*പ്രഭാത വാർത്തകൾ*2023 | ഓഗസ്റ്റ് 17 | വ്യാഴം 1199 | ചിങ്ങം 1 | മകം

◾അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്രഅനുവദിക്കും. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 10-ാം ക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാന്റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നല്‍കും.
◾രാജ്യത്തെ 169 നഗരങ്ങളിലേക്കായി പതിനായിരം ഇലക്ട്രിക് ബസുകള്‍. പൊതുഗതാഗതം വൈദ്യുത വാഹനങ്ങളിലേക്കു മാറ്റുന്നതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. 57,613 കോടി രൂപ ഇതിനായി ചെലവു വരും. ഇരുപതിനായിരം കോടി രൂപ കേന്ദ്ര സര്‍ക്കാരും ബാക്കി സംസ്ഥാന സര്‍ക്കാരുകളും വഹിക്കണം.

◾കേരളത്തിനു രണ്ടാമത്തെ വന്ദേ ഭാരത് പരിഗണനയിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് ഒരു വന്ദേ ഭാരത് ട്രെയിന്‍ കൂടി തുടങ്ങാന്‍ പ്രധാനമന്ത്രിയുടെ അനുമതി തേടുമെന്നും മന്ത്രി വ്യക്തമാക്കി.

◾വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കേ, പവര്‍കട്ട് വേണോയെന്ന് 21 നു തീരുമാനിക്കുമെന്ന് കെഎസ്ഇബി. സ്ഥിതിഗതികള്‍ കെഎസ്ഇബി സര്‍ക്കാരിനെ അറിയിച്ചു. ഉപയോഗം വര്‍ധിച്ചിരിക്കേ, കൂടിയ വിലക്ക് വൈദ്യുതി വാങ്ങാനാണ് തീരുമാനം.



◾ഭൂരഹിത- ഭവനരഹിതരായ അതിദരിദ്രര്‍ക്ക് ഭൂമിയും വീടും നല്‍കാനുള്ള നടപടി ഊര്‍ജിതമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭിന്നശേഷിക്കാര്‍ക്ക് യുഡി ഐഡി നല്‍കുന്നതിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. കുടുംബാംഗങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാന മാര്‍ഗം കണ്ടെത്തി നല്‍കണമെന്ന് മഖ്യമന്ത്രി നിര്‍ദേശിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യേക ശുശ്രൂഷയും പുനരധിവാസവും വേണം. അദ്ദേഹം നിര്‍ദേശിച്ചു.

◾സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്കു സാധ്യത. ഹിമാലയന്‍ താഴ്വരയിലെ മണ്‍സൂണ്‍ പാത്തി രണ്ടു ദിവസത്തിനകം തെക്കു ഭാഗത്തേക്കു മാറി സാധാരണ സ്ഥാനത്ത് എത്തും. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുകയും ചെയ്യും.

◾ഓണത്തിനു മുന്‍പ് ജൂലൈ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി. ശമ്പളത്തിന്റെ ആദ്യ ഗഡു നല്‍കേണ്ടത് കെഎസ്ആര്‍ടിസിയാണെന്ന് കോടതി പറഞ്ഞു. 130 കോടി രൂപ സര്‍ക്കാരില്‍ നിന്ന് ലഭിച്ചാല്‍ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നല്‍കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കേസ് ഈ മാസം 21 ലേക്ക് മാറ്റി.

◾സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയില്‍ കൊല്ലത്ത് നടക്കും. കായികമേള ഒക്ടോബറില്‍ കുന്നംകുളത്തും സെപ്ഷ്യല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്തും നടക്കും. തിരുവനന്തപുരത്ത് ഡിസംബറിലാണ് ശാസ്ത്ര മേള നടക്കുക.

