◾രാജ്യം അതിവേഗം ഫൈവ് ജിയില്‍ നിന്ന് സിക്സ് ജിയിലേക്കു കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 6 ജി വേഗത്തിലാക്കാന്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. 5 ജിയില്‍ സെക്കന്‍ഡില്‍ 10 ജിഗാ ബൈറ്റാണു വേഗമെങ്കില്‍ 6 ജിയില്‍ സെക്കന്‍ഡില്‍ ഒരു ടെറാബൈറ്റാണ്. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മോദി പറഞ്ഞു.
◾സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിലെ മുതിര്‍ന്ന ചില പാര്‍ലമെന്റംഗങ്ങള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി. കോണ്‍ഗ്രസ് വക്താവ് പ്രവീണ്‍ ചക്രവര്‍ത്തിയാണ് ഇക്കാര്യം വെളിപെടുത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നേടിയശേഷം കൂടിക്കാഴ്ചയാകാമെന്നാണ് രാഹുല്‍ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
◾മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ ഏഴു കോടി രൂപയുടെ ഭൂമി 1.92 കോടി രൂപയ്ക്കു രജിസ്റ്റര്‍ ചെയ്തതടക്കമുള്ള കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും അന്വേഷിക്കണമെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍. കണക്കറ്റ വരുമാനം മാത്യു കുഴല്‍നാടനുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനും വിജിലന്‍സിനും മോഹനന്‍ പരാതി നല്‍കി. ആരോപണങ്ങള്‍ക്ക് ഇന്നു മറുപടി പറയുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രതികരിച്ചു.
◾കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിലെ മൂന്നു സ്റ്റേഷനുകളുടെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍ മുതല്‍ കാക്കനാട് വരെ നീളുന്നതാണു കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. കിന്‍ഫ്ര പാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, ചിറ്റേത്തുകര എന്നീ സ്റ്റേഷനുകളുടെ നിര്‍മ്മാണത്തിനുള്ള ടെന്‍ഡറുകളാണ് ക്ഷണിച്ചത്.
◾വീണ വിജയന്റെ ഐടി കരാര്‍ കമ്പനി ഇപ്പോഴില്ലെന്നും വ്യാജപ്രചാരണങ്ങളാണു നടക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമായ വിശദീകരണം നല്‍കിയിട്ടുണ്ട്. മുഹമ്മദ് റിയാസ് നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റുണ്ടെന്ന ആക്ഷേപത്തെക്കുറിച്ച് ആര്‍ക്കു വേണമെങ്കിലും അന്വേഷിക്കാമെന്നും ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂര്‍ എളയാവൂരില്‍ ഡിവൈഎഫ്ഐ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾മഹാരാജാസ് കോളജില്‍ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കെഎസ് യുവിനു പങ്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. യുണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിലിനെതിരെയുള്ള ആരോപണത്തിനും നടപടിക്കും പിന്നില്‍ ഇടതുപക്ഷ അധ്യാപക- അനധ്യാപക- വിദ്യാര്‍ത്ഥി സംഘടനകളുടെ ഗുഢലോചനയുണ്ട്. ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
◾എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം മാര്‍പ്പാപ്പയ്ക്കും സഭയ്ക്കുമൊപ്പമാണോ എന്ന് ചോദിച്ച് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍. സഭയും മാര്‍പ്പാപ്പയും അംഗീകരിച്ച ഏകീകൃത കുര്‍ബാനയ്ക്കെതിരായ നിലപാട് സഭാ വിരുദ്ധമാണ്. വസ്തുതകള്‍ വിശ്വാസികളില്‍നിന്ന് മറച്ചുവയ്ക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരേ കര്‍ശന നടപടി വേണ്ടിവരുമെന്നും കാക്കനാട് സെന്റ് തോമസ് മൗണ്ടിലെ കുര്‍ബാനയ്ക്കിടെ അദ്ദേഹം പറഞ്ഞു.
◾എറണാകുളം- അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനെത്തിയ പൊന്റിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് സിറില്‍ വാസിലിനെതിരെയുണ്ടായ പ്രതിഷേധം അങ്ങേയറ്റം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സിറോ മലബാര്‍സഭ അറിയിച്ചു.
