പ്രഭാതവാർത്തകൾ 2023 | ഓഗസ്റ്റ് 13 | ഞായർ | 1198 | കർക്കടകം 28 | തിരുവാതിര

◾വിദ്വേഷത്തിന്റെ ഭരണാധികാരികള്‍ തകര്‍ത്ത മണിപ്പൂരിനെ കോണ്‍ഗ്രസ് പുനര്‍നിര്‍മിക്കുമെന്നു രാഹുല്‍ഗാന്ധി എംപി. മണിപ്പൂരിലേതുപോലുള്ള ഒരു ദുരിതമേഖല താന്‍ ഇതുവരെ കണ്ടിട്ടില്ല. പല കലാപബാധിത പ്രദേശങ്ങളിലും പോയിട്ടുണ്ട്. മണിപ്പൂര്‍ രക്തപങ്കിലമാണ്. അനേകം സ്ത്രീകളെ ബലാത്സംഗം ചെയ്തു. പക്ഷേ കേസില്ല. പാര്‍ലമെന്റില്‍ രണ്ടേകാല്‍ മണിക്കൂര്‍ പ്രസംഗിച്ച പ്രധാനമന്ത്രി രണ്ടു മിനിറ്റു മാത്രമാണ് മണിപ്പൂരിനെക്കുറിച്ചു പറഞ്ഞത്. വയനാട്ടില്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി കാലത്ത് പിന്തുണച്ച കുടുംബമാണ് വയനാട്. നൂറു തവണ അയോഗ്യനാക്കിയാലും വയനാടുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.

ഫ്ലാഷ് ന്യൂസ് വാർത്തകൾ ഇനി വാട്സ് ആപ്പിലും
അറിയാൻ
👇
https://chat.whatsapp.com/CCVG3hgniaADvwEIpbmazK

◾ഓണക്കാലത്തേക്ക് മുംബൈയില്‍നിന്ന് കേരളത്തിലേക്കു സ്പെഷല്‍ ട്രെയിന്‍. പന്‍വേല്‍- നാഗര്‍കോവില്‍ സ്പെഷ്യല്‍ ട്രെയിന്‍ ഈ മാസം 22 ന് നാഗര്‍കോവിലില്‍ നിന്ന് പന്‍വേലിലേക്കും, 24 ന് പന്‍വേലില്‍ നിന്ന് നാഗര്‍കോവിലിലേക്കും സര്‍വീസ് നടത്തും. സെപ്തംബര്‍ ഏഴു വരെ മൂന്നു സര്‍വീസാണ് കേരളത്തിലേക്കുണ്ടാകുക. തിരിച്ചും മൂന്നു സര്‍വീസുണ്ടാകും.

◾ഓണം സീസണില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധന നിയന്ത്രിക്കാനാവില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. വിമാനക്കമ്പനികള്‍ ഡൈനാമിക് പ്രൈസിംഗ് രീതിയിലാണു ടിക്കറ്റ് നിരക്കു നിശ്ചയിക്കുന്നത്. നേരത്തെ ടിക്കറ്റ് ബുക്കു ചെയ്താല്‍ നിരക്കു വര്‍ധനയില്‍നിന്ന് ഒഴിവാകാം. വിമാന ടിക്കറ്റു നിരക്ക് കുറയ്ക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിനുള്ള മറുപടിയിലാണ് ഈ വിവരം.

◾ഓണക്കാലത്തേക്കു ബെംഗളുരുവില്‍നിന്ന് കേരളത്തിലേക്ക് കര്‍ണാടക കൂടുതല്‍ ബസ് സര്‍വീസ് നടത്തും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയുടെ അഭ്യര്‍ത്ഥന അനുസരിച്ചാണ് കൂടുതല്‍ ബസ് സര്‍വീസ് നടത്താന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കിയത്.

◾താനൂര്‍ കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി. കേസ് സിബിഐയ്ക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് നടപടി. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. സസ്പെന്‍ഷനിലുള്ള പോലീസുകാര്‍ ഉള്‍പെടെ ആരേയും പ്രതിയാക്കിയിട്ടില്ല. സിബിഐ അന്വേഷിച്ച് ആരെയൊക്കെ പ്രതി ചേര്‍ക്കണമെന്നു തീരുമാനിക്കട്ടെയെന്ന നിലപാടാണ് ക്രൈംബ്രാഞ്ചിന്.  