◾പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനു രണ്ടു കോടി രൂപയുടെ ആസ്തി. 2,07,98,117 രൂപയാണ് സമ്പാദ്യം. പണമായി കൈയിലും ബാങ്കിലുമായി 1,07, 956 രൂപയുണ്ട്. ഭാര്യയുടെ പക്കല്‍ 5,55,582 രൂപയുമുണ്ട്. 7,11,905 രൂപയുടെ ബാധ്യതയുമുണ്ട്.

◾പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായ ലൂക്ക് തോമസാണ് സ്ഥാനാര്‍ത്ഥിയാകുക.

◾പി.വി അന്‍വര്‍ എംഎല്‍എ 19 ഏക്കര്‍ അധിക ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ലാന്‍ഡ് ബോര്‍ഡ്. 2007 ല്‍ തന്നെ അന്‍വര്‍ ഭൂപരിധി മറികടന്നിരുന്നു. അന്‍വറിനും കുടുംബാംഗങ്ങള്‍ക്കും ലാന്‍ഡ് ബോര്‍ഡ് നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. ലാന്‍ഡ് ബോര്‍ഡ് വ്യക്തമാക്കി.

◾എന്‍സിഇആര്‍ടി വെട്ടിമാറ്റിയ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഡീഷണല്‍ ടെക്സ്റ്റ് ബുക്കുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഈ മാസം 23 ന് പുറത്തിറക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വൈകുന്നേരം നാലിന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

◾ഓണം പൊന്നോണമാക്കാനുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പട്ടിണിയാണെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. മലയാളി നല്ല രീതിയില്‍ ഓണമുണ്ണും എന്നത് ഈ സര്‍ക്കാറിന്റെ ഗ്യാരണ്ടിയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. പുതുപ്പള്ളി നിയോജക മണ്ഡലം എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍.  

◾ഭീഷണിപ്പെടുത്തിയും കേസെടുത്തും കോണ്‍ഗ്രസിനെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും ജനദ്രോഹഭരണത്തിനും എതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

◾മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് മൃദുസമീപനം പാലിച്ചില്ലെന്നൂം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിഷയമാക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി അഴിമതി ആരോപണങ്ങളോട് പ്രതികരിക്കാതെ ഓടിയൊളിക്കുന്നു. മറുപടി പറയുന്ന എം.വി. ഗോവിന്ദന്‍ പാര്‍ട്ണര്‍ ആണോയെന്നും സതീശന്‍ ചോദിച്ചു.

◾ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന പരാതിപ്പെട്ടതിനു പിറകേ, മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി. അഞ്ചു വര്‍ഷമായി ദുരിതം അനുഭവിക്കുന്ന ഹര്‍ഷിനയ്ക്കു നീതിയും നഷ്ടപരിഹാരവും നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ എക്സാലോജിക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ മന്ത്രി മുഹമ്മദ് റിയാസ്. ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകനോട്, 'ഇതു ചോദിക്കാനാണ് ഇയാള്‍ വന്നതെന്ന് മനസിലായി' എന്നു മാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം.

◾പുതുപ്പള്ളിയില്‍ ആദ്യമായി ഉമ്മന്‍ചാണ്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയത് ഗൂഢാലോചനയിലൂടെയാണെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. പുതുപ്പള്ളിയിലെ കോണ്‍ഗ്രസുകാരെല്ലാം കാലുവാരികളാണ്. 53 വര്‍ഷമായിട്ടും വ്യക്തിവോട്ടുകള്‍ രാഷ്ട്രീയ വോട്ടാക്കാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞിട്ടില്ല. ചാക്കോ പറഞ്ഞു.

◾തിരുവനന്തപുരം പാറശ്ശാല പൊന്‍വിളയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്തു. ഇന്നലെ ഉദ്ഘാടനം നിര്‍വ്വഹിച്ച ഉമ്മന്‍ചാണ്ടിയുടെ സ്തൂപമാണ് തകര്‍ക്കപ്പെട്ടത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

◾പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന പരാതിയില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കുമെതിരെ പൊലീസ് കേസ്. ആര്‍എസ്എസ് മുന്‍ ജില്ലാ കാര്യവാഹക് ബിജു നല്‍കിയ പരാതിയിലാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്.