◾കൊല്ലം പത്തനാപുരത്ത് പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് മലപ്പുറം സ്വദേശി ഗണേഷിനെ നാട്ടുകാര്‍ കെട്ടിയിട്ട് പൊലീസില്‍ ഏല്‍പ്പിച്ചു. 23 വയസുള്ള ഭാര്യ പത്തനാപുരം കടശ്ശേരി സ്വദേശി രേവതിയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾കോഴിക്കോട് കൊയിലാണ്ടിയില്‍ എക്സൈസുകാരെയും പൊലീസുകാരെയും ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. സുമേഷ്, മുര്‍ഷിദ്,യാസര്‍ എന്നിവരാണ് പിടിയിലായത്. മദ്യവും മയക്കുമരുന്നും വില്‍ക്കുന്നുണ്ടെന്ന് അറിഞ്ഞെത്തിയ ഉദ്യോഗസ്ഥരെയാണ് ആക്രമിച്ചത്.
◾മൂവാറ്റുപുഴയില്‍ അരീക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നു പിടിച്ച രണ്ടു പൊലീസുകാരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. വെള്ളച്ചാട്ടം കാണാനെത്തി മദ്യപിച്ചു സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പോലീസുകാരെ നാട്ടുകാര്‍ മര്‍ദിച്ചിരുന്നു.
◾കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച പേര്‍ഷ്യന്‍ പൂച്ചയെകൂടി പോലീസ് പിടികൂടി. എറണാകുളത്ത് അല്ലപ്ര മനക്കപ്പടി നക്ലിക്കാട്ട് വീട്ടില്‍ സുനിലിനെ 20 ഗ്രാം കഞ്ചാവുമായി പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയിരുന്നു. വീടു പരിശോധിച്ച പോലീസുകാര്‍ അവിടെ കണ്ട പേര്‍ഷ്യന്‍ പൂച്ചയുടെ ഫോട്ടോയെടുത്തു. സ്റ്റേഷനില്‍ തിരിച്ചത്തിയപ്പോഴാണ് പൂച്ചയെ കാണാനില്ലെന്ന പരാതിയുമായി ഒരു യുവതി എത്തിയത്. ഇതോടെ പ്രതി പൂച്ച മോഷണക്കേസിലും കുടുങ്ങി.
◾വിവാഹം നടത്തിയതിനു ബ്രോക്കര്‍ ഫീസ് ചോദിച്ചതിന് ബ്രോക്കറുടെ തലയടിച്ചു പൊട്ടിച്ച സഹോദരങ്ങള്‍ പിടിയില്‍. തിരുവനന്തപുരം വര്‍ക്കലയില്‍ അരിവാളം സ്വദേശികളായ ഷക്കീര്‍, റിബായത്ത്, നാസ് എന്നിവരാണ് പിടിയിലായത്.
◾എറണാകുളത്ത് മയക്കുമരുന്നുമായി പച്ചാളം പുത്തന്‍തറ വീട്ടില്‍ രോഷെല്ലെ വിവേര (38) പിടിയിലായി. 5.89 ഗ്രാം കൊക്കയിന്‍, 5.71 ഗ്രാം എംഡിഎംഎ, 1.52 ഗ്രാം കഞ്ചാവ് ഓയില്‍ എന്നിവ പിടിച്ചെടുത്തു.
◾കോടതി വിധികള്‍ പ്രാദേശിക ഭാഷയിലും വേണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പരിപാടിയില്‍ പ്രസംഗിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ചീഫ് ജസ്റ്റീസിനെ അനുമോദിച്ചു സംസാരിച്ചതോടെ സദസിലുണ്ടായിരുന്ന ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് കൈകൂപ്പി നന്ദി അറിയിച്ചു.
◾ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ സുരക്ഷാ വീഴ്ച. പാറ്റ്‌നയിലെ വേദിയിലേക്ക് ഇടിച്ചുകയറി സര്‍ക്കാര്‍ ജോലി ആവശ്യപ്പെട്ട നിതീഷ്‌കുമാര്‍ എന്ന യുവാവിനെ അറസ്റ്റു ചെയ്തു.
