◾ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങളില്‍നിന്ന് പ്രവേശനനികുതി ഈടാക്കരുതെന്നു കേന്ദ്രസര്‍ക്കാര്‍. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ടൂറിസ്റ്റു വാഹനങ്ങള്‍ക്കു ചില സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നികുതി ഈടാക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.
◾മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കെതിരെ സമരവുമായി ഡിവൈഎഫ്ഐ. ഇന്നു രാവിലെ 11 ന് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ചു നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി വികെ സനോജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
◾പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ പത്തു സ്ഥാനാര്‍ത്ഥികള്‍. പത്രിക സമര്‍പ്പണത്തിനുള്ള സമയം ഇന്നലെ അവസാനിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ലൂക്ക് തോമസും പത്രിക നല്‍കി. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ഥികള്‍ക്കു പുറമേ, ഡമ്മികള്‍ അടക്കം ആറു സ്ഥാനാര്‍ത്ഥികളുമുണ്ട്.
◾സംസ്ഥാനത്തെ ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍മാരും ക്യാബിന്‍ യാത്രക്കാരും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന നിയമം നടപ്പാക്കാനുള്ള സമയപരിധി ഒക്ടോബര്‍ 30 വരെ നീട്ടി. ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചതാണ് ഇക്കാര്യം. നവംബര്‍ ഒന്നു മുതല്‍ ബസുകളിലും ലോറികളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കും. സെപ്റ്റംബര്‍ ഒന്നിന് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്നാണു മുന്‍പ് പ്രഖ്യാപിച്ചിരുന്നത്.
◾ഇടുക്കി ജില്ലയില്‍ ഇന്നു കോണ്‍ഗ്രസ് ഹര്‍ത്താല്‍. എംജി സര്‍വകലാശാല ഇന്നത്തെ പരീക്ഷകള്‍ നാളത്തേക്കു മാറ്റി. ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ ഒന്നര മുതലായിരിക്കും. ഇടുക്കി ജില്ലയിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍ ക്ലാസുകളിലെ പരീക്ഷകള്‍ 25 ലേക്കു മാറ്റി. ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിര്‍മ്മാണ നിയന്ത്രണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ഹര്‍ത്താല്‍.
◾പുരാവസ്തു തട്ടിപ്പു കേസില്‍ പ്രതിയായ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകില്ല. ചൊവ്വാഴ്ച ഹാജരാകാമെന്നാണ് എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചത്. മുന്‍ ഡിഐജി എസ് സുരേന്ദ്രനില്‍നിന്ന് ഇന്നലെ ഇ ഡി മൊഴിയെടുത്തു.
◾മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ഐ ജി ലക്ഷ്മണ്‍ ആണെന്ന് ക്രൈം ബ്രാഞ്ച്. ഐ ജിക്കെതിരെ ഗൂഢാലോചന കുറ്റംകൂടി ചുമത്തി. ഇടക്കാല ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ അനുബന്ധമായി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരം.
◾പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ആകെ 15,98,600 രൂപയുടെ സ്വത്തുണ്ടെന്ന് നാമനിര്‍ദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. വ്യക്തിഗത വായ്പകള്‍ ഉള്‍പ്പെടെ 12,72,579 രൂപയുടെ ബാധ്യതകളുമുണ്ട്. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. 25,000 രൂപ മാസ ശമ്പളമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
◾തൃക്കാക്കര നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കിഴി നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനാണ് ഒന്നാം പ്രതി. ഓണാഘോഷത്തിനായി റവന്യൂ ഇന്‍സ്പെക്ടര്‍ പ്രകാശ് കുമാറിനെക്കൊണ്ട് മൂന്നു കടകളില്‍ നിന്ന് പിരിച്ചെടുത്ത 2.10 ലക്ഷം രൂപ വീതിച്ച് കൗണ്‍സിലര്‍മാര്‍ക്കു സമ്മാനമായി നല്‍കിയെന്നാണു കേസ്.
◾2019 ലെപ്രളയത്തില്‍ വീടും പാലവും തകര്‍ന്ന് ദുരിതത്തിലായ നിലമ്പൂര്‍ വനത്തിലെ മുന്നൂറ് ആദിവാസി കുടുംബങ്ങള്‍ക്ക് രണ്ടാഴ്ചയ്ക്കകം വെള്ളവും വൈദ്യുതിയും ഇ ടോയിലറ്റ് സൗകര്യവും എത്തിക്കണമെന്ന് ഹൈക്കോടതി. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഇടപെടല്‍.
