*പ്രഭാത വാർത്തകൾ*2023 | ഓഗസ്റ്റ് 21 | തിങ്കൾ | 1199 | ചിങ്ങം 5 | ചിത്തിര | 1445 സഫർ 04

◾കോണ്‍ഗ്രസിന്റെ 39 അംഗ പ്രവര്‍ത്തക സമിതിയിലേക്കു കേരളത്തില്‍നിന്ന് അഞ്ചു പേര്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, എ.കെ. ആന്റണി, ശശി തരൂര്‍ എന്നിവര്‍ പ്രവര്‍ത്തകസമിതി അംഗങ്ങളാണ്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തി. രാജസ്ഥാനില്‍നിന്ന് സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതാവും ജി-23 നേതാവായ മനീഷ് തിവാരി സ്ഥിരം ക്ഷണിതാവുമാണ്.

◾സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നത തല യോഗം. പവര്‍കട്ടോ ലോഡ് ഷെഡിംഗോ വേണ്ടിവരുമെന്നും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഇന്നു തീരുമാനം ഉണ്ടായേക്കില്ല.

◾ഐഎസ്ആര്‍ഒയിലെ വിഎസ്എസ് സി ടെക്നീഷ്യന്‍ തസ്തികയിലേക്കുള്ള പരീക്ഷയില്‍ കോപ്പിയടിയും ആള്‍മാറാട്ടവും. ഹരിയാന സ്വദേശികളായ സുനിത് കുമാര്‍, സുനില്‍കുമാര്‍ എന്നിവര്‍ തിരുവനന്തപുരത്ത് അറസ്റ്റിലായി. യഥാര്‍ത്ഥ പേരും വിലാസവും കണ്ടത്താന്‍ ഹരിയാന പൊലീസുമായി ചേര്‍ന്ന് കേരളാ പൊലീസ് അന്വേഷണം തുടങ്ങി. ബ്ലൂടൂത്ത് ഇയര്‍ സെറ്റും ബെല്‍റ്റില്‍ ഒളിപ്പിച്ച മൊബൈല്‍ഫോണ്‍ ടീം വ്യൂവറും ഉപയോഗിച്ചായിരുന്നു കോപ്പിയടി.

◾മൂന്നാം വട്ടവും എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇടതുപക്ഷവും സിപിഎമ്മും നശിക്കുമെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്‍. തുടര്‍ച്ചയായി ഭരണം കിട്ടിയാല്‍ ധാര്‍ഷ്ട്യമേറും. നാശമുണ്ടാകാതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ത്ഥിക്കണം. യുഎപിഎ ചുമത്തല്‍, മാവോയിസ്റ്റുവേട്ട, ഗ്രോവാസുവിനെ ജയിലിലടക്കല്‍ തുടങ്ങിയവ കമ്യൂണിസ്റ്റു സര്‍ക്കാരിനു ചേര്‍ന്നതല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

◾സംസ്ഥാനത്തു രണ്ടു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്നുള്ള കന്യാകുമാരി പ്രദേശം, ശ്രീലങ്കന്‍ തീരത്തിന്റെ തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യത. കേരള - കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല.

◾ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലും താനൂര്‍ കസ്റ്റഡി മരണത്തിലും മനുഷ്യാവകാശ കമ്മീഷന്‍ പോലീസിന്റെ റിപ്പോര്‍ട്ടു തേടി. മനുഷ്യവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ ബൈജുനാഥ് അറിയിച്ചതാണ് ഇക്കാര്യം.

◾സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പാലക്കാട്ടെ സിപിഎം നേതാവിനെതിരെ നടപടി. ജില്ലാ കമ്മിറ്റി അംഗം എന്‍ ഹരിദാസനെ സിപിഎം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു.

◾കോണ്‍ഗ്രസ് പ്രവര്‍ത്തസമിതിയില്‍ ക്ഷണിതാവ് മാത്രമാക്കിയതില്‍ നീരസവുമായി രമേശ് ചെന്നിത്തല. ഇപ്പോഴുള്ള സ്ഥാനം 19 വര്‍ഷം മുന്‍പുള്ളതാണ്. രണ്ടു വര്‍ഷമായി പദവികളൊന്നുമില്ല. പരസ്യ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

◾കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമെന്ന് ശശി തരൂര്‍. പ്രവര്‍ത്തകരെ നമിക്കുന്നു. പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുന്നത് അഭിമാനമായി കരുതുന്നുവെന്നും തരൂര്‍ 'എക്സി'ല്‍ കുറിച്ചു.