◾പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും. മുന്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരി മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു.

◾ആനകള്‍ക്കായി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും സുഖ ചികിത്സാ കേന്ദ്രവും തുടങ്ങുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലോക ഗജദിനാചരണം കൊല്ലം പുത്തന്‍കുളം ആനത്താവളത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാട്ടാനകളുടെ എണ്ണം 600 ല്‍ നിന്ന് 416 ആയി കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.

◾പൊതുപ്രവര്‍ത്തകര്‍ സാമൂഹ്യനന്മയ്ക്കായി സര്‍വവും ത്യജിക്കാന്‍ തയ്യാറാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തൃശൂരില്‍ സമര്‍പ്പണ രാമായണ ഫെസ്റ്റില്‍ പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍. വാല്മീകി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്കു ഗവര്‍ണര്‍ സമ്മാനിച്ചു.

◾ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്നു യാത്ര ചെയ്യുന്നതിനിടെ പുഴയില്‍ വീണ യാത്രക്കാരനുവേണ്ടി തെരച്ചില്‍. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസ് വൈക്കം വെള്ളൂര്‍ പിറവം റോഡ് റെയില്‍ പാലത്തില്‍ എത്തിയപ്പോള്‍ യാത്രക്കാരന്‍ മൂവാറ്റുപുഴ ആറിലേക്കു വീഴുകയായിരുന്നു.

◾വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റൈല്‍ മില്ലുകള്‍ക്ക് പ്രവര്‍ത്തന മൂലധനമായി 10.50 കോടി രൂപ അനുവദിച്ചു. അടച്ചിട്ടിരുന്ന അഞ്ചു ടെക്‌സ്റ്റൈല്‍ മില്ലുകള്‍ വീണ്ടും തുറക്കും. ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്റെ മില്ലുകളായ ആലപ്പുഴ ജില്ലയിലെ പ്രഭുറാം മില്‍സ്, കോട്ടയം ജില്ലയിലെ കോട്ടയം ടെക്‌സ്‌റ്റൈല്‍സ്, മലപ്പുറം ജില്ലയിലെ എടരിക്കോട് ടെക്സ്‌റ്റൈല്‍സ് എന്നിവയും തൃശൂര്‍ ജില്ലയിലെ സീതാറാം ടെക്സ്‌റ്റൈല്‍സ് സഹകരണ മേഖലയില്‍ ടെക്സ്ഫെഡിന് കീഴിലുള്ള തൃശൂര്‍ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ എന്നിവയാണ് വീണ്ടും തുറക്കുന്നത്.

◾നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന്‍ ജലരാജാവ്. തുടര്‍ച്ചയായി നാലാം തവണയും തുഴക്കാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബാണു കിരീടം ചൂടിയത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാമതായി ഫിനിഷ് ചെയ്തത്. കെടിബിസി കുമരകമാണ് ചമ്പക്കുളം തുഴഞ്ഞത്. യുബിസി തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ മൂന്നാമതും കേരള പൊലീസ് തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ നാലാമതും ഫിനിഷ് ചെയ്തു.

◾പനിയെ തുര്‍ന്ന് രക്ത പരിശോധനക്കെത്തിയ ഏഴു വയസുകാരിക്ക് പേവിഷബാധക്കുള്ള കുത്തിവയ്പു നല്‍കി. എറണാകുളം അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം. അമ്മ ഒ പി ടിക്കറ്റെടുക്കാന്‍ പോയപ്പോഴാണ് നഴ്സ് കോതകുളങ്ങര സ്വദേശിയായ കുട്ടിക്കു കുത്തിവയ്പു മാറി നല്‍കിയത്.

◾മലപ്പുറം മേലാറ്റൂരിലെ പൊലീസ് സ്റ്റേഷന്‍ ബോംബുവച്ചു തകര്‍ക്കുന്ന റീല്‍ നിര്‍മിച്ചു പ്രചരിപ്പിച്ച അഞ്ചു യുവാക്കളെ അറസ്റ്റു ചെയ്തു. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്.

◾എ ഐ സാങ്കേതിക വിദ്യയിലൂടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയെടുത്തെന്ന കേസില്‍ പ്രതി ഗുജറാത്ത് ഉസ്മാന്‍പുര സ്വദേശി കൗശല്‍ ഷായാണെന്നു പോലീസ്. കോഴിക്കോട് പാലാഴി സ്വദേശി രാധാകൃഷ്ണന്‍ കഴിഞ്ഞ മാസമാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പിനിരയായത്.