◾ഓണാവധിക്കാലത്ത് ഗുരുവായൂര്‍ ക്ഷേത്രനട ഉച്ചകഴിഞ്ഞ് ഒരു മണിക്കൂര്‍ നേരത്തെ തുറക്കും. 26 മുതല്‍ സെപ്റ്റംബര്‍ ആറുവരെ ക്ഷേത്രനട വൈകിട്ട് 3.30ന് തുറന്ന് ഉടന്‍തന്നെ ശീവേലി നടത്തി ഭക്തര്‍ക്ക് ദര്‍ശന സൗകര്യം നല്‍കും.
◾വാഹന ഇന്‍ഷുറന്‍സില്‍ 'നോണ്‍- വയലേഷന്‍ ബോണസ്' നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെടും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.
◾ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ എ.രാജ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ചത്തേക്കു മാറ്റി. കേസുമായി ബന്ധപ്പെട്ട് മൂന്നു പ്രധാന രേഖകള്‍ ഹൈക്കോടതിയില്‍നിന്ന് സുപ്രീം കോടതിക്കു കൈമാറിയില്ലെന്നു കേസിലെ എതിര്‍കക്ഷി ഡി കുമാറിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.
◾മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകന്‍ ഡോ. പ്രിയേഷിനെ അപമാനിച്ചെന്ന പരാതിയില്‍ കേസെടുക്കില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ്. പരാതിയില്ലെന്ന് അധ്യാപകന്‍ പ്രിയേഷ് പൊലീസിനു മൊഴി നല്‍കിയതോടെയാണ് കേസെടുക്കേണ്ടതെന്ന് തീരുമാനിച്ചത്.
◾വയറിനകത്തെ മുഴ നീക്കാനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയക്കിടെ പതിനാലുകാരന്റെ വയറില്‍ സര്‍ജിക്കല്‍ ക്ലിപ്പ് കുടുങ്ങി. തൃശൂര്‍ ദയ ആശുപത്രിയിലെ ശസ്ത്രക്രിയയിലാണ് പിഴവ്. വയറിനകത്ത് പഴുപ്പുണ്ടായതോടെ കുട്ടിയെ എറണാകുളം അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി സര്‍ജിക്കല്‍ ക്ലിപ്പ് പുറത്തെടുത്തു. കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.
◾ഗ്രാമീണ മേഖലകളിലെ റേഷന്‍ കടകളില്‍ പ്രദേശത്തെ കര്‍ഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾സാഹിത്യകാരന്‍ ചേളാരി സ്വദേശി ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു. 54 വയസായിരുന്നു. പുതിയ നോവല്‍ 'ദ കോയ' വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെ ജില്ലാ സഹകരണ ആശുപത്രിയിലാണ് അന്ത്യം. ക്യാന്‍സര്‍ ബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
◾സാംസ്‌കാരികതയും ജീവിത ദര്‍ശനവുംകൊണ്ട് ലോകത്തിനു പ്രകാശം പരത്തുകയാണ് ഭാരതത്തിന്റെ ദൗത്യമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കോഴിക്കോട് കേസരിയുടെ നേതൃത്വത്തിലുള്ള പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾ഒ.പി ടിക്കറ്റെടുക്കാന്‍ രോഗികളെ പൊരിവെയിലത്തു വരിനിര്‍ത്തിയ കോഴിക്കോട് കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.
◾പാലക്കാട് പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വാക്സീന്‍ മാറി കുത്തിവച്ചതിനു നഴ്സിനെ സസ്പെന്‍ഡു ചെയ്തു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എന്‍ ചാരുതയെയാണ് സസ്പെന്‍ഡു ചെയ്തത്.
◾കേരളത്തിലെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗത്തെ കാണാതായി. പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി എത്തിയ രാജേഷ് രവീന്ദ്രന്‍ എന്ന മുപ്പത്തെട്ടുകാരനെയാണു കാണാതായത്. തമിഴ്നാട്ടില്‍നിന്നെത്തിയ ഇയാള്‍ തിരുവല്ല മതില്‍ഭാഗം സത്രം ഓഡിറ്റോറിയത്തില്‍ ക്യാമ്പ് ചെയ്യുന്ന സംഘത്തിലെ ഡ്രൈവറായിരുന്നു.