◾പാലക്കാട് പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിനു വാക്സിന്‍ മാറി നല്‍കി. അഞ്ചുദിവസം പ്രായമായ കുഞ്ഞിനു ബിസിജി കുത്തിവയ്പിനു പകരം പോളിയോ വാക്സിനാണ് നല്‍കിയത്. കുഞ്ഞിനെ നിരീക്ഷണത്തിലാക്കി.

◾ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ അഡ്വ. ബി എ ആളൂരിനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യം. നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്‌സ് ഓഫ് ഇന്ത്യ ഭാരവാഹികകള്‍ വാര്‍ത്താസമ്മേളത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

◾എറണാകുളം രാമമംഗലത്ത് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പരീത്, ബൈജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

◾മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കോളജ് അധികൃതര്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നാണ് പരാതി.

◾ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കണമെന്ന് നടന്‍ ജോയ് മാത്യു. കരുളായിയില്‍ മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലാണ് കൊന്നതെന്ന് പറഞ്ഞത് സിപിഐക്കാരാണെന്നും എന്നാല്‍ ഇപ്പോള്‍ സിപിഐ വാലും ചുരുട്ടി മിണ്ടാതിരിക്കുകയാണെന്നും ജോയ് മാത്യു പറഞ്ഞു. ഗ്രോ വാസുവിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.

◾ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളില്‍ നിര്‍മ്മാണ നിരോധനവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കളക്ടര്‍ ഉത്തരവിറക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേവികുളം ആര്‍ഡിഒ ഓഫീസ് ഉപരോധിച്ചു.

◾മദ്യപിച്ചു വാഹനമോടിച്ച ഡ്രൈവര്‍മാരെ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ ഇംപോസിഷന്‍ എഴുതിച്ചതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നിയമ നടപടികള്‍ക്കു പുറമേ, ബോധവത്ക്കരണം വേണമെന്നും കമ്മീഷന്‍ അംഗം വികെ. ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു.

◾കായംകുളം എരുവ ക്ഷേത്രകുളത്തില്‍ പെണ്‍കുട്ടി മരിച്ച നിലയില്‍. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതില്‍ വിജയന്റെ മകള്‍ വിഷ്ണുപ്രിയ എന്ന പതിനേഴുകാരിയാണ് മരിച്ചത്.

◾സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഒളിച്ചുവച്ച് വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഐടി ജീവനക്കാരനും കണ്ണൂര്‍ കരുവള്ളൂര്‍ സ്വദേശിയുമായ അഭിമന്യുവാണ് കളമശേരി പൊലീസിന്റെ പിടിയിലായത്.

◾ഗവിയില്‍ വനംവകുപ്പ് വാച്ചറെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് വനം വികസന കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. വാച്ചറായ വര്‍ഗീസ് രാജിനെ വനം വികസന കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് മാനേജര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാണ് ആരോപണം. വാച്ചറുടെ പരാതിയില്‍ മൂഴിയാര്‍ പൊലീസ് കേസെടുത്തു.

◾നയപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്നും അതില്‍ ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട്. അസാധാരണ സന്ദര്‍ഭങ്ങളില്‍ മാത്രമേ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കോടതി വിളിപ്പിച്ചു വരുത്താവൂ. സര്‍ക്കാര്‍ ഉള്‍പ്പെടുന്ന കേസുകളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച കരടു രേഖയിലാണ് ഈ നിര്‍ദേശം. ഹാജരാകുന്ന ഉദ്യോഗസ്ഥനെ അവഹേളിക്കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ പാടില്ലെന്നും കരടില്‍ പറയുന്നു.