◾ഇന്ത്യയും യുഎഇയും ആദ്യമായി പ്രാദേശിക കറന്‍സി വഴി ക്രൂഡ് ഓയില്‍ ഇടപാട് നടത്തി. 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങിയത് രൂപയും ദിര്‍ഹവും മാത്രം ഉപയോഗിച്ചാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തിലെ ധാരണപ്രകാരമാണ് നടപടി.
◾നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേരുമാറ്റി. പ്രധാനമന്ത്രി മ്യൂസിയം ആന്‍ഡ് ലൈബ്രറി എന്നാണു മാറ്റിയത്. ആദ്യ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന തീന്‍ മൂര്‍ത്തി ഭവന്‍ കഴിഞ്ഞ വര്‍ഷമാണ് മ്യൂസിയമാക്കി ഉദ്ഘാടനം ചെയ്ത്.
◾ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ധാരണയായി. എന്നാല്‍ സൈനിക പിന്‍മാറ്റം സംബന്ധിച്ച് തീരുമാനമില്ല. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടന്നതായി കേന്ദ്രം അറിയിച്ചു.
◾മണിപ്പൂര്‍ കലാപത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട മൂവായിരം കൂടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ താത്കാലിക വീടുകള്‍ നിര്‍മിക്കുന്നു. ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയായി. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്ന അറുപതിനായിരത്തോളം പേരെ പുനരധിവസിപ്പിക്കാനാണ് ശ്രമം. അഞ്ചിടങ്ങളിലായാണു വീടുകള്‍ നിര്‍മിക്കുന്നത്.
◾ഹരിയാനയിലെ നൂഹിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഗോ സംരക്ഷകന്‍ ബിട്ടു ബജ്റംഗിയെ അറസ്റ്റു ചെയ്തു. കലാപത്തിനു പ്രേരിപ്പിക്കുകയും പ്രകോപനപരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.
◾സുലഭ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ ഡോ ബിന്ദേശ്വര്‍ പഥക് ഡല്‍ഹി എയിംസില്‍ അന്തരിച്ചു. ദേശീയ പതാക ഉയര്‍ത്തിയതിനു പിറകേ കുഴഞ്ഞു വീഴുകയായിരുന്നു. ശൗചാലയങ്ങളുടെ പ്രചരണത്തില്‍ വലിയ പങ്ക് വഹിച്ച സംഘടനയാണ് സുലഭ് ഇന്റര്‍നാഷണല്‍.
◾പൂനെയിലെ ഒരു ക്ലബിലെ ആഘോഷത്തിനിടെ ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് പ്രശസ്ത യുക്രേനിയന്‍ ഗായിക ഉമാ ശാന്തിക്കെതിരെ കേസെടുത്തു. മുന്‍ധ്വയിലെ ഒരു ക്ലബ്ബില്‍ നടന്ന പ്രകടനത്തിനിടെ ഉമാ ശാന്തി ഇന്ത്യന്‍ പതാകയെ എറിഞ്ഞെന്നാണ് ആരോപണം.
◾കനേഡിയന്‍ പൗരനായിരുന്ന ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. അക്ഷയ് കുമാര്‍ തന്നെ വെളിപെടുത്തിയതാണ് ഇക്കാര്യം.
◾ബംഗളൂരുവില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ചതിന് 74 വയസുള്ള റിട്ടയേഡ് എസ്ഐ അറസ്റ്റില്‍. ഇയാളുടെ വീടിന്റെ മുകള്‍നിലയില്‍ വാടകയ്ക്കു താമസിക്കുന്നയാളുടെ മകളെ പീഡിപ്പിച്ചെന്നാണു പരാതി.
◾റഷ്യയിലെ റിപ്പബ്ലിക് ഓഫ് ഡെഗിസ്ഥാനിലെ പെട്രോള്‍ പമ്പിലുണ്ടായ സ്ഫോടനത്തില്‍ 35 പേര്‍ മരിച്ചു. 80 പേര്‍ക്കു പരിക്കേറ്റു.