◾കോട്ടയം നഗരസഭയുടെ കെട്ടിടത്തില്‍ നിന്ന് കോണ്‍ഗ്രീറ്റ് ഭാഗം അടര്‍ന്നു വീണ് ലോട്ടറി കടയിലെ ജീവനക്കാരന്‍ മരിച്ചു. മീനാക്ഷി ലക്കി സെന്റര്‍ ജീവനക്കാരന്‍ ജിനോ (49) ആണ് മരിച്ചത്. നഗരസഭ ഓഫിസിന് എതിര്‍ വശത്തെ രാജധാനി ബില്‍ഡിംഗിനു മുകളിലെ ജനല്‍ പാളിയുടെ ഭാഗത്തുണ്ടായിരുന്ന കോണ്‍ഗ്രീറ്റ് ഭാഗം തലയിലേക്കു വീഴുകയായിരുന്നു.
◾കൊയിലാണ്ടിയില്‍ ഓടികൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു പരിക്കേറ്റ വയോധിക മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മരുതൂര്‍ തെക്കെ മീത്തല്‍ കല്ല്യാണിക്കുട്ടി ബ്രാഹ്‌മണി അമ്മയാണ് (65) മരിച്ചത്.
◾പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ട്രാന്‍സ്ജെന്‍ഡര്‍മാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശാന്തരാക്കാന്‍ ശ്രമിച്ച പൊലീസുകാരന്റെ കൈവിരല്‍ ഒരാള്‍ കടിച്ചു പരിക്കേല്‍പ്പിച്ചു. സ്റ്റേഷന്‍ പിആര്‍ഓ എം.എസ് സനലിന്റെ കൈവിരലിനാണു പരിക്കേറ്റത്. റിങ്കി, ഇര്‍ഫാന്‍ എന്നിവരെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റു ചെയ്തു.
◾പതിനഞ്ചുകാരിയെ പായസപ്പുരയിലേക്കു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച പൂജാരിയെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല മുണ്ടയില്‍ മേലതില്‍ ശ്രീനാഗരുകാവ് ദുര്‍ഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി ചിറയിന്‍കീഴ് സ്വദേശി 34 കാരനായ ബൈജുവാണ് അറസ്റ്റിലായത്.
◾കളമശേരിയിലെ എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിനു സമീപം തലയോട്ടി കണ്ടെത്തി. ഒരു വര്‍ഷത്തോളം പഴക്കം സംശയിക്കുന്നുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
◾തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുംമുമ്പേ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയാണു പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ 39 അംഗ പട്ടികയും ഛത്തീസ്ഗഢില്‍ 21 പേരുടെ പട്ടികയുമാണ് പുറത്തുവിട്ടത്.
◾റെയില്‍വെ വികസനത്തിന് 32,500 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് ഏഴു മള്‍ട്ടിട്രാക്കിംഗ് പദ്ധതികള്‍ക്കായി ഇത്രയും തുക അനുവദിച്ചത്.
◾വ്യാജ സിമ്മുകള്‍ തടയാന്‍ സിം വില്‍ക്കുന്നവര്‍ക്ക് പൊലീസ് വെരിഫിക്കേഷനും ബയോമെട്രിക് വെരിഫിക്കേഷനും നിര്‍ബന്ധമാക്കും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരില്‍നിന്ന് 10 ലക്ഷം രൂപ പിഴ ഈടാക്കും. വ്യാജ സിമ്മുകള്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ക്കായി ദുരുപയോഗിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
◾മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കുടുംബവീട്ടില്‍ ഇന്നു റവന്യൂ വിഭാഗം സര്‍വേ നടത്തും. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമിയാണ് അളക്കുന്നത്. വിജിലന്‍സിന്റെ ആവശ്യമനുസരിച്ചാണ് സര്‍വേ. ഇവിടെ നിലം മണ്ണിട്ട് നികത്തിയെന്നു നേരത്തെ പരാതി ഉണ്ടായിരുന്നു.
