◾വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ വില കൊടുത്തു വൈദ്യുതി വാങ്ങണോ, ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണോയെന്നു മുഖ്യമന്ത്രി തീരുമാനിക്കും. വെള്ളിയാഴ്ച മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. വൈദ്യുതി ബോര്‍ഡിലേയും വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് ഇങ്ങനെ തീരുമാനമെടുത്തത്.
◾കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ചെലവുകള്‍ കര്‍ശനമായി ചുരുക്കണമെന്നു ധനവകുപ്പ്. സെമിനാറുകള്‍, ശില്‍പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവ ചെലവു കുറഞ്ഞ സ്ഥലങ്ങളില്‍ നടത്തണം. പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ നടത്തിയാലും ധൂര്‍ത്ത് കണ്ടെത്തിയാലും ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍നിന്ന് പലിശ സഹിതം പണം തിരിച്ചു പിടിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
◾കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും പൂര്‍ണമായും ഉടനേ കൊടുക്കണമെന്ന് ഹൈക്കോടതി. ശമ്പളവിതരണത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് കോടതി ചോദിച്ചു. ശമ്പളം നല്‍കണമെന്ന് എപ്പോഴും ഓര്‍മിപ്പിക്കേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു.
◾സംസ്ഥാനത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആയുഷ് ലോഞ്ചുകള്‍ സ്ഥാപിക്കുന്നു. എല്ലാ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകള്‍ തുടങ്ങും. ആയുഷ് മേഖലയില്‍ 177.5 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചെന്നു മന്ത്രി വീണ ജോര്‍ജ്.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിക്കെതിരേ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ നികുതി വെട്ടിപ്പ് പരാതി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നികുതി വകുപ്പു സെക്രട്ടറിക്കു കൈമാറി. ജിഎസ്ടി കമ്മീഷണറേറ്റ് പരാതി പരിശോധിച്ച് നടപടിയെടുക്കും. കൊച്ചിന്‍ മിനറല്‍സ് വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കു നല്‍കിയ 1.72 കോടി രൂപയ്ക്ക് ഐജിഎസ്ടി അടച്ചിട്ടുണ്ടോയെന്നാണു മാത്യു കുഴല്‍നാടന്‍ പരാതില്‍ ചോദിച്ചിരുന്നത്.
◾കേരളത്തില്‍ 'വീണ സര്‍വീസ് ടാക്സ്' ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും കേരളത്തില്‍ വികസന പദ്ധതികള്‍ തുടങ്ങാന്‍ പിണറായി വിജയന്റെ കുടുംബത്തിന് കമ്മീഷന്‍ നല്‍കേണ്ട അവസ്ഥയാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അഴിമതി, പ്രീണനം, കുടുംബാധിപത്യം എന്നിവയില്‍ യുഡിഎഫും എല്‍ഡിഎഫും ഒരുപോലെയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾അറിവുകള്‍ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് 68 പേര്‍ക്കു വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആദ്യവര്‍ഷം പ്രതിമാസം 50,000 രൂപ വീതവും രണ്ടാം വര്‍ഷം പ്രതിമാസം ഒരു ലക്ഷം രൂപ വീതവുമാണ് ലഭിക്കുക. ഇതിനു പുറമേ കണ്ടിജന്‍സി ഫണ്ടായി ഒരു വര്‍ഷം രണ്ടു ലക്ഷം രൂപയും ലഭിക്കും.
◾പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് എന്റഫോഴ്സ്മെന്റിനു മുന്നില്‍ ചോദ്യംചെയ്യലിനു ഹാജരാകും. ഇന്ന് രാവിലെ പത്തിനു കൊച്ചി ഇ ഡി ഓഫിസില്‍ ഹാജരാകണമെന്നാണു നിര്‍ദേശം.
◾ചന്ദ്രയാന്‍-മൂന്ന് നാളെ ചന്ദ്രനില്‍ ഇറങ്ങുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് വൈകുന്നേരം അഞ്ചു മുതല്‍ രാത്രി പത്തു വരെയാണ് സംപ്രേക്ഷണം. 6.04 ന് ലൂണാര്‍ ലാന്‍ഡിംഗിന്റെ ദൃശ്യങ്ങള്‍ വലിയ സ്‌ക്രീനില്‍ കാണാം.