◾കോടതി ഉത്തരവുകളില്‍ സ്ത്രീകളെ വിശേഷിപ്പിക്കാന്‍ പാടില്ലാത്ത 'അവിഹിതം', 'വേശ്യ' തുടങ്ങിയ വാക്കുകള്‍ക്കു വിലക്ക്. അരുതാത്ത വാക്കുകള്‍ ഉള്‍പെടുത്തി ജഡ്ജിമാര്‍ക്കുള്ള ഗൈഡ് സുപ്രീം കോടതി പുറത്തിറക്കി. വിധികളില്‍ ചില സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഗൈഡ് തയാറാക്കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഗൈഡ് പ്രകാശനം ചെയ്തു.

◾അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴു ലോക്സഭാ സീറ്റുകളിലും ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ പങ്കെടുത്ത ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിനുശേഷം വക്താവ് അല്‍കാ ലാംബയാണ് ഇക്കാര്യം വെളിപെടുത്തിയത്. ഇതേസമയം, ഡല്‍ഹിയില്‍ ഒന്നിച്ചു നില്‍ക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഇന്ത്യ മുന്നണിയില്‍ ഉണ്ടാകില്ലെന്ന് ആം ആദ്മി പാര്‍്ടി വക്താവ് പ്രിയങ്ക കക്കാര്‍ പറഞ്ഞു.

◾എന്‍സിപി, ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ ചേരുമെന്നും താന്‍ കേന്ദ്രമന്ത്രിയാകുമെന്നുമുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമായ അഭ്യൂഹങ്ങളാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. കുടുംബാംഗം എന്ന നിലയിലാണ് ഉപമുഖ്യമന്ത്രി അജിത് പവാര്‍ തന്നെ കാണാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

◾കരകൗശല തൊഴിലാളികള്‍ക്ക് ഈടില്ലാതെ രണ്ടുലക്ഷം രൂപവരെ അഞ്ചു ശതമാനം പലിശയ്ക്കു വായ്പ നല്‍കുന്ന പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 30 ലക്ഷം തൊഴിലാളികള്‍ക്കു പ്രയോജനം ലഭിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍.

◾മണിപ്പൂരിലെ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ 54 അംഗ സംഘത്തെ സിബിഐ നിയോഗിച്ചു. രണ്ടു ദിവസത്തിനകം സംഘം മണിപ്പൂരിലെത്തും. ഏതാനും ഉദ്യോഗസ്ഥര്‍ ഇതിനകം അന്വഷണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.  

◾ആണ്‍സുഹൃത്തിനെ വിവാഹം കഴിക്കാന്‍ അയാളുടെ 11 വയസുള്ള മകന്‍ ദിവ്യാന്‍ഷിനെ കൊലപ്പെടുത്തിയ 24 കാരി പൂജ ഡല്‍ഹിയില്‍ അറസ്റ്റിലായി. മൃതദേഹം ബെഡ് ബോക്സില്‍ നിന്നാണു കണ്ടെത്തിയത്.

◾2023 വനിതാ ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ട് സ്പെയിന്‍ പോരാട്ടം. ഇന്നലെ നടന്ന ആവേശകരമായ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ആതിഥേയരായ ഓസ്‌ട്രേലിയയെ കീഴടക്കിയാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശനം.