◾ബില്‍ക്കിസ് ബാനോ കേസിലെ പ്രതികളെ എന്തടിസ്ഥാനത്തിലാണു മോചിപ്പിച്ചതെന്ന് ഗുജറാത്ത് സര്‍ക്കാരിനോടു സുപ്രീം കോടതി. കൂട്ടബലാല്‍സംഗവും കൂട്ടുക്കുരുതിയും നടത്തിയെന്ന കേസിലെ പ്രതികളെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും 14 വര്‍ഷം തടവുശിക്ഷ അനുഭവിച്ചതിനാല്‍ മോചിപ്പിക്കാമെന്നു തീരുമാനിക്കുകയും ചെയ്തതിനു പിറകിലെ ന്യായം എന്തെന്നു കോടതി ചോദിച്ചു.
◾മൈസൂരില്‍നിന്ന് 25 കോടി രൂപയുടെ കിംഗ്ഫിഷര്‍ ബിയര്‍ കുപ്പികള്‍ കര്‍ണാടക എക്സൈസ് വകുപ്പ് പിടിച്ചെടുത്തു. അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനാലാണു വില്‍പ്പന തടഞ്ഞത്.
◾പൊതുവേദിയില്‍ എംപിയോടും മേയറോടും കയര്‍ത്ത് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്തിലെ ബിജെപി എംഎല്‍എയുമായ റിവാബ ജഡേജ. ബിജെപി എംപിയായ പൂനംബെന്‍ ഹേമത് ഭായിയും ജാംനഗര്‍ മേയര്‍ ബിനാബെന്‍ കോത്താരിയും പങ്കെടുത്ത ചടങ്ങിലായിരുന്നു സംഭവം. പോര്‍വിളിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍.
◾യാത്രയ്ക്കിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് പൈലറ്റ് വിമാനത്തില്‍ മരിച്ചു. മിയാമിയില്‍ നിന്ന് ചിലിയിലേക്കു പറക്കുകയായിരുന്ന ലതാം എയര്‍ലൈന്‍സിന്റെ വിമാനത്തിലായിരുന്നു സംഭവം. 271 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ ക്യാപ്റ്റനായിരുന്ന 56 കാരന്‍ ഇവാന്‍ ആന്‍ഡുറാണ് മരിച്ചത്. കോപൈലറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി.
◾യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ സൗദി പ്രോ ലീഗ് ജേതാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യവുമായി യുവേഫയെ സമീപിച്ച് സൗദി പ്രോ ലീഗ് അധികൃതര്‍. 2024-25 സീസണില്‍ സൗദി ലീഗിലെ ജേതാക്കള്‍ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ അവസരം നല്‍കണമെന്നാണ് അധികൃതരുടെ ആവശ്യം. യൂറോപ്പില്‍ നിന്ന് സൂപ്പര്‍ താരങ്ങളുടെ വലിയൊരു നിരയെ റാഞ്ചിയതിനു പിന്നാലെയാണ് യൂറോപ്യന്‍ മണ്ണില്‍ കളിക്കാനുള്ള സൗദി പ്രോ ലീഗിന്റെ ഈ നീക്കം.
◾കഴിഞ്ഞ വര്‍ഷത്തെ യുവേഫയുടെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരത്തിനായി മൂന്ന് സൂപ്പര്‍താരങ്ങളുടെ ചുരുക്കപട്ടിക പ്രഖ്യാപിച്ച് യുവേഫ. അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി, മാഞ്ചെസ്റ്റര്‍ സിറ്റി താരങ്ങളായ കെവിന്‍ ഡിബ്രുയിന്‍, എര്‍ലിങ് ഹാളണ്ട് എന്നിവരാണ് ചുരുക്കപട്ടികയിലുള്ളത്. ഓഗസ്റ്റ് 31-നാണ് പ്രഖ്യാപനം.