◾ഉത്തര്‍പ്രദേശ് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്നയും മന്ത്രി കെഎന്‍ ബാലഗോപാലും തമ്മില്‍ തിരുവനന്തപുരത്തു ധനമന്ത്രിയുടെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തി. സാമ്പത്തിക മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് ബാലഗോപാല്‍ അറിയിച്ചു.
◾പരീക്ഷാത്തട്ടിപ്പു നടന്ന വിഎസ്എസ് സി പരീക്ഷകള്‍ റദ്ദാക്കി. ടെക്നീഷ്യന്‍ ബി, ഡ്രൗട്ട്സ്മാന്‍ ബി, റേഡിയോഗ്രാഫര്‍ എ എന്നീ പരീക്ഷകളാണു റദ്ദാക്കിയത്. പുതിയ പരീക്ഷാ തീയതി പിന്നീട് വെബ് സൈറ്റിലൂടെ അറിയിക്കും.
◾ഓണനാളുകള്‍ അടുത്തെങ്കിലും പച്ചക്കറികള്‍ക്കു വന്‍ വിലവര്‍ധനയില്ല. വരും നാളുകളില്‍ മിക്കയിനങ്ങള്‍ക്കും വില വര്‍ധിച്ചേക്കും. ഇന്നലെ തൃശൂര്‍ ശക്തന്‍നഗര്‍ പച്ചക്കറി മാര്‍ക്കറ്റിലെ വിലനിലവാരം: നേന്ത്രക്കായ 50, പയര്‍ 25 - 40, തക്കാളി, കയ്പക്ക, കാരറ്റ്, മുരിങ്ങ, കാബേജ്, ബീന്‍സ്, നെല്ലിക്ക, പടവലം - 40, സവാള 35, കൊത്തമര 25, ചെറുനാരങ്ങ, പച്ചമുളക് - 60, മത്തന്‍, ഇളവന്‍, വെള്ളരി - 20, കുകുംബര്‍ 20. പ്രാദേശിക വിപണികളില്‍ ഇതിനേക്കാള്‍ പത്തു രൂപയുടെ വര്‍ധനയെങ്കിലും ഉണ്ടാകും.
◾നേര്യമംഗലം ബസ് അപകടക്കേസിലെ പ്രതികളുടെ ശിക്ഷ സുപ്രീംകോടതി വെട്ടിക്കുറച്ചു. പ്രതികളായ ബസ് ഡ്രൈവര്‍ മാര്‍ട്ടിന്‍ എന്ന ജിനു സെബ്യാസ്റ്റന്‍, ബസ് ഉടമ അനില്‍ സെബാസ്റ്റിയന്‍ എന്നിവരുടെ അഞ്ചു വര്‍ഷത്തെ കഠിന തടവു ശിക്ഷയാണ് കുറച്ചത്. മാര്‍ട്ടിന്റെ ശിക്ഷ ഒരു വര്‍ഷമാക്കിയതിനാല്‍ രണ്ടു മാസം കഴിഞ്ഞാല്‍ ജയില്‍ മോചിതനാകും. നാലു മാസം ജയിലില്‍ കഴിഞ്ഞ രണ്ടാം പ്രതി അനില്‍ ഏഴര ലക്ഷം രൂപ പിഴയച്ചാല്‍ മോചിപ്പിക്കാമെന്നാണു കോടതി നിര്‍ദ്ദേശം. പണം അപകടത്തില്‍ മരിച്ച അഞ്ചു പേരുടെ കുടുംബങ്ങള്‍ക്കു നല്‍കണം.
◾ആലപ്പുഴ റെയില്‍വെ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്റര്‍ കെ എസ് ബിനോദിനെ സസ്പെന്റ് ചെയ്തു. മൂന്ന് ട്രാക്കിലും ഒരേസമയം ട്രെയിനുകള്‍ നിര്‍ത്തിയിട്ടതിനാല്‍ ട്രെയിനുകള്‍ വൈകിയതിന്റെ പേരിലാണു നടപടി.