◾മ്യൂച്വല്‍ ഫണ്ടില്‍ മാസം തോറും നിശ്ചിതുക നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്. മ്യൂച്വല്‍ ഫണ്ടില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ് മെന്റ് പ്ലാന്‍ വഴി നിക്ഷേപം നടത്തിയവരുടെ എണ്ണം ജൂലൈയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 15,245 കോടി രൂപയിലെത്തി. ജൂലൈയിലെ പ്രതിമാസ എസ്‌ഐപി വിഹിതം ജൂണിലെ വിഹിതത്തേക്കാള്‍ (14,734 കോടി രൂപ) കൂടുതലാണ്, മെയ് മാസത്തിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍വഴിയുള്ള നിക്ഷേപം 14,749 കോടി രൂപയായിരുന്നു. ചെറുകിട നിക്ഷേപകരുടെ താല്‍പര്യം കുതിച്ചുയര്‍ന്നതോടെയാണ് റെക്കോഡ് നേട്ടത്തിലെത്തിയത്. 33 ലക്ഷത്തിലധികം പുതിയ എസ്‌ഐപി അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, പ്രതിമാസ സംഭാവനയായി 15,215 കോടി രൂപയുടെ റെക്കോര്‍ഡ് നേട്ടം നേടുകയും ചെയ്തതായി ആംഫി അറിയിച്ചു.
2022 ഒക്ടോബര്‍ മുതല്‍ എസ്‌ഐപി വഴിയുള്ള നിക്ഷേപം 13,000 കോടി രൂപയ്ക്ക് മുകളിലാണ്. ഇതോടെ, നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ നാല് മാസങ്ങളില്‍ (ഏപ്രില്‍-ജൂലൈ മാസങ്ങളില്‍) മൊത്തം നിക്ഷേപം ഏകദേശം 58,500 കോടി രൂപയിലെത്തി. എസ്ഐപി മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ രീതിയാണ്. ഇതില്‍ ഒരു വ്യക്തിക്ക് നിശ്ചിത ഇടവേളകളില്‍ നിശ്ചിത തുക നിക്ഷേപിക്കാവുന്നതാണ്. പ്രതിമാസം 500 രൂപ മുതല്‍ നിക്ഷേപിക്കുകയും ചെയ്യാം. അതേസമയം ജൂലൈയില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ പ്രതിമാസം 12 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുന്‍ മാസത്തെ 8,637 കോടിയില്‍ നിന്ന് ജൂലൈയില്‍ 7,626 കോടി രൂപയിലേക്ക് നിക്ഷേപം കുറഞ്ഞു.

◾കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറുന്ന രജനികാന്തിന്റെ 'ജയിലര്‍' ആഗോള വിപണിയില്‍ 400 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. തെന്നിന്ത്യയില്‍ ഈ വര്‍ഷം പൊന്നിയിന്‍ സെല്‍വന്‍ 2 നേടിയ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്ന് മുന്നേറുകയാണ് ജയിലര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായി എത്തിയ രജനികാന്തിന് 110 കോടി രൂപയാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതിഥിതാരമായെത്തിയ മോഹന്‍ലാലിനും കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറിനും എട്ട് കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്. കാവാലയ്യ എന്ന ഗാനരംഗത്തിലും ചില സീനുകളിലും പ്രത്യക്ഷപ്പെട്ട തമന്നയ്ക്ക് മൂന്നു കോടി രൂപ പ്രതിഫലം ലഭിച്ചു. വില്ലന്‍ വേഷത്തില്‍ ക്രൂരനായ വര്‍മ്മന്‍ എന്ന കഥാപാത്രമായി രജനിക്കൊപ്പം കട്ടയ്ക്ക് തന്നെ നിന്ന മലയാള താരം വിനായകന് 35 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത്. ബോളിവുഡ് താരം ജാക്കി ഷ്രോഫിന് നാലു കോടി രൂപ പ്രതിഫലം ലഭിച്ചപ്പോള്‍ രമ്യ കൃഷ്ണന് 80 ലക്ഷമാണ് ലഭിച്ചത്. സുനില്‍ 60 ലക്ഷം, വസന്ത് രവി 60 ലക്ഷം, റെഡിന്‍ കിംഗ്‌സ്ലേ 25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം. അതേസമയം സംവിധായകന്‍ നെല്‍സണ് പ്രതിഫലമായി പത്ത് കോടി രൂപയാണ് ലഭിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.

◾അമിത് ചക്കാലക്കല്‍, സാബുമോന്‍ അബ്ദുസമദ്, മനോജ് കെ യു, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'പ്രാവ്'. അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കൂടി റിലീസ് ചെയ്തു. നവാസ് അലിയാണ് ചിത്രത്തിന്റെ സംവിധാനം. സംവിധായകനുമായ പത്മരാജന്റെ വിഖ്യാതമായ ഒരു കഥയെ അവലംബമാക്കിയാണ് 'പ്രാവ്' ഒരുക്കുന്നത്. ബി കെ ഹരിനാരായണനാണ് പ്രാവെന്ന ചിത്രത്തിന്റെ ഗാനരചന. ബിജി ബാലാണ് ചിത്രത്തിന്റെ സംഗീതം. ആന്റണി ജോ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സെപ്തംബര്‍ 15ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം വേഫേറെര്‍ ഫിലിംസ് ആണ്.