◾ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിലേക്കും വിദേശ റൂട്ടുകളിലേക്കും 96 മണിക്കൂര്‍ നേരത്തേക്കുള്ള പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവിലേക്കുള്ള ടിക്കറ്റുകളിലാണ് കിഴിവ് ലഭിക്കുക. ഓഗസ്റ്റ് 17 മുതല്‍ ഓഗസ്റ്റ് 20 രാത്രി 11.59 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ആഭ്യന്തര റൂട്ടുകളില്‍ വണ്‍വേ ട്രിപ്പിന് 1,470 രൂപ മുതലാണ് ഇക്കോണമി ക്ലാസ് ടിക്കറ്റ് വില തുടങ്ങുന്നത്. ബിസിനസ് ക്ലാസിന് 10,130 രൂപയും. തിരഞ്ഞെടുത്ത ഇന്റര്‍നാഷണല്‍ റൂട്ടുകളിലും സമാനമായ ഡിസ്‌കൗണ്ട് ലഭിക്കും. ഓഫര്‍ കാലയളവില്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസും സൗജന്യമാണ്. എയര്‍ ഇന്ത്യയുടെ ഫ്‌ളൈംഗ് റിട്ടേണ്‍സ് അംഗങ്ങള്‍ക്ക് ഇത്തരം ടിക്കറ്റുകള്‍ക്ക് ഇരട്ട ലോയല്‍റ്റി ബോണസ് പോയ്ന്റുകളും ലഭിക്കും. ട്രാവല്‍ ഏജന്റുമാര്‍ വഴിയുള്ള ബുക്കിംഗുകള്‍ക്കും ഡിസ്‌കൗണ്ട് ലഭിക്കും. കഴിഞ്ഞയാഴ്ചയാണ് എയര്‍ ഇന്ത്യ ലോഗോയും നിറവും ഉള്‍പ്പെടെ അടിമുടി പരിഷ്‌കാരം പ്രഖ്യാപിച്ചത്. ഡിസംബര്‍ മുതല്‍ പുതിയ ബ്രാന്‍ഡിംഗിലാകും എയര്‍ ഇന്ത്യ വിമാനങ്ങള്‍ പ്രത്യക്ഷപ്പെടുക. ഒന്നര വര്‍ഷം മുമ്പാണ് സര്‍ക്കാര്‍ കമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തത്.
◾കമല്‍ഹാസന്റെ ക്ലാസിക് ചിത്രം ഹേ റാം എച്ച്ഡിയില്‍. അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ യൂട്യൂബ് ചാനലിലാണ് ചിത്രത്തിന്റെ പുതിയ എച്ച്.ഡി പതിപ്പ് എത്തിയിരിക്കുന്നത്. 2000-ല്‍ പുറത്തിറങ്ങിയ ചിത്രം അക്കാലത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. എതിര്‍പ്പുകള്‍ക്കിടയില്‍ അഡള്‍ട്സ് ഒണ്‍ലി സര്‍ട്ടിഫിക്കേഷനോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം ചിത്രം റിലീസായി. കമല്‍ഹാസന്‍, ഷാരൂഖ് ഖാന്‍, അതുല്‍ കുല്‍ക്കര്‍ണി, റാണി മുഖര്‍ജി, ഹേമ മാലിനി, ഗിരീഷ് കര്‍ണാട്, വസുന്ധര ദാസ്, നസീറുദ്ദീന്‍ ഷാ, നാസര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തിയത്. ഇന്ത്യാവിഭജനകാലത്തും ഗാന്ധിവധത്തിന്റെയും മറ്റും പശ്ചാത്തലത്തിലാണ് ഇതിലെ കഥ നടക്കുന്നത്. 2000-ല്‍ 3 ദേശീയപുരസ്‌കാരങ്ങള്‍ ഹേ രാം നേടി. ആ വര്‍ഷത്തെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരത്തിന് ഇന്ത്യയുടെ ഔദ്യോഗിക നാമനിര്‍ദ്ദേശവും ഹേ റാം നേടി.
◾പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ സംവിധായികയായ 'മധുര മനോഹര മോഹം' ബോക്സ് ഓഫീസ് കണക്കുകളില്‍ മികച്ച പ്രകടനമാണ് നടത്തിയത്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രം തിയറ്ററുകളിലെത്തിയത് ജൂണ്‍ 16 ന് ആയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 7 കോടി നേടി. റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 2.4 കോടിയും കേരളമൊഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 40 ലക്ഷവും നേടിയെന്നുമാണ്. മൊത്തം ഗ്രോസ് 9.8 കോടി. ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്നാണ് പുതിയ വിവരം. ഓഗസ്റ്റ് 25നായിരിക്കും ചിത്രം ഒടിടിയില്‍ എത്തുക. എച്ച്ആര്‍ ഒടിടിയാണ് ചിത്രത്തിന്റെ ഒടിടി അവകാശം എടുത്തിരിക്കുന്നത്. പത്തനംതിട്ടയിലെ ജില്ലയിലെ നായര്‍ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, വിജയരാഘവന്‍, സുനില്‍ സുഗത, ബിജു സോപാനം, ബിന്ദു പണിക്കര്‍, രജിഷ വിജയന്‍, അര്‍ഷ എന്നിവരും വേഷമിടുന്ന ചിത്രത്തിന്റെ അവതരണം. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ തികഞ്ഞ നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയും ഒപ്പം ചില സന്ദേശങ്ങളും ഷറഫുദ്ധീന്റെ ഈ ചിത്രം നല്‍കുന്നുണ്ട്. മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവരാണ് ചിത്രത്തിന്റെ രചന.