◾ഒക്ടോബര്‍ അഞ്ചിനു തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള ടിക്കറ്റുകള്‍ക്കുള്ള രജിസ്ട്രേഷന്‍ തുടങ്ങി. ഐസിസി വെബ്സൈറ്റിലൂടെ സന്നാഹ മത്സരങ്ങള്‍ക്കും ലോകകപ്പ് മത്സരങ്ങള്‍ക്കുമുള്ള ടിക്കറ്റുകള്‍ക്കായി രജിസ്ട്രേഷന്‍ നടത്താം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ടിക്കറ്റുകള്‍ വില്‍പനക്കെത്തുന്ന ഈ മാസം 25 നു മുമ്പു തന്നെ അറിയിപ്പുകള്‍ ലഭിക്കും.
◾പരിക്കേറ്റതുമൂലം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി. പരിശീലനത്തിനിടെ പരിക്കേറ്റ വിനേഷ് ഫോഗട്ടിനെ മറ്റന്നാള്‍ മുംബൈയില്‍ ശസ്ത്രക്രിയ്ക്കു വിധേയയാക്കും.
◾ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ നായകന്‍ മുഹമ്മദ് ഹബീബ് ഹൈദരാബാദില്‍ അന്തരിച്ചു. 74 വയസായിരുന്നു. മറവിരോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും മൂലം ചികിത്സയിലായിരുന്നു. 1965 നും 1976 നും ഇടയില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ഹബീബ് 1970ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ടീമംഗമായിരുന്നു.
◾വനിതാ ഫുട്ബോള്‍ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച് സ്‌പെയ്ന്‍. ആവേശകരമായ സെമിയില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് സ്വീഡനെ തോല്‍പിച്ചാണ് സ്‌പെയ്ന്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇന്ന് നടക്കുന്ന ഓസ്ട്രേലിയ ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ സ്പെയ്ന്‍ ഫൈനലില്‍ നേരിടും. ഓഗസ്റ്റ് 20 നാണ് ഫൈനല്‍.
◾പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് മഹാരാഷ്ട്ര ആദ്യപാദത്തില്‍ വായ്പയുടെയും നിക്ഷേപത്തിന്റെയും വളര്‍ച്ചാ നിരക്കില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 25 ശതമാനം വര്‍ദ്ധനയാണ് പൂനെ ആസ്ഥാനമായ ബാങ്ക് നേടിയത്. പൊതുമേഖലാ ബാങ്കുകളുടെ ത്രൈമാസ കണക്കുകള്‍ പ്രകാരം 24.98 ശതമാനം വളര്‍ച്ചയോടെ ബാങ്കിന്റെ മൊത്ത ആഭ്യന്തര അഡ്വാന്‍സ് ജൂണ്‍ അവസാനം 1,75,676 കോടി രൂപയായി ഉയര്‍ന്നു. യൂക്കോ ബാങ്ക് 20.70 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ ബാങ്ക് ഒഫ് ബറോഡ 16.80 ശതമാനവും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 16.21 ശതമാനവും നേടി മൂന്നും നാലും സ്ഥാനത്തുണ്ട്. റീട്ടെയില്‍ കാര്‍ഷിക, എം.എസ്.എം.ഇ വായ്പയില്‍ ബാങ്ക് 25.44 ശതമാനം വളര്‍ച്ച നേടി. കുറഞ്ഞ നിരക്കിലുള്ള കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപത്തിലും 50.97 ശതമാനമാണ് വളര്‍ച്ച.
◾മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ആന്‍സന്‍ പോളും അമ്മ വേഷങ്ങളിലെത്തി പ്രേക്ഷകരുടെ പ്രിയം നേടിയ സ്മിനു സിജോയും പ്രധാന വേഷങ്ങളില്‍ എത്തുന്ന റാഹേല്‍ മകന്‍ കോര എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നാട്ടിന്‍പുറത്തുള്ള ഒരു കുടുംബത്തിലെ അമ്മയുടെയും മകന്റെയും അയാളുടെ പ്രണയിനിയുടേയും സംഭവബഹുലമായ ജീവിതകഥ പറയുന്നതാണ് ചിത്രം. എസ്‌കെജി ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദീര്‍ഘനാള്‍ ഒട്ടേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ഉബൈനിയാണ്. അദ്ദേഹത്തിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ഇത്. ഷാജി കെ ജോര്‍ജ് ആണ് നിര്‍മ്മാണം. അല്‍ത്താഫ് സലിം, മനു പിള്ള, മെറിന്‍ ഫിലിപ്പ്, വിജയകുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന് ബേബി എടത്വയാണ് കഥയും തിരക്കഥയുമൊരുക്കുന്നത്.