◾എറണാകുളം കുമ്പളങ്ങിയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. കുമ്പളങ്ങി സ്വദേശി ജോസഫിന്റെ മകള്‍ ജോഷിനിയാണ് മരിച്ചത്. ജോഷിനി സഞ്ചരിച്ച സ്‌കൂട്ടര്‍ മറ്റൊരു ബൈക്കിലിടിച്ചു റോഡിലേക്കു വീണതിനു പിറകേ എത്തിയ ബസ് ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. ഓച്ചിറ രാധാഭവനത്തില്‍ അമ്മിണി (രാഹുല്‍ -28), കൊല്ലം തഴവ കാഞ്ഞിരത്തിനാല്‍ വീട്ടില്‍ രാജേഷ് (39) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്.

◾കണ്ണൂരില്‍ പനി ബാധിച്ച് അഞ്ചു വയസുകാരന്‍ മരിച്ചു. ചെറുകുന്ന് നിഷാന്ത്-ശ്രീജ ദമ്പതികളുടെ മകന്‍ ആരവ് നിഷാന്താണ് മരിച്ചത്.

◾പുളിക്കീഴില്‍ ചതുപ്പില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം. രണ്ടു ദിവസം പഴക്കമുണ്ടെന്നു പോലീസ്.

◾നെടുമ്പാശേരിയില്‍ ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപ വരുന്ന ഒരു കിലോ സ്വര്‍ണവുമായി മലപ്പുറം സ്വദേശി നിസാമുദീന്‍ പിടിയിലായി. 13 വര്‍ഷമായി ജിദ്ദയില്‍ ഡ്രൈവറായ ഇയാളുടെ അമ്മയ്ക്കു ഡയാലിസിസിനു പണം കണ്ടെത്താനാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസിനോടു പറഞ്ഞു.

◾കള്ളപ്പണക്കേസില്‍ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ചെന്നൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മൂവായിരത്തിലേറെ പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 2011 മുതല്‍ 2015 വരെ ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നപ്പോഴത്തെ അഴിമതി കേസിലാണ് അന്വേഷണം നടക്കുന്നത്.

◾ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. വ്യക്തികളുടെ ഡിജിറ്റല്‍ ഡാറ്റ ദുരുപയോഗിച്ചാല്‍ 250 കോടി രൂപ വരെ പിഴ ചുമത്താന്‍ അധികാരം നല്‍കുന്ന നിയമമാണിത്.

◾അദാനി പോര്‍ട്സിന്റെ ഓഡിറ്റര്‍ സ്ഥാനത്തുനിന്ന് പ്രമുഖ അക്കൗണ്ടിംഗ് സ്ഥാപനമായ ഡിലോയിറ്റ് രാജിവച്ചു.

◾സൂററ്റില്‍ ഹെല്‍മെറ്റ് ധരിച്ച് അഞ്ചംഗ സംഘം ബാങ്ക് കൊള്ളയടിച്ചു. രണ്ടു ബൈക്കുകളിലായി എത്തിയ സംഘമാണ് സച്ചിന്‍ ഏരിയയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വാന്‍സ് ശാഖയില്‍നിന്ന് 14 ലക്ഷം രൂപ കവര്‍ന്നത്.

◾ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ 'ന്യൂസ് ക്ലിക്കി'ന്റെ എക്സ് (ട്വിറ്റര്‍) ഹാന്‍ഡില്‍ സസ്പെന്‍ഡ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവില്‍ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിനു പണം നല്‍കുന്നതെന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി.

◾മണിപ്പൂരില്‍ അനധികൃത കുടിയേറ്റക്കാരേയും തീവ്രവാദികളേയും തടയാന്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് പോലുള്ള നടപടികള്‍ വേണമെന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് രമേഷ് സിംഗ്. മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന്റെ സഖ്യകക്ഷിയാണ് ഈ പാര്‍ട്ടി.

◾തമിഴ് സിനിമ താരം സത്യരാജിന്റെ അമ്മ നതാംബാള്‍ കലിംഗരായര്‍ അന്തരിച്ചു. 94 വയസായിരുന്നു.