◾സ്‌കോര്‍പിയോ എന്‍ അടിസ്ഥാനമാക്കിയുള്ള ഗ്ലോബല്‍ പിക് അപ് ട്രക്ക് കണ്‍സെപ്റ്റ് പുറത്തുവിട്ട് മഹീന്ദ്ര. ഓഗസ്റ്റ് 15ന് ദക്ഷിണാഫ്രിക്കയില്‍ നടന്ന ആനുവല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ എക്‌സ്ട്രാവെഗന്‍സയിലാണ് മഹീന്ദ്ര ഗ്ലോബല്‍ പിക് അപ് ട്രക്കിന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗ്ലോബല്‍ എന്‍സിഎപി, യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റുകളില്‍ മികച്ച പ്രകടനം നടത്തിയ അടുത്ത തലമുറ ലാഡര്‍ ഫ്രെയിമിലാണ് ഗ്ലോബല്‍ പിക് അപ് ട്രക്ക് നിര്‍മിക്കുക. ഇസഡ് 121 എന്ന കോഡ് നെയിമില്‍ മഹീന്ദ്ര അവതരിപ്പിച്ച ഗ്ലോബല്‍ പിക് അപ് ട്രക്കിന്റെ ഹെഡ് ലൈറ്റും ബോണറ്റും ഫെന്‍ഡറുകളും മുന്‍ ഡോറുകളുമെല്ലാം സ്‌കോര്‍പിയോ എന്നുമായി സാമ്യതയുള്ളതാണ്. ഫോര്‍ ഡോര്‍ ഥാറിന്റേതിനു സമാനമായി 2,850എംഎം ആയിരിക്കും ഗ്ലോബല്‍ പിക് അപിന്റെ വീല്‍ബേസ്. 4 വീല്‍ ഡ്രൈവിനെ പിന്തുണക്കുന്ന മഹീന്ദ്ര ഗ്ലോബല്‍ പിക്അപ്പില്‍ നാലു ഡ്രൈവ് മോഡുകളും ഉണ്ടാവും. നോര്‍മല്‍, ഗ്രാസ്-ഗ്രാവെല്‍-സ്‌നോ, മഡ്-റട്ട്, സാന്‍ഡ് എന്നിവയാണ് ഡ്രൈവ് മോഡുകള്‍. പിക്അപ് ട്രക്കിന് വിപണിയുള്ള ആസിയാന്‍ രാജ്യങ്ങളും മഹീന്ദ്ര ലക്ഷ്യം വെക്കുന്നുണ്ട്.

◾നിങ്ങള്‍ ഈ കഥകളില്‍ വായിക്കുന്നത്, അകമേയും പുറമേയും തോറ്റ ഒരു ജനതയുടെ ശിരോലിഖിതമാണ്. ചരിത്രത്തെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചവരും മറുസ്വരങ്ങളെ ചവിട്ടയരച്ചവരും സത്യത്തിന്റെ ഓജസ്സുറ്റ യൗവനം ചോര്‍ന്നു പോയവരും ഇതില്‍ ഇതിവൃത്തമായി പരിണമിക്കുന്നു. വിധേയത്വം കൊടിപ്പടമാക്കിയ വരും പ്രത്യയശാസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് ചെക്കുബുക്കുകള്‍ സ്വന്തമാക്കിയവരും ഇവിടെ കവാത്തു നടത്തുന്നു. തെരുവുകളിലെ ചോരപ്പശയില്‍ ചവിട്ടിനിന്ന്, വിലാപങ്ങളുടെ ഇരമ്പല്‍ പശ്ചാത്തല സംഗീതമാക്കി ഇവര്‍, വരാനിരിക്കുന്ന സുദിനം പ്രവചിക്കുന്നു. നമ്മുടെ കാലം എത്ര ആശയറ്റതാണ് എന്നതിന്റെ വെളിവും തെളിവുമാണ് ഈ കൃതി. 'രാഷ്ട്രീയ കഥകള്‍'. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. എച്ആന്‍ഡ്സി ബുക്സ്. വില 304 രൂപ.