◾മലപ്പുറം തുവ്വൂരില്‍ യുവാവിന്റെ വീട്ടുപറമ്പില്‍ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍. വിഷ്ണു എന്ന യുവാവിന്റെ വീട്ടുവളപ്പിലെ മാലിന്യക്കുഴിക്കു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഒരു മാസം മുമ്പു കാണാതായ സുജിത എന്ന സ്ത്രീയുടേതാണോയെന്ന് കരുവാരക്കുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
◾മഫ്ടിയില്‍ എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. ആലപ്പുഴ സൗത്തിലെ കോണ്‍സ്റ്റബിളായ അമ്പലപ്പുഴ വടക്ക് എട്ടാം വാര്‍ഡില്‍ തുരുത്തിച്ചിറ വീട്ടില്‍ എബിനെ(35)തിരെയാണ് കേസെടുത്തത്.
◾ഇടുക്കി മറയൂരില്‍ മോഷണകേസിലെ പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു. തമിഴ്നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകനാണ് രക്ഷപ്പെട്ടത്. ദിണ്ടുക്കല്‍ - കൊടൈറോഡില്‍ വെച്ച് മൂത്രമൊഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങി എസ്ഐയെ ആക്രമിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്.
◾വൈദ്യുതി ലൈനിനോട് ചേര്‍ന്നുള്ള വാഴക്കൈ മുറിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസ് കാമ്പസിലെ മരത്തൈകള്‍ വെട്ടി നശിപ്പിച്ച കര്‍ഷകനെ അറസ്റ്റു ചെയ്തു. അയ്മനം കെഎസ്ഇബി ഓഫീസിനു മുന്നില്‍ നിന്ന മൂന്ന് മാവിന്‍ തൈകളും ഒരു പ്ലാവിന്‍ തൈയും വെട്ടിക്കളഞ്ഞ കരിപ്പൂത്തട്ട് സ്വദേശി സേവ്യര്‍ ആണു പിടിയിലായത്.
◾കേസ് അന്വേഷണത്തിനു പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഹൃദ്രോഗിയെ പത്തനംതിട്ട എസ്‌ഐ അനൂപ് ചന്ദ്രന്‍ മര്‍ദ്ദിച്ചെന്ന് പരാതി. മേലേവെട്ടിപ്പുറം സ്വദേശി അയൂബ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾മോഷ്ടാവിന്റേതാണെന്ന വ്യാജേന നിരപരാധിയുടെ ചിത്രം പ്രചരിപ്പിച്ച പൊലീസ് നടപടിക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.
◾തിരുവല്ലയില്‍ ഗര്‍ഭിണിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ശ്യാംകുമാറാണ് അറസ്റ്റിലായത്.
◾സംസ്ഥാനത്ത് ട്രെയിനുകള്‍ക്കു നേരെ രണ്ടിടത്തു കല്ലേറ്. രാജധാനി എക്സ്പ്രസിനു നേരെ കാഞ്ഞങ്ങാട്ടും വന്ദേ ഭാരത് എക്‌സ്പ്രസിനുനേരെ പരപ്പനങ്ങാടിക്കുത്തുമാണു കല്ലേറുണ്ടായത്.
◾ക്ഷേത്രത്തിനടുത്ത് ക്രിസ്ത്യന്‍ പള്ളി പണിയുന്നതിനെതിരായ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. തൂത്തുക്കുടിയില്‍ ഊര്‍കാത്ത സ്വാമി ക്ഷേത്രത്തിനടുത്ത് ക്രിസ്ത്യന്‍ പള്ളി പണിയുന്നതിനെതിരേയാണ് ഹര്‍ജി എത്തിയത്. മദസൗഹാര്‍ദം വളര്‍ത്താനാണ് ഇത്തരം അവസരങ്ങള്‍ വിനിയോഗിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
◾ജി 20 രാജ്യങ്ങളുടെ പകര്‍ച്ചവ്യാധി നിയന്ത്രണ ഫണ്ട് ഇന്ത്യയില്‍ മൃഗാരോഗ്യ സുരക്ഷയ്ക്കായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പിന് 250 ലക്ഷം ഡോളര്‍ അനുവദിച്ചു.
◾അപകീര്‍ത്തി കേസില്‍ മജിസ്ട്രറ്റ് കോടതി വിധി റദ്ദാക്കണമെന്ന് അവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സൂററ്റ് സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി ശനിയാഴ്ച പരിഗണിക്കും. ഇന്നലെ പരിഗണിക്കാനിരുന്ന കേസ് മാറ്റിവയ്ക്കുകയായിരുന്നു. മജിസ്ട്രേറ്റ് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കേയാണ് അപ്പീലുമായി രാഹുല്‍ സെഷന്‍സ് കോടതിയില്‍ എത്തിയത്.
◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഡല്‍ഹി വനിതാ ശിശു വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പ്രമോദ് അറസ്റ്റില്‍. ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി പീഡനം മൂടിവയ്ക്കാന്‍ ശ്രമിച്ചതിന് പ്രമോദിന്റെ ഭാര്യ സീമാ റാണിയെയും അറസ്റ്റു ചെയ്തു.
◾തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എല്ലാ സീറ്റിലേക്കും ഭരണകക്ഷിയായ ഭാരത് രാഷ്ട്രസമിതി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 119 മണ്ഡലങ്ങളിലേക്കാണു സ്ഥാനാര്‍ത്ഥകളെ പ്രഖ്യാപിച്ചത്.
◾ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍ മുന്‍പ്രധാനമന്ത്രി വാജ്പേയിയുടെ പേരിലുള്ള പാര്‍ക്കിന്റെ പേരു മാറ്റി പഴയ കോക്കനട്ട് പാര്‍ക്ക് എന്ന പേരു പുനസ്ഥാപിച്ചു. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ സര്‍ക്കാരാണ് പേരു മാറ്റിയത്.
◾ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാര്‍ത്താ സമ്മേളനത്തിനിടയിലേക്ക് പാമ്പ്. സുരക്ഷാ ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നവരും പരിഭ്രാന്തരായി. അവര്‍ പാമ്പിനെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി വിലക്കി.
◾ബാങ്ക് മാനേജര്‍ ബാങ്കിനുള്ളില്‍ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ കുമരം ഭീം ആസിഫബാദ് ജില്ലയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാങ്കിടി മണ്ഡല്‍ ശാഖാ മാനേജരായിരുന്ന ബാനോത്ത് സുരേഷ് (35) ആണ് മരിച്ചത്. ജോലി സംബന്ധമായ സമ്മര്‍ദം കാരണമാണ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
◾കൊവിഡ് കാലത്ത് തകര്‍ന്ന ബിസിനസുകളെ പുനരുജ്ജീവിപ്പിക്കാനുള്ള കൊവിഡ് റിലീഫ് ഫണ്ടില്‍നിന്നു മൂന്നു കോടി രൂപ തട്ടിയെടുത്ത മിയാമിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ക്കു മൂന്നര വര്‍ഷം തടവുശിക്ഷ. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര അപാര്‍ട്മെന്റ് സ്വന്തമാക്കുകയും പ്ലാസ്റ്റിക് സര്‍ജറി നടത്തുകയും ചെയ്തെന്നാണു കണ്ടെത്തല്‍.
◾ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ് ലോകകപ്പിന്റെ ഫൈനലില്‍. അമേരിക്കയുടെ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ മറികടന്നാണ് 29-ാം റാങ്കുകാരനായ പ്രജ്ഞാനന്ദയുടെ വിജയം. നോര്‍വെയുടെ ഇതിഹാസ താരം മാഗ്നസ് കാള്‍സനാണ് പതിനെട്ടുകാരനായ പ്രജ്ഞാനന്ദയുടെ ഫൈനലിലെ എതിരാളി.
◾ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഹര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. കെ.എല്‍.രാഹുലും ശ്രേയസ് അയ്യരും ടീമില്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണ്‍ റിസര്‍വ് ബെഞ്ചില്‍.