◾അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 350 കോടി രൂപ കളക്ട് ചെയ്തിരിക്കുകയാണ് രജനികാന്ത് ചിത്രം 'ജയിലര്‍'. 500 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് ചിത്രം ഇപ്പോള്‍. ഇതിനിടെ ചിത്രം ഒരു മാസം കഴിഞ്ഞാലുടന്‍ ഒ.ടി.ടിയില്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 10ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം സെപ്റ്റംബര്‍ 7ന് ഒ.ടി.ടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സണ്‍പിക്‌ച്ചേഴ്‌സുമായി സഹകരിക്കുന്ന നെറ്റ്ഫ്‌ലിക്‌സിലാകും ജയിലര്‍ സ്ട്രീമിംഗ് ആരംഭിക്കുക. നിലവില്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്ന തമിഴ് ചിത്രങ്ങള്‍ 28 ദിവസത്തിന് ശേഷമാണ് ഒ.ടി.ടിയില്‍ എത്തുക. അജിത്ത് ചിത്രം 'തുനിവ്', വിജയ്യുടെ 'വാരിസ്' അടക്കമുള്ള ചിത്രങ്ങളും റിലീസ് ചെയ്ത് 28 ദിവസത്തിന് ശേഷം ഒ.ടി.ടിയില്‍ എത്തിയിരുന്നു. അതേസമയം, 2023ലെ ഏറ്റവും വലിയ ഓപ്പണറായി മാറിയ ചിത്രം ആഗോളതലത്തില്‍ 500 കോടി കളക്ഷന്‍ നേടുമെന്നാണ് കരുതപ്പെടുന്നത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫീസറായാണ് ജയിലറില്‍ രജനികാന്ത് എത്തിയത്. മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രം തിയേറ്ററുകളില്‍ ഏറെ കൈയ്യടി നേടിയിരുന്നു.
◾ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ടോര്‍ക്ക് മോട്ടോര്‍സിന്റെ ഏറ്റവും ഡിമാന്‍ഡുള്ള മോഡലായ ടോര്‍ക്ക് ക്രാറ്റോസ് ആര്‍ കൂടുതല്‍ ഫീച്ചറുകളുമായെത്തുന്നു. വളരെ കുറച്ച് ഫീച്ചറുകളുമായി വരുന്ന ഈ ഇ-ബൈക്ക് ടോര്‍ക്ക് ക്രാറ്റോസ് ആറിന്റെ പുത്തന്‍ ബേസ് വേരിയന്റാണ്. പുതിയ അര്‍ബന്‍ ട്രിം ആണ് ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. 1.67 ലക്ഷം രൂപയാണ് ടോര്‍ക്ക് ക്രാറ്റോസ് ആറിന്റെ പുതിയ അര്‍ബന്‍ ട്രിമ്മിന്റെ എക്സ്ഷോറൂം വില. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയും 100 കിലോമീറ്ററിലധികം റേഞ്ചും വാഗ്ദാനം ചെയ്യുന്ന 'സിറ്റി' റൈഡ് മോഡ് മാത്രമായിരിക്കും ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ ഉണ്ടാവുക. എന്നാല്‍ സ്‌റ്റൈലിംഗ്, മെക്കാനിക്കല്‍ വശങ്ങളില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. സ്ട്രീക്കി റെഡ്, ഓഷ്യാനിക് ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ടോര്‍ക്ക് ക്രാറ്റോസ് ആര്‍ അര്‍ബന്‍ ട്രിം ലഭ്യമാകും. 999 രൂപയ്ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് ബൈക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