◾കുഞ്ഞുങ്ങളുടെ ചെവിയില്‍ ഉമ്മവയ്ക്കുന്നത് കോക്ലിയര്‍ കിസ് ഇഞ്ചുറിയിലേക്കും കേള്‍വി നഷ്ടത്തിലേക്കും നയിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. കുഞ്ഞുങ്ങളുടെ ചെവിയില്‍ നല്‍കുന്ന ഉമ്മയുടെ മര്‍ദം ഉള്ളിലെ ടിംപാനിക് പാളിയെ പുറത്തേക്ക് തള്ളി ചെവിയുടെ മധ്യഭാഗത്തുള്ള സ്റ്റേപ്പസ് മാലിയസിനും ഇന്‍കസിനും സ്ഥാനഭ്രംശം ഉണ്ടാക്കാം. ഇത് ചെവിക്കുള്ളിലെ ദ്രാവകം ചോര്‍ന്ന് കോക്ലിയര്‍ ഹെയര്‍ കോശങ്ങള്‍ക്ക് നാശം വരുത്താം. ഇത് സെന്‍സോറിന്യൂറല്‍ ഹിയറിങ് ലോസ് എന്ന കേള്‍വി നഷ്ടത്തിലേക്ക് നയിക്കുന്നു. ചെവിക്കുള്ളില്‍ മുഴക്കം, ചെവി അടഞ്ഞ തോന്നല്‍, ശബ്ദത്തോടുള്ള സഹിഷ്ണുതയില്ലായ്മ, ഓക്കാനം എന്നിവയാണ് ഇതിന്റെ മറ്റു ലക്ഷണങ്ങള്‍. കുഞ്ഞുങ്ങളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ചെവിയിലെ അമര്‍ത്തിയുള്ള ഉമ്മ കേള്‍വി നഷ്ടത്തിന് കാരണമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചെവിയിലെ കനാലുകള്‍ ചെറുതായതിനാല്‍ കുഞ്ഞുങ്ങളും ചെറിയ കുട്ടികളുമാണ് ഇത്തരത്തിലെ കേള്‍വി നഷ്ടത്തിന് കൂടുതലും ഇരകളാകുക എന്നു മാത്രം. കുഞ്ഞുങ്ങള്‍ക്ക് രോഗത്തെ കുറിച്ച് പറയാന്‍ സാധിക്കാത്തതിനാല്‍ ഇവരില്‍ രോഗനിര്‍ണയവും വൈകാം. ഓഡിയോമെട്രി, ഇംപെഡന്‍സ് ഓഡിയോമെട്രി, സ്റ്റാപെഡിയല്‍ റിഫ്‌ളക്‌സ്, ബ്രെയ്ന്‍സ്റ്റം ഇവോക്ഡ് റെസ്‌പോണ്‍സ് ഓഡിയോമെട്രി എന്നിങ്ങനെ പല പരിശോധനകളിലൂടെയാണ് ഡോക്ടര്‍മാര്‍ കോക്ലിയര്‍ കിസ് ഇഞ്ചുറി നിര്‍ണയിക്കുന്നത്. കൃത്യ സമയത്ത് കണ്ടെത്തി ചികിത്സ ആരംഭിച്ചാല്‍ ടിംപാനിക് സ്റ്റിറോയ്ഡ് ഇഞ്ചക്ഷനുകളെല്ലാം നല്‍കി കേള്‍വി നഷ്ടം പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ രോഗം നിര്‍ണയിക്കാതെയും ചികിത്സിക്കാതെയും ഇരിക്കുന്നത് സ്ഥിരമായ കേള്‍വി നഷ്ടത്തിലേക്ക് നയിക്കാം. ഇത് കുഞ്ഞുങ്ങളുടെ സംസാരശേഷിയെയും ഭാഷാശേഷികളെയും രാത്രിയിലെ ഉറക്കത്തെയും ജീവിതനിലവാരത്തെയുമെല്ലാം ബാധിക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