◾ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളായ പുതുക്കിയ ബുള്ളറ്റ് 350 സെപ്റ്റംബര്‍ ഒന്നിന് വിപണിയില്‍ എത്തും. ക്ലാസിക് 350, മെറ്റിയര്‍ 350, ഹണ്ടര്‍ 350 എന്നിവയില്‍ നിലവിലുള്ള ജെ-സീരീസ് എഞ്ചിനെ അടിസ്ഥാനമാക്കിയുള്ളതാണ് 2023 റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350. 350 സിസി സെഗ്മെന്റില്‍, പുതിയ ബുള്ളറ്റ് 350 ഹണ്ടര്‍ 350-നും ക്ലാസിക് 350-നും ഇടയിലായി സ്ഥാനം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എഞ്ചിനിലെ മാറ്റം അല്ലാതെ ഈ ജനപ്രിയ മോട്ടോര്‍സൈക്കിളില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടാകാനിടയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബുള്ളറ്റ് 350-ന്റെ യുസിഇ ആധുനിക ജെ-പ്ലാറ്റ്ഫോം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. 349 സിസി ജെ- സീരീസ് എഞ്ചിന്‍ 20പിഎസ് കരുത്തും 27 എന്‍എം ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. 2023 റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350-ന്റെ നവീകരണം അര്‍ത്ഥമാക്കുന്നത് മോട്ടോര്‍സൈക്കിളിന്റെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായേക്കും എന്നാണ്. മോട്ടോര്‍സൈക്കിളിന്റെ അടിസ്ഥാന മോഡലിന് 1.65 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.
◾തണല്‍മരങ്ങള്‍ കുടപിടിക്കുന്ന അമ്മൂമ്മവീട്ടില്‍ അവധിക്കാലം ചെലവഴിക്കാന്‍ എത്തിയതാണ് അമ്മു. 'സൂ' പോലെയുള്ള ആ വീട്ടില്‍ അവള്‍ക്കു കൂട്ട്, നിഴലുപോലെ പിന്തുടരുന്ന പൂച്ചക്കുട്ടികളും മുല്ലപ്പടര്‍പ്പിനുള്ളിലെ കുരുവിക്കുഞ്ഞുങ്ങളുമായിരുന്നു. ''അമ്മൂ... അമ്മൂ...' വിളിച്ച് ഉരുമ്മിനീങ്ങുന്ന പൂച്ചകള്‍ക്കും സ്നേഹത്തോടെ പാറിയെത്തുന്ന കിളികള്‍ക്കും ഒപ്പം ആ ഒഴിവുദിനങ്ങള്‍ സുന്ദരമാക്കി അവള്‍ മറുനാട്ടിലേക്കു മടങ്ങുന്നു. എന്നാല്‍, മൂന്നു വര്‍ഷത്തിനുശേഷം അവിടേക്കു മടങ്ങിവന്ന അമ്മു, തീര്‍ത്തും മറ്റൊരാളായിരുന്നു! 'കുരുവിയും പൂച്ചയും'. എസ് ആര്‍ ലാല്‍. എച്ച്ആന്‍ഡ്സി ബുക്സ്. വില 95 രൂപ.