◾മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞു നിന്ന് അന്വേഷണത്തെ നേരിടണമെന്ന് ഒരു വിഭാഗം സാംസ്‌കാരിക പ്രവര്‍ത്തകര്‍. യു കെ കുമാരന്‍, ബി രാജീവന്‍, എം എന്‍ കാരശ്ശേരി, കല്‍പ്പറ്റ നാരായണന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, സാവിത്രി രാജീവന്‍, കെ സി ഉമേഷ്ബാബു, വി എസ് അനില്‍കുമാര്‍, സിആര്‍ നീലകണ്ഠന്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

◾അരിക്കൊമ്പന്റെ ആരോഗ്യത്തിനായി വിനായക ചതുര്‍ഥി ദിനത്തില്‍ തേങ്ങയുടച്ച് പ്രാര്‍ത്ഥന. അരിക്കൊമ്പന്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ തേങ്ങയുടച്ചു പ്രാര്‍ത്ഥന നടത്തിയത്. വാവ സുരേഷ് അടക്കമുള്ളവര്‍ പ്രാത്ഥനയിലും പ്രതിഷേധത്തിലും പങ്കെടുത്തു.

◾കൃഷി മന്ത്രി പി പ്രസാദിന്റെ ചേര്‍ത്തലയിലെ വസതിയില്‍ പൂക്കൃഷി വിളവെടുപ്പ്. വീടിനു ചുറ്റും വളര്‍ത്തിയിരുന്ന 2500 ചുവട് ബന്തി, 250 ചുവട് വാടാമല്ലി എന്നിവയില്‍നിന്നാണ് അത്തംനാളില്‍ വിളവെടുത്തത്. സമീപത്തായി മധുരക്കിഴങ്ങും കൂവയും കൃഷി ചെയ്യുന്നുണ്ടെന്ന് മന്ത്രി പ്രസാദ് പറഞ്ഞു.

◾പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്- ബിജെപി സഖ്യത്തിനു നീക്കമെന്ന് മന്ത്രി വിഎന്‍ വാസവന്‍. കിടങ്ങൂരില്‍ ബിജെപി വോട്ടുനേടി യുഡിഎഫ് പ്രസിഡന്റായി. യുഡിഎഫ് പിന്തുണയോടെ ബിജെപി വൈസ് പ്രസിഡന്റായി. ഏറ്റുമാനൂര്‍ നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ഒഴിവാക്കാന്‍ യുഡിഎഫും ബിജെപിയും വിട്ടുനിന്നു. ഇരുകൂട്ടരും തമ്മിലുള്ള ബാന്ധവം പരസ്യമാണെന്ന് വാസവന്‍ പറഞ്ഞു.

◾കാസര്‍കോട് നീലേശ്വരം തൈക്കടപ്പുറം ബോട്ടുജെട്ടിക്കു സമീപം മീന്‍പിടിക്കുന്നതിനിടെ തിരയില്‍പെട്ട് മല്‍സ്യത്തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ സുഹൃത്തായ ഫിഷറീസ് റെസ്‌ക്യൂ ഗാര്‍ഡും മുങ്ങി മരിച്ചു. പി.വി. രാജേഷ് (38), ഗാര്‍ഡ് എം. സനീഷ് (34) എന്നിവരാണു മരിച്ചത്.

◾കോഴിക്കോട് കുന്നമംഗലത്ത് ടിവിഎസ് വാഹന ഷോറൂമിലില്‍ തീപിടിത്തം. ഏഴ് ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു.

◾ഉഡുപ്പി കരിന്തളം 400 കെ വി വൈദ്യുത ലൈന്‍ കടന്നുപോകുന്നതിനു താഴെയുള്ള കൃഷിക്കും ഭൂമിക്കും മാന്യമായ നഷ്ടപരിഹാരം വേണമെന്നു കര്‍ഷകര്‍. ഈ ആവശ്യം ഉന്നയിച്ചു കര്‍ഷകര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. കര്‍ണാടകയിലെ ഉഡുപ്പി മുതല്‍ കാസര്‍കോട് ജില്ലയിലെ കരിന്തളം വരെയാണ് 400 കെ വി വൈദ്യുത ലൈന്‍ സ്ഥാപിക്കുന്നത്.

◾നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് 666 ഗ്രാം സ്വര്‍ണം പിടിച്ചു. അബുദാബിയില്‍നിന്നു വന്ന മലപ്പുറം സ്വദേശി ജാഫര്‍മോനാണ് പിടിയിലായത്.