◾അദാനി ഗ്രൂപ്പ് കമ്പനികളുടെ ജൂണ്‍ പാദത്തിലെ സംയുക്ത അറ്റാദായത്തില്‍ 70% വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ ഗ്രൂപ്പിന്റെ സംയോജിത ലാഭം 12,854 കോടി രൂപയിലേക്ക് ഉയര്‍ന്നു. തുറമുഖങ്ങള്‍, പവര്‍, ഗ്രീന്‍ എനര്‍ജി ബിസിനസുകള്‍ എന്നിവയിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. ത്രൈമാസത്തില്‍ മൊത്തത്തിലുള്ള വില്‍പനയില്‍ ഇടിവുണ്ടായെങ്കിലും ശക്തമായ പ്രകടനം ഗ്രൂപ്പിന്റെ അറ്റാദായം വര്‍ധിപ്പിക്കാന്‍ സഹായിച്ചു. ഗ്രൂപ്പിന്റെ പലിശ, നികുതി, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം ഏകദേശം 42% ഉയര്‍ന്ന് 20,980 കോടി രൂപയായി. കമ്പനികളുടെ വില്‍പ്പന ഏകദേശം ഏഴാം തവണ ഇടിവോടെ 69,911 കോടി രൂപ രേഖപ്പെടുത്തി. അതേസമയം എ.സി.സിയും അംബുജ സിമന്റ്സും ഉള്‍പ്പെടെയുള്ള ഗ്രൂപ്പിന്റെ സിമന്റ് കമ്പനികളുടെ പ്രകടനം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാരണം അവയുടെ ലയനം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പൂര്‍ത്തിയായത്. ഗ്രൂപ്പ് കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം അദാനി എന്റര്‍പ്രൈസസ് നേടിയപ്പോള്‍, ലാഭത്തിന്റെ കാര്യത്തില്‍ 83% വാര്‍ഷിക വളര്‍ച്ചയോടെ മുന്നില്‍ അദാനി പവറാണുള്ളത്.
◾അനുഷ്‌ക ഷെട്ടിയുടെ വന്‍ തിരിച്ചുവരവ് ചിത്രമാകുമെന്ന് പ്രതീക്ഷയുള്ളതാണ് 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'. മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'യെന്ന ചിത്രം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതും അതിനാലാണ്. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'യുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. അനുഷ്‌ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം പലതവണ റിലീസ് മാറ്റിവെച്ചതായിരുന്നു എന്നാല്‍ അനുഷ്‌ക ഷെട്ടിക്കും പ്രതീക്ഷയുള്ള ചിത്രം സെപ്തംബര്‍ ഏഴിന് റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ അറിയിച്ചത്. ചിത്രത്തില്‍ നവീന്‍ പൊലിഷെട്ടിയാണ് നായകന്‍. അനുഷ്‌ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' യുവി ക്രിയേഷന്‍സാണ് നിര്‍മിക്കുന്നത്. അനുഷ്‌ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'നിശബ്ദം' ആണ്.
◾മലയാളികളുടെ പ്രിയ സംവിധായകന്‍ രാജസേനന്‍ വീണ്ടും ഗായകന്റെ റോളില്‍. ഓണപ്പാട്ടുമായിട്ടാണ് ഇത്തവണ രാജസേനന്‍ എത്തിയിരിക്കുന്നത്. 'ചിങ്ങക്കിളീ ചെല്ലക്കിളീ..' എന്ന ഗാനം രാജസേനന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. രചനയുടെയും സംഗീതത്തിന്റെയും ലാളിത്യം കൊണ്ട് പാട്ട് ശ്രദ്ധേയമാകുകയാണ്. ജോസ് മോത്തയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് കെ എസ് മധുകുമാര്‍ ആണ്. ഷൈജു രാജന്‍ ആണ് നിര്‍മാണം. പ്രോഗ്രാമിങ് സംഗീത് കൊയിപാട്.സ്റ്റുഡിയോ തരംഗ് ഡിജിറ്റല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. മ്യൂസിക് ബാങ്ക് യൂട്യൂബ് ചാനലിലൂടെ ഈ ഓണപ്പാട്ട് ആസ്വദിക്കാനാകും. അതേസമയം, 'ഞാന്‍ പിന്നെയൊരു ഞാനും' എന്ന സിനിമയാണ് രാജസേനന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. അഞ്ച് വര്‍ഷത്തിന് ശേഷം രാജസേനന്‍ ഒരുക്കിയ ചിത്രം കൂടി ആയിരുന്നു ഇത്. തുളസീധര കൈമള്‍ എന്ന കഥാപാത്രത്തെയും രാജസേനന്‍ അവതരിപ്പിച്ചു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്ത്രീയുടെ വേഷവിധാനത്തില്‍ രാജസേനന്‍ തിയറ്ററുകളില്‍ എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു.
