കുറച്ച് നേരം കൊണ്ട് തന്നെ ആ പരിസരത്തെ എല്ലാ നായ്ക്കളും കുരയ്ക്കാന്‍ തുടങ്ങി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മറ്റെല്ലാ നായ്ക്കളും കുര അവസാനിപ്പിച്ചു. പക്ഷേ, അയാളുടെ നായ മാത്രം അപ്പോഴും കുരച്ചുകൊണ്ടിരുന്നു. ദേഷ്യം വന്ന അയാള്‍ നായയുടെ അടുത്തേക്ക് ചെന്ന് അതിനെ തല്ലാന്‍ തുടങ്ങി. മറ്റെല്ലാവരും കുര നിര്‍ത്തിയല്ലോ.. നിനക്ക് മാത്രം നിര്‍ത്താറായില്ലേ.. അപ്പോഴാണ് നായയുടെ നോട്ടംകണ്ട സ്ഥലത്തേക്ക് അയാള്‍ നോക്കിയത്. അവിടെ ഒരു കള്ളന്‍ നിന്നിരുന്നു. അയാള്‍ അയല്‍ക്കാരെ വിളിച്ച് ആ കള്ളനെ പിടിച്ചു. മറ്റു നായ്ക്കളെല്ലാം തന്റെ നായ കുരക്കുന്നത് കേട്ടാണ് കുരച്ചത്. പക്ഷേ, തന്റെ നായ കുരച്ചത് തന്റെ വീട്ടില്‍ കയറിയ കള്ളനെ കണ്ടായിരുന്നു. അയാള്‍ക്ക് കുറ്റബോധം തോന്നി.. നേരിട്ടനുഭവിച്ചവര്‍ മാത്രമേ മുന്നിട്ടിറങ്ങൂ.. കേട്ടറിവിന്റെ പേരില്‍ പ്രതികരിക്കുന്നവരെല്ലാം പ്രാരംഭ പ്രകടനങ്ങള്‍ നടത്തിയതിന് ശേഷം പിന്‍വലിയും. അനീതി അനുഭവിച്ചവന്റെയത്രയും സമരവീര്യം അനുയായികള്‍ക്കുണ്ടാകണമെന്നില്ല. അനുഭവിച്ചവരെല്ലാം അവര്‍ക്ക് മനസ്സിലാകുന്ന ചില കാരണങ്ങളുടെ അടിത്തറയിലാണ് നില്‍ക്കുന്നത്. കൂടെ നില്‍ക്കുന്ന ആര്‍ക്കും അത്തരം വികാരങ്ങള്‍ ഉണ്ടാകണമെന്നില്ല. സ്വയം പ്രേരണയിലല്ലാതെ തുടങ്ങുന്ന ഒരു കര്‍മ്മവും ലക്ഷ്യത്തില്‍ അവസാനിക്കില്ല. തന്റേതായ കാരണം കണ്ടെത്തി ഇറങ്ങുന്നവര്‍ തനിച്ചായാലും തന്റേടത്തോടെ നിലനില്‍ക്കും. അനുഭവമാണ് അടിത്തറ - ശുഭദിനം.
➖➖➖➖➖➖➖➖