◾15 കോടി രൂപ വിലവരുന്ന 1496 ഗ്രാം കൊക്കെയ്നുമായി മലയാളി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി. എത്യോപ്യയില്‍നിന്ന് മുംബൈയിലെത്തിയ സാറ്റിലി തോമസ് (44) ആണ് പിടിയിലായത്.

◾മണിപ്പൂര്‍ കലാപം അന്വേഷിക്കുന്ന സിബിഐ സംഘത്തിലേക്കു മുപ്പത് ഉദ്യോഗസ്ഥരെക്കൂടി നിയോഗിച്ചു. നേരത്തെ 53 അംഗ സംഘത്തിനാണ് സിബിഐ അന്വേഷണ ചുമതല നല്‍കിയിരുന്നത്. മുപ്പതു പേര്‍കൂടി ഉള്‍പെടുത്തിയതോടെ അന്വേഷണ സംഘത്തില്‍ 83 പേരായി. സംഘത്തില്‍ സിബിഐ കൊച്ചി യൂണിറ്റിലെ എം.വേണുഗോപാല്‍, ജി പ്രസാദ് എന്നീ രണ്ടു മലയാളി ഉദ്യോഗസ്ഥരുമുണ്ട്.

◾എന്‍സിപിയുടെ മുന്‍ ട്രഷററും ശരദ് പവാറിന്റെ വിശ്വസ്തനുമായ ഈശ്വര്‍ലാല്‍ ജെയിനിന്റെ സ്ഥാപനങ്ങളിലും വീട്ടിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഒരു കോടി ഒരു ലക്ഷം രൂപ പണമായും 25 കോടി രൂപ വിലമതിക്കുന്ന 39 കിലോ സ്വര്‍ണ- വജ്രാഭരണങ്ങളും പിടിച്ചെടുത്തു. ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് മുന്‍ എംപിയുടെ സ്ഥാപനങ്ങളിലും വീട്ടിലും റെയ്ഡ് നടത്തിയത്.

◾മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രചാരണത്തിന്റെ പൂര്‍ണ നിയന്ത്രണം പാര്‍ട്ടി കേന്ദ്ര നേതൃത്വം ഏറ്റെടുത്തു. ഭരണവിരുദ്ധ വികാരം നിലവിലുള്ളതിനാല്‍ ശക്തമായ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്നു തെരഞ്ഞെടുത്ത 230 എംഎല്‍എമാരെ നിയോഗിക്കുന്നുണ്ട്.

◾ഗുജറാത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുടെ ഗര്‍ഭഛിദ്രത്തിനുള്ള ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. അതിജീവിതയുടെ ഹര്‍ജി 12 ദിവസം മാറ്റിവച്ച ഗുജറാത്ത് ഹൈക്കോടതിക്കെതിരേ സുപ്രീം കോടതി പ്രത്യേക സിറ്റിംഗിലൂടെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഗര്‍ഭഛിദ്രം നടത്താമെന്നു മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഹൈക്കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു.

◾ചന്ദ്രനിലേക്കു റഷ്യ അയച്ച പേടകം 'ലൂണ 25' തകര്‍ന്നു വീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ 'ലൂണ 25' പേടകം ചന്ദ്രനിലാണു തകര്‍ന്നുവീണത്.

◾അമേരിക്കയില്‍ ഇന്ത്യന്‍ ഐടി ദമ്പതിമാരും ആറു വയസുള്ള മകനും വെടിയേറ്റു മരിച്ചു. കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകന്‍ യഷ് എന്നിവരാണു മെറിലാന്‍ഡിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയേയും മകനേയും വെടിവച്ചുകൊന്ന് യോഗേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് കരുതുന്നത്.

◾അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ 33 റണ്‍സിന് ജയിച്ച ഇന്ത്യക്ക് ട്വന്റി 20 പരമ്പര. ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലെത്തി. 43 പന്തുകളില്‍ നിന്ന് 58 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്വാദാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

◾വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ സ്‌പെയിന് കന്നിക്കിരീടം. എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ കന്നികിരീടത്തില്‍ മുത്തമിട്ടത്. 29-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഓള്‍ഗ കാര്‍മോണയാണ് സ്പെയിനിനായി ഗോള്‍ നേടിയത്.