◾ചിത്രകാരിയും ശില്‍പ്പിയുമായ കെ.പി ദീപ വയനാടിന്റെ ഉള്ളറിഞ്ഞുകൊണ്ട് വരകള്‍ക്കൊപ്പം നടത്തുന്ന യാത്രയാണ് വയനാട് ലിഖിതങ്ങള്‍. കൊടും തണുപ്പിനുള്ളിലെ മൗനവുമായി പതുക്കെ ചലിക്കുന്ന വയനാട്, ദീപയുടെ തന്നെ ചിത്രങ്ങളായി നിറഞ്ഞുകിടക്കുകയാണിവിടെ. കരിന്തണ്ടനും പഴശ്ശിരാജയ്ക്കും കാപ്പിമൂപ്പനും ഒപ്പം കുറുവദ്വീപും തിരുനെല്ലിയും എടയ്ക്കല്‍ ഗുഹയും തുടങ്ങി വയനാടിന്റെ പ്രകൃതിയും ചരിത്രവും അദ്ധ്യായങ്ങളില്‍ അക്ഷരങ്ങളായും ചിത്രങ്ങളായും ഉണര്‍ന്നിരിക്കുന്നു. കാടിനുള്ളിലേക്കിഴയുന്ന പാതകളിലൂടെ ചുരം കയറിപ്പോകുന്ന കൗതുകത്തോടെ വായിച്ചും ആസ്വദിച്ചും പുസ്തകത്തോടൊപ്പം നീങ്ങാം. 'വയനാടന്‍ ചിത്രലിഖിതങ്ങള്‍'. കെ.പി ദീപ. ഒലീവ് പബ്ളിക്കേഷന്‍സ്. വില 209 രൂപ.
◾രാവിലെ മാത്രമല്ല, ദിവസത്തില്‍ പലപ്പോഴും നിര്‍ബന്ധമായും വൈകുന്നേരവും ചായ കുടിക്കുന്നവര്‍ ഏറെയാണ്. ചായ കുടിക്കുമ്പോള്‍ കൂട്ടത്തില്‍ എന്തെങ്കിലും കൊറിക്കുകയോ, കഴിക്കുകയോ ചെയ്യുന്നവരും ഏറെ. എന്നാല്‍ ഇങ്ങനെ ചായയ്ക്കൊപ്പം ഇഷ്ടമുള്ള എല്ലാം കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചായയ്ക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. അവ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇതുപോലെ ചായയ്ക്കൊപ്പം കഴിക്കരുതാത്ത മൂന്ന് ഭക്ഷണസാധനങ്ങളെ കുറിച്ച് അറിയാം. നട്ട്സ് ആണ് ഇത്തരത്തില്‍ ചായയ്ക്കൊപ്പം കഴിക്കരുതാത്ത ഒരു ഭക്ഷണം. പലരും ഇത് സ്ഥിരമായി തന്നെ ചായയ്ക്കൊപ്പം കഴിക്കുന്നതായിരിക്കും. പ്രത്യേകിച്ച് ഏറെ ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണല്ലോ നട്ട്സ്. നട്ട്സ് കഴിക്കുമ്പോള്‍ ഇവയിലടങ്ങിയിരിക്കുന്ന അയേണ്‍ ശരീരത്തില്‍ പിടിക്കാതെ പോകാന്‍ ചായ കാരണമാകുമത്രേ. ചായയില്‍ അടങ്ങിയിരിക്കുന്ന 'ടാന്നിന്‍' എന്ന പദാര്‍ത്ഥമാണ് ഇതിന് കാരണം. ഇലക്കറികളാണ് അടുത്തതായി ചായയ്ക്കൊപ്പം കഴിക്കരുതാത്ത ഭക്ഷണം. ഇലക്കറികളുടെ കാര്യത്തിലും അയേണ്‍ നഷ്ടം തന്നെയാണ് പ്രശ്നം. അയേണിന്റെ മികച്ച സ്രോതസുകളാണ് ഇലക്കറികള്‍. എന്നാലിവ കഴിച്ച ഉടന്‍ ചായ കുടിക്കുന്നത്, അല്ലെങ്കില്‍ ചായയ്ക്ക് തൊട്ടുപിന്നാലെ ഇവ കഴിക്കുന്നത് അയേണ്‍ ലഭിക്കാതെ പോകുന്നതിന് കാരണമാകുന്നു. ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു ചേരുവയാണ് മഞ്ഞള്‍. എന്നാല്‍ ചായയ്ക്കൊപ്പമോ അതിന് മുമ്പോ ശേഷമോ പെട്ടെന്ന് മഞ്ഞള്‍ അകത്തുചെല്ലുന്നത് കാര്യമായ ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും.