◾ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി സൂപ്പര്‍താര ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ 5.0 ലിറ്റര്‍ വി8 ആഡംബര വാഹനമാണ് ഇവര്‍ സ്വന്തം ഗാരിജിലെത്തിച്ചിരിക്കുന്നത്. ലംബോര്‍ഗിനി ഉറുസും റേഞ്ച് റോവറും ബിഎംഡബ്ല്യു 740ഐയും നേരത്തെ ഫഹദ്- നസ്രിയ ദമ്പതികള്‍ സ്വന്തമാക്കിയിരുന്നു. ഏതാണ്ട് 2.11 കോടി രൂപയാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 5.0 ലീറ്റര്‍ പെട്രോള്‍ വി8ന്റെ വില. 5 ഡോര്‍ 3 ഡോര്‍ ബോഡി സ്‌റ്റൈലില്‍ ഇറങ്ങുന്ന ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡറിന്റെ 3 ഡോര്‍ പതിപ്പാണ് ഫഹദും നസ്രിയയും വാങ്ങിയിരിക്കുന്നത്. 14.01 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 4997 സിസിയുള്ള വാഹനത്തിന് 4000 ആര്‍.പി.എമ്മില്‍ 296.36ബിഎച്പി കരുത്തും 1500-2500 ആര്‍.പി.എമ്മില്‍ 650എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. നൂറുകിലോമീറ്റര്‍ വേഗതയിലേക്കു കുതിക്കാന്‍ ഡിഫന്‍ഡറിന് എട്ടു സെക്കന്‍ഡ് മതി. പരമാവധി വേഗം 191 കി.മീ.
◾പലരൂപിയായ മുതലിന്റെ വിപുലവും വിചിത്രവുമായ ചരിത്ര വര്‍ത്തമാനങ്ങള്‍ കഥയെഴുത്തിന്റെ സര്‍വ്വതന്ത്രസ്വാതന്ത്ര്യത്തോടെ നെയ്തെടുത്തിരിക്കുന്ന വിസ്മയകരമായ നോവല്‍. കരിക്കോട്ടക്കരി, പുറ്റ് എന്നിവയ്ക്കുശേഷം മുതല്‍. 'മുതല്‍'. വിനോയ് തോമസ്. ഡിസി ബുക്സ്. വില 399 രൂപ.
◾രക്തം കട്ടപിടിക്കാന്‍ മുതല്‍ മുറിവുകള്‍ ഉണങ്ങുന്നതിനു വരെ ശരീരത്തിന് ആവശ്യമായ ഒരു കൂട്ടം വൈറ്റമിനുകളാണ് കെ വൈറ്റമിനുകള്‍. എല്ലുകളെ ആരോഗ്യമുള്ളതാക്കാനും ഇത് സഹായിക്കുന്നു. വൈറ്റമിന്‍ കെയുടെ അഭാവവും ശ്വാസകോശത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് കോപ്പന്‍ ഹേഗന്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെയും കോപ്പന്‍ ഹേഗന്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടു. 24 നും 77 നും ഇടയില്‍ പ്രായമുള്ള നാലായിരം പേരിലാണ് പഠനം നടത്തിയത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അളക്കുന്ന സ്പൈറോമെട്രി പരിശോധന നടത്തി. ശക്തമായി ഒരുതവണ ശ്വസിക്കുമ്പോള്‍ എത്രമാത്രം വായു ഉച്ഛ്വസിക്കാന്‍ സാധിക്കുന്നുവെന്ന് അളന്നു. പഠനത്തില്‍ പങ്കെടുത്തവരുെട ആരോഗ്യവിവരങ്ങളും ജീവിതശൈലിയും ചോദ്യാവലിയിലൂടെ മനസ്സിലാക്കി. ഇആര്‍ജെ ഓപ്പണ്‍ റിസര്‍ച്ച് എന്ന ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചു. വൈറ്റമിന്‍ കെയുടെ അളവ് കുറയുന്നത് അനുസരിച്ച് ലങ് കപ്പാസിറ്റി കുറവാണെന്നു പഠനത്തില്‍ കണ്ടു. വൈറ്റമിന്‍ കെ കുറവുള്ളവര്‍ക്ക് ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസും ആസ്മയും ശ്വാസംമുട്ടലും ഉണ്ടാകുമെന്നും പഠനം പറയുന്നു. വൈറ്റമിന്‍ കെ യുടെ അഭാവം സൂചിപ്പിക്കുന്ന ലക്ഷണങ്ങളെ അവഗണിക്കരുത്. ചെറുതായി മുറിയുകയോ മുറിവ് ഉണ്ടാകുകയോ ചെയ്യുമ്പോള്‍ കൂടുതല്‍ ബ്ലീഡിങ്ങ് ഉണ്ടാകുക, പെട്ടെന്ന് ചതവുണ്ടാകുക, നഖങ്ങള്‍ക്കിടയില്‍ ചെറുതായി രക്തം കട്ടപിടിക്കുന്നതായി കാണുക തുടങ്ങിയവ വിറ്റമിന്‍ കെ യുടെ അഭാവം മൂലമാകാം. ഇരുണ്ട കറുത്ത നിറത്തില്‍ രക്തം കലര്‍ന്ന മലവും വൈറ്റമിന്‍ കെ യുടെ അഭാവം കൊണ്ടുണ്ടാകാം.