◾പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡ കേരളത്തില്‍, 35 പുതിയ സ്വര്‍ണ വായ്പാ ഷോപ്പികള്‍ തുറന്നു. രാജ്യത്താകമാനം പുതുതായി 251 സ്വര്‍ണ വായ്പാ ഷോപ്പികളാണ് തുറക്കുന്നത്. സ്വര്‍ണ വായ്പാ ഉപയോക്താക്കള്‍ക്ക് മാത്രമായി സേവനം നല്‍കുന്നതിന് ബാങ്ക് ശാഖയ്ക്കുള്ളിലെ ഒരു പ്രത്യേക ഭാഗമാണ് സ്വര്‍ണ വായ്പാ ഷോപ്പി. ബാങ്കിന് ഇപ്പോള്‍ രാജ്യത്തുടനീളം ആകെ 1,238 സ്വര്‍ണ്ണ വായ്പാ ഷോപ്പികളുണ്ട്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും തടസമില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കും. മിതമായ പലിശ നിരക്കുകള്‍, വായ്പാ പരിധി വര്‍ദ്ധിപ്പിച്ചു. 3 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പ്രോസസിംഗ് ചാര്‍ജുകളും ഇല്ല. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ 251 സ്വര്‍ണ വായ്പാ ഷോപ്പികള്‍ തുറന്നത്.

◾നിരഞ്ജ് രാജു, എ.വി.അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന 'അച്ഛനൊരു വാഴ വച്ചു' എ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. 'ഈ തെരുവിലെ പറവകള്‍' എു തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ബിജിബാല്‍ ഈണമൊരുക്കി. ഓണത്തോടനുബന്ധിച്ച് ഇ4 എന്റര്‍ടെയ്ന്‍മെന്റ് ആണ് 'അച്ഛനൊരു വാഴ വച്ചു' എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. മുകേഷ്, ജോണി ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, അപ്പാനി ശരത്, ഭഗത് മാനുവല്‍, സോഹന്‍ സീനു ലാല്‍, ഫുക്രു, അശ്വിന്‍ മാത്യു, ലെന, മീര നായര്‍, ദീപ ജോസഫ്, കുളപ്പുള്ളി ലീല എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. എവിഎ. പ്രൊഡക്ഷസിന്റെ ബാനറില്‍ ഡോ. എ.വി. അനൂപ് ആണ് ചിത്രത്തിന്റെ നിര്‍മാണം. പി.സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മനു ഗോപാല്‍ ആണ് കഥയും തിരക്കഥയും സംഭാഷണവും. സുഹൈല്‍ കോയയെ കൂടാതെ കെ.ജയകുമാര്‍, മനു മഞ്ജിത്ത്, സിജു തുറവൂര്‍ എന്നിവരും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്.

◾'ജയിലറി'നു പിന്നാലെ അടുത്ത ബ്രഹ്‌മാണ്ഡ ചിത്രമായ 'ജവാന്‍' കേരള, തമിഴ്നാട് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്. തമിഴ്നാട്ടില്‍ റെഡ് ജയന്റ് മൂവിസിനൊപ്പമാകും ചിത്രം വിതരണത്തിനെത്തിക്കുന്നത്. കേരള ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസാണ്. ഏകദേശം അന്‍പത് കോടിക്കു മുകളിലാണ് ഡീല്‍ നടന്നതൊണ് സൂചന. ഒരു ഹിന്ദി ചിത്രത്തിനു തമിഴ്നാട്ടില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയാണിത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യൂഷന്‍ രംഗം വ്യാപിപ്പിക്കുതിന്റെ ഭാഗമായാണ് 'ജവാന്‍' തമിഴ്‌നാട്ടില്‍ കൂടി വിതരണം ചെയ്യുന്നത്. ഷാറുഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയാകുന്നത്. തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. കൂടാതെ വിജയ്യുടെ 'ലിയോ' എന്ന സിനിമയും ഗോകുലം തന്നെയാണ് കേരളത്തില്‍ വിതരണം.

◾രാജ്യത്തെ ഉത്സവ സീസണിന് മുന്നോടിയായി ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് വന്‍ വിലക്കുറവ്. ബജാജ് തങ്ങളുടെ ഏക ഇലക്ട്രിക് സ്‌കൂട്ടറായ ചേതക് ഇലക്ട്രിക്ക് 22,000 രൂപ വരെ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നു. വില കുറച്ചതിനെത്തുടര്‍ന്ന്, ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് ഇപ്പോള്‍ ഫെയിം 2 സബ്സിഡിക്ക് ശേഷം 1.30 ലക്ഷം രൂപയാണ് ദില്ലി, ബെംഗളൂരു എക്സ് ഷോറൂം വില. നേരത്തെ 1.52 ലക്ഷം രൂപയായിരുന്നു ബജാജ് ചേതക്കിന്റെ വില. ഈ വിലക്കുറവ് എതിരാളികളായ ഏഥര്‍ 450എക്സ് (1.38 ലക്ഷം രൂപ), ഒല എസ്1 പ്രൊ ജെന്‍ 2 (1.47 ലക്ഷം രൂപ) എന്നിവയേക്കാള്‍ ബജാജ് ചേതക്കിനെ ഇപ്പോള്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കി. ടിവിഎസ് ഐക്യൂബ് വില 1.34 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. അതിന്റെ എസ് വേരിയന്റിന് 1.40 ലക്ഷം രൂപ വിലവരും. ഹീറോ വിദ പ്രോയുടെ വില 1.46 ലക്ഷം രൂപയാണ്. ഈ വിലക്കുറവ് പരിമിത കാലത്തേക്ക് മാത്രമാണ്. രാജ്യത്തുടനീളം ഈ ഓഫര്‍ ലഭ്യമാക്കും.