രാജാവ് കാട്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു. ഒരു കുടില് കണ്ട രാജാവ് അവിടെ തന്റെ കുതിരയെ നിര്‍ത്തി. ആ കുടിലിന് മുന്‍പിലെ കൂട്ടില്‍ ഒരു തത്തയുണ്ടായിരുന്നു. ആ രാജാവിനെ കണ്ടയുടനെ തത്ത ഇങ്ങനെ വിളിച്ചുപറഞ്ഞു: പിടിയവനെ, ആ കുതിരയെയും വിടരുത് .. താന്‍ എത്തിയത് കൊള്ളസംഘത്തിലാണെന്ന് മനസ്സിലായ രാജാവ് തന്റെ കുതിരയെയും കൊണ്ട് രക്ഷപ്പെട്ടു. വീണ്ടും കുറെ ദൂരം സഞ്ചരിച്ച് മറ്റൊരു കുടിലിനരികിലെത്തി. അവിടെയും ഒരു തത്ത കൂട്ടിലുണ്ടായിരുന്നു. രാജാവിനെ കണ്ട് തത്ത ഇങ്ങനെ പറഞ്ഞു: സ്വാഗതം, അതിഥിക്ക് ഭക്ഷണവും വെള്ളവും കൊണ്ടുവരൂ.. ഇത് കേട്ടപ്പോള്‍ അതൊരു ആശ്രമമാണെന്ന് രാജാവിന് മനസ്സിലായി. ഒരു സന്ന്യാസി വന്ന് അദ്ദേഹത്തെ സ്വീകരിച്ചിരുത്തി. രാജാവ് തനിക്ക് രണ്ടിടത്തും നിന്നും നേരിട്ട അനുഭവത്തെപ്പറ്റി വിവരിച്ചു. ഇത് കേട്ട് തത്ത പറഞ്ഞു: ഞങ്ങള്‍ രണ്ടും ഒരു കൂട്ടില്‍ വിരിഞ്ഞവരാണ്. അവളെ കൊള്ളക്കാരും എന്നെ ഗുരുവും എടുത്തു അതാണ് വ്യത്യാസം.. വളര്‍ത്തുന്നവരുടെ സഞ്ചാരപഥമാണ് വളരുന്നവരുടെ ഭ്രമണപഥം. വഴികളേതെന്നോ വ്യത്യാസമെന്തെന്നോ തിരിച്ചറിയാത്ത പ്രായത്തില്‍ ആരു വഴിയൊരുക്കി എന്നത് ഓരോരുത്തരുടേയും ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. പടര്‍ന്നുകയറുന്ന വള്ളിക്ക് താങ്ങായി നില്‍ക്കുന്ന മരം അടിത്തറയും ആത്മവിശ്വാസവും നല്‍കേണ്ടതുണ്ട്. വളഞ്ഞുനില്‍ക്കുന്ന മരത്തില്‍ പടരുന്ന വള്ളിയിലും ആ വളവ് രൂപപ്പെടും. ഓരോരുത്തരിലും അയാളെ വളര്‍ത്തിയവരുടെ കയ്യൊപ്പുണ്ടാകും.. നമ്മളിലോരോരുത്തരിലും നമ്മെ പരിപാലിച്ചവരുടെ അടയാളങ്ങളുണ്ടാകും.. നമ്മെ ആശ്രയിക്കുന്നവരെ വളയാതെ വളര്‍ത്താന്‍ നമുക്കും ശ്രമിക്കാം - ശുഭദിനം.