◾ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിക്കുന്നത് നല്ല ശീലമല്ല. ഈ ശീലം ഹോര്‍മോണ്‍ ബാലന്‍സ് തടസ്സപ്പെടുത്തുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഭാരം കൂടുക, ദഹനപ്രശ്നങ്ങള്‍ ഉണ്ടാവുക എന്നിവയ്ക്ക് കാരണമാകും. അത്താഴത്തിന് ശേഷം ചായ കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്താന്‍ ഇടയാക്കുന്നു. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥമായ ടാനിന്‍ ഇരുമ്പ് ആഗിരണം തടസപ്പെടുത്തുന്നു. അത്താഴം കഴിച്ച് കഴിഞ്ഞ ഉടന്‍ കിടക്കുന്ന ശീലം നല്ലതല്ല. ഇത് നെഞ്ചെരിച്ചിലും ദഹനക്കേടിനും കാരണമാകും. കിടക്കുമ്പോള്‍ ആമാശയത്തിലെ ദഹനരസങ്ങള്‍ അന്നനാളത്തിലേക്ക് തിരികെ ഒഴുകുകയും അസ്വസ്ഥത ഉണ്ടാക്കുകയും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും. ഭക്ഷണത്തിന് ശേഷമുള്ള പുകവലി ദഹനക്കേട്, ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് കാരണമാകും. സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണെങ്കിലും, ഭക്ഷണത്തിനു ശേഷമുള്ള അമിത സ്‌ക്രീന്‍ സമയം പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. സ്‌ക്രീനുകളിലേക്ക് നോക്കുന്നത് സ്‌ട്രെസ്, ഉത്കണ്ഠ, ടെന്‍ഷന്‍ എന്നിവ വര്‍ദ്ധിപ്പിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും. അത്താഴത്തിന് ശേഷം ഉടന്‍ കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കാരണം ഇത് ശരീരത്തിന്റെ താപനില കുറയ്ക്കുകയും രക്തയോട്ടം കുറയ്ക്കുന്നതിനും കാരണമാകും. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് 45 മിനിട്ടെങ്കിലും കഴിഞ്ഞേ കുളിയ്ക്കാന്‍ പാടുള്ളൂ. ഭക്ഷണം കഴിഞ്ഞ് ഉടന്‍ വെള്ളം കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തും. ഇത് അസിഡിറ്റിയിലേക്കും വീക്കത്തിലേക്കും നയിക്കുന്നു. ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പോ ഒരു മണിക്കൂര്‍ കഴിഞ്ഞോ ആണ് വെള്ളം കുടിക്കേണ്ടത്.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ രണ്ടു തവളകളും വളരെ കുസൃതികളായിരുന്നു. ഒരു ദിവസം രാത്രി അവര്‍ കളിക്കുന്നതിനിടയില്‍ പാല് വെച്ച ഒരു പാത്രത്തിലേക്ക് വീണു. രണ്ടു പേരും ഏറെ നേരം ചാടി നോക്കിയെങ്കിലും പരാജയപ്പെട്ടു. ഒരാള്‍ മറ്റേയാളോട് പറഞ്ഞു. നമ്മള്‍ ഇവിടെ നിന്നും ഇനി രക്ഷപ്പെടാന്‍ പോകുന്നില്ല. ഞാന്‍ എന്റെ ശ്രമം അവസാനിപ്പിക്കുകയാണ്. ഇതിനുള്ളില്‍ കിടന്ന മരിക്കാനാണ് നമ്മുടെ വിധി. ഒരു തവള പാലിനടിയിലേക്ക് ഊര്‍ന്നുപോയി. പക്ഷേ, രണ്ടാമത്തെ തവള വീണ്ടും വീണ്ടും ചാടിക്കൊണ്ടേയിരുന്നു. തളരുമ്പോള്‍ വിശ്രമിച്ചു. വീണ്ടും ചാടി. തന്റെ ശ്രമം തുടര്‍ന്നു. നേരം പുലരാറായി. അപ്പോഴാണ് താന്‍ ചാടുന്ന ഭാഗത്തെ പാല് പതിയെ കട്ടയായി മാറുന്നത് തവള ശ്രദ്ധിച്ചത്. ഒരു പിടിവളളികിട്ടിയ സന്തോഷത്തില്‍ തവള ശ്രമം തുടര്‍ന്നു. നേരം വെളുത്തപ്പോഴേക്കും ആ പാല് കുറച്ചൊക്കെ കട്ടിയായി മാറി. തനിക്ക് കാലുറപ്പിച്ച് നില്‍ക്കാന്‍ സാധിക്കുന്നുണ്ട്. തവള തന്റെ കൂട്ടുകാരനെ വിളിച്ചു. രണ്ടുപേരും വീണ്ടും ശ്രമിച്ചു. ആ ശ്രമത്തില്‍ അവര്‍ വിജയിക്കുകയും ചെയ്തു.. ജീവിതത്തില്‍ പരാജയപ്പെട്ടവര്‍ക്ക് വിജയം ഇരട്ടിമധുരം ആണ്. പരാജയം ജീവിതത്തിന്റെ അവസാനമായി കാണാന്‍ ശ്രമിക്കാതെ അത് വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കാണാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.