*ശുഭദിനം*
കാട്ടിലെ ആ വലിയ മരത്തില്‍ കുരുവികള്‍ കൂടുണ്ടാക്കി സുഖമായി താമസിക്കുകയായിരുന്നു. ഒരിക്കല്‍ കാട്ടില്‍ വലിയ കാറ്റും മഴയും വന്നു. കാറ്റും മഴയും സഹിക്കാനാകാതെ ഒരു കുരങ്ങ് കുരുവികളുടെ ചില്ലയില്‍ വന്നിരുന്നു. തണുത്തുവിറക്കുന്ന കുരങ്ങിനോട് കുരുവി ചോദിച്ചു: നീയെന്താണ് ഇവിടെയിരിക്കുന്നത്. നിനക്ക് സ്വന്തമായി കൂടില്ലേ? ചോദ്യം കേട്ട് കുരങ്ങിന് ദേഷ്യം വന്നെങ്കിലും കുരങ്ങ് ഒന്നും മിണ്ടിയില്ല. കുരുവി ഉപദേശം ആരംഭിച്ചു. വീടില്ലാത്തതുകൊണ്ടല്ലേ ഇങ്ങനെ മഴനനഞ്ഞിരിക്കേണ്ടി വന്നത്. ഉടനെ ഒരു വീട് പണിയണം. ഞങ്ങളുടെ വീട് കണ്ടില്ലേ.. എത്ര മനോഹരമാണ്.. മടിയൊക്കെ മാറ്റിവെച്ച് വെറുതെ കാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടക്കാതെ എത്രയും വേഗം ഇതുപോലെ മനോഹമായ ഒരു വീടുവെക്കാന്‍ നോക്കൂ.. അവര്‍ കുരങ്ങിനെ കളിയാക്കി.. ദേഷ്യം വന്ന കുരങ്ങ് ആ കൊമ്പില്‍ തൂങ്ങിയാടി. കൊമ്പൊടിഞ്ഞ് കൂടും കുരുവികളും വീണു.. നാലുനില വീടുളളവന് നാടോടികളുടെ ജീവിതം മനസ്സിലാകില്ല. ഒരോരുത്തര്‍ക്കും അവരവരുടേതായ ജീവിതസാഹചര്യങ്ങളും മാനസികാവസ്ഥയും ഉണ്ടാകും. അതില്‍ ചിലപ്പോള്‍ നിസ്സാഹായാവസ്ഥയോ നിരാശയോ കടന്നുകൂടിയിട്ടുണ്ടാകും. നിശബ്ദത അതിന്റെ അടയാളം മാത്രമാണ്. എല്ലാവരും എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തിയല്ല ജീവിക്കുന്നത്. മറ്റാരും അറിയുന്നില്ല എന്ന് ഉറപ്പുവരുത്തുന്ന സാഹചര്യങ്ങളുടെ ചിരിയിലാണ് അവരുടെ ജീവിതം മനോഹരമാകുന്നത്. അത്തരം ചുറ്റുപാടുകളെ ഇളക്കിമറിക്കാതിരിക്കാനുളള മാന്യത കാണിച്ചുകൂടെ.. മനസ്സാന്നിധ്യം നഷ്ടപ്പെട്ടവരോട് വാദത്തിനോ ഉപദേശത്തിനോ ശ്രമിക്കരുത്. ഗുണദോഷിക്കലാണ് അശരണരോടുള്ള ഏറ്റവും വലിയ അവഹേളനം. നിസ്സഹായരോടൊപ്പം നിശ്ശബ്ദമായി വ്യാപരിക്കുക. അവരുടെ ശ്വാസോച്ഛ്വാസത്തിന്റെയും ഹൃദയമിടിപ്പിന്റെയും താളം മനസ്സിലാക്കുക.. കണ്ണില്‍ നോക്കി, കൈപിടിക്കുക.. ഇത്രയും മതി അവര്‍ അവരുടെ ഗതിവേഗം വീണ്ടെടുക്കാന്‍ .. - *ശുഭദിനം.*