*ശുഭദിനം*
അയാള്‍ വലിയ ഈശ്വരവിശ്വാസിയായിരുന്നു. തന്റെ പ്രിയപ്പെട്ട തത്തയേയും അയാള്‍ പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ചിരുന്നു. ഒരുദിവസം പൂച്ച ഒറ്റയടിക്ക് ആ തത്തയെ കൊന്നു. ഇത് കണ്ട് അയാള്‍ കരച്ചിലായി. അയാളുടെ സങ്കടം കണ്ട് അയല്‍വാസി ഒരു പുതിയ തത്തയെ വാങ്ങിക്കൊടുക്കാമെന്നേറ്റു. അയാള്‍ പറഞ്ഞു: തത്ത പോയതിലല്ല എനിക്ക് വിഷമം , മരണസമയത്ത് ചൊല്ലേണ്ട ഒരു പ്രാര്‍ത്ഥന ഞാന്‍ ആ തത്തെയ പഠിപ്പിച്ചിരുന്നു. പൂച്ചയുടെ അടികിട്ടിയപ്പോള്‍ അതെല്ലൊം മറന്ന് ഉറക്കെകരഞ്ഞുകൊണ്ടാണ് ആ തത്ത ചത്തത്. ഞാന്‍ അതിനെ പഠിപ്പിച്ചത് വെറുതെയായിപ്പോയല്ലോ എന്നോര്‍ത്താണ് കരഞ്ഞത്.... ഇത് കേട്ട് അയല്‍ക്കാരന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്നു. ഏര്‍പ്പെടുന്ന കര്‍മ്മത്തിന്റെ ഉദ്ദേശശുദ്ധിയാണ് ആ കര്‍മ്മത്തിന്റെ വൈശിഷ്ട്യം നിര്‍ണ്ണയിക്കുന്നത്. ഒരേ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന പലര്‍ക്കും ഉദ്ദേശം വ്യത്യസ്തമാണ്. ദാനം ചെയ്യുന്നതില്‍ സുകൃതം ലക്ഷ്യമാക്കുന്നവരും പെരുമ ലക്ഷ്യമാക്കുന്നവരുമുണ്ട്. ആദര്‍ശത്തിന് വേണ്ടിയും ആദരവ് നേടാന്‍ വേണ്ടിയും കര്‍മ്മരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമുണ്ട്. ഇടക്കാലാശ്വാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ മിനിമം കാര്യങ്ങളില്‍ തങ്ങളുടെ വ്യവഹാരങ്ങള്‍ അവസാനിപ്പിക്കും. എല്ലാവരുടേയും ദൃഷ്ടിപതിയുന്ന പൊടിക്കൈകളിലായിരിക്കും അവരുടെ ശ്രദ്ധ. തൊഴില്‍ നേടാന്‍ പഠിക്കുന്നതും പരീക്ഷ ജയിക്കാന്‍ പഠിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഏതു പ്രവൃത്തിയുടേയും അവസാനലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ ചില ഉപലക്ഷ്യങ്ങളുടെ സഫലീകരണമുണ്ടായിരിക്കണം. അവസാനനിമിഷം എന്തു ചെയ്തു എന്നതിനേക്കാള്‍ പ്രധാനമാണ് അത് വരെ എന്തുചെയ്തു എന്നത്. നല്ല മരണം നേടാനല്ല, നല്ല ജീവിതം സാധ്യമാക്കാനാണ് നാം സ്വയം പരിശീലിക്കേണ്ടത്. - *ശുഭദിനം.*