◾ശില്‍പ്പഭദ്രതയും ഭാവുകത്വവും നിറഞ്ഞുതുളുമ്പുന്ന 12 കഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. സൂക്ഷ്മമായ രചനാശില്‍പ്പം, രൂപ ഭാവഭദ്രത, നവീനത ഇവയൊക്കെ കോര്‍ത്തിണക്കി സൗന്ദര്യതൃഷ്ണ തിളങ്ങുന്ന ആഖ്യാനശൈലിയിലൂടെ ആവിഷ്‌ക്കരിച്ചപ്പോള്‍ തന്റെ ആത്മാവിലുള്ള കവിത തന്മയത്വത്തോടെ കഥകളായി വാര്‍ത്തെടുക്കാന്‍ ബിജോ ജോസിന് കഴിഞ്ഞിരിക്കുന്നു. സമകാലിക ജീവിത സമസ്യകളോടുള്ള ധൈഷണികമായ പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ രചനാതന്ത്രത്തിന്റെ ശക്തിയും സൗന്ദര്യവും. 'ബോണ്‍സായി മരത്തണലിലെ ഗിനിപ്പന്നികള്‍'. ബിജോ ജോസ് ചെമ്മാന്ത്ര. ഗ്രീന്‍ ബുക്സ്. വില 136 രൂപ.

◾പലപ്പോഴും പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ദഹനക്കേട്. ഇഷ്ടഭക്ഷണം അധികം കഴിക്കുന്നതുകൊണ്ടോ അനാരോഗ്യ ഭക്ഷണങ്ങള്‍ കഴിക്കുന്നതു കൊണ്ടോ ഒക്കെ ദഹനക്കേട് ഉണ്ടാകാം. വയറിന് കനം, ഓക്കാനം, ദഹനക്കേട് ഇതെല്ലാം ബുദ്ധിമുട്ടിക്കുന്നു എങ്കില്‍ ദഹനം മെച്ചപ്പെടുത്താനും മാര്‍ഗങ്ങളുണ്ട്. ഉദരത്തെ ആരോഗ്യമുളളതാക്കുന്ന ചില പഴങ്ങള്‍ ദഹനക്കേട് അകറ്റും. ആപ്പിളില്‍ അടങ്ങിയ പെക്റ്റിന്‍ എന്ന വസ്തു മലബന്ധത്തില്‍ നിന്നും അതിസാരത്തില്‍ നിന്നും ആശ്വാസം നല്‍കും. ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഉദരവ്രണങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയയെ പുറന്തള്ളാന്‍ വാഴപ്പഴം സഹായിക്കും. ദഹനവ്യവസ്ഥയെ ആരോഗ്യമുളളതാക്കാനും വാഴപ്പഴം സഹായിക്കും. മാമ്പഴത്തില്‍ ഭക്ഷ്യനാരുകള്‍ ഉണ്ട്. ഇത് മലാശയ അര്‍ബുദസാധ്യത കുറയ്ക്കുന്നു. ഭക്ഷണം വേഗത്തില്‍ ദഹിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ മാമ്പഴത്തിലുണ്ട്. മലബന്ധം അകറ്റാനും ഇത് സഹായിക്കുന്നു. നാരുകള്‍ ധാരാളമുള്ള കിവിക്ക് ലാക്സേറ്റീവ് ഗുണങ്ങളും ഉണ്ട്. ദഹനത്തിന് സഹായിക്കുന്നു. കിവിയിലടങ്ങിയ ആക്റ്റിനിഡിന്‍ എന്ന എന്‍സൈം ആണ് പ്രോട്ടീന്റെ ദഹനം സുഗമമാക്കുന്നത്. രുചികരമായ ഒരു പഴം കൂടിയാണ കിവി. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പഴമാണ് ആപ്രിക്കോട്ട്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയതിനാല്‍ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. ദഹനം സുഗമമാക്കുന്നു. മലബന്ധം അകറ്റുന്നു.