◾പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി സെനറ്റര്‍ അന്‍വാര്‍ ഉല്‍ ഹഖ് കാകര്‍ ഇടക്കാല പ്രധാനമന്ത്രിയാകും. പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും പ്രതിപക്ഷ നേതാവ് രാജാ റിയാസും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ചാണ് താത്കാലിക ചുമതല.

◾പാരിസിലെ ഈഫല്‍ ടവറില്‍ ബോംബു ഭീഷണി. മൂന്നു നിലകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടുകിട്ടിയില്ല.  

◾ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ജേതാക്കളായി ഇന്ത്യ. അവസാനമിനിറ്റുവരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ മലേഷ്യയെ മൂന്നിനെതിരേ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ നാലാം കിരീടമാണിത്.

◾വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്ക് 9 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 2-2 എന്ന നിലയിലായി. . ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 179 റണ്‍സ് വിജയലക്ഷ്യം 17 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ നേടുകയായിരുന്നു. 51 പന്തില്‍ 84 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും 47 പന്തില്‍ 77 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലും ഓപ്പണിംഗ് വിക്കറ്റില്‍ നേടിയ 165 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയം സുഗമമാക്കിയത്. നേരത്തെ 57 ന് 4 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ വിന്‍ഡീസിനെ മാന്യമായ സ്‌കോര്‍ സമ്മാനിച്ചത് 39 പന്തില്‍ 69 റണ്‍സ് നേടിയ ഷിമ്രോണ്‍ ഹെറ്റ്മെയറുടെ ഇന്നിംഗ്സായിരുന്നു.

◾രാജ്യത്ത് വ്യവസായിക രംഗത്ത് പ്രതിസന്ധി വിട്ടൊഴിഞ്ഞിട്ടില്ലെന്ന സൂചനയുമായി ജൂണില്‍ വ്യാവസായിക ഉത്പാദന സൂചികയുടെ വളര്‍ച്ച 3.7 ശതമാനമായി കുറഞ്ഞു. 2022 ജൂണില്‍ 12.6 ശതമാനവും ഇക്കഴിഞ്ഞ മേയില്‍ 5.3 ശതമാനവുമായിരുന്നു വളര്‍ച്ചയെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മേയിലെ വളര്‍ച്ചാനിരക്ക് ആദ്യം കണക്കാക്കിയിരുന്ന 5.2 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. നടപ്പുവര്‍ഷത്തെ (2023-24) ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ഐ.ഐ.പി വളര്‍ച്ച മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 12.9 ശതമാനത്തില്‍ നിന്ന് 4.5 ശതമാനത്തിലേക്കും കുറഞ്ഞു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി അറിയപ്പെടുന്ന മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച മേയിലെ 5.8 ശതമാനത്തില്‍ നിന്ന് ജൂണില്‍ 3.1 ശതമാനമായി കുറഞ്ഞതാണ് പ്രധാന തിരിച്ചടി. ഐ.ഐ.പിയില്‍ നാലില്‍ മൂന്ന് പങ്കും വഹിക്കുന്നത് മാനുഫാക്ചറിംഗ് മേഖലയാണെന്നത് ഈ മേഖലയുടെ പ്രസക്തി വ്യക്തമാക്കുന്നു. ഖനന മേഖല 6.4ല്‍ നിന്ന് 7.6 ശതമാനത്തിലേക്കും വൈദ്യുതോത്പാദനം 0.9ല്‍ നിന്ന് 4.2 ശതമാനത്തിലേക്കും വളര്‍ച്ച മെച്ചപ്പെടുത്തി.

◾അനൂപ് മേനോന്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ഒരു ശ്രീലങ്കന്‍ സുന്ദരി'. കൃഷ്ണ പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം. കൃഷ്ണ പ്രിയദര്‍ശന്‍ തന്നെയാണ് തിരക്കഥയും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അനൂപ് മേനോനൊപ്പം പത്മരാജന്‍ രതീഷ്, രോഹിത് വേദ്, ശിവജി ഗുരുവായൂര്‍, ഡോ. അപര്‍ണ്ണ, കൃഷ്ണപ്രിയ, ആരാധ്യ, ശ്രേയ തൃശൂര്‍, ഡോക്ടര്‍ രജിത് കുമാര്‍, എല്‍സി, ശാന്ത കുമാരി, ബേബി മേഘ്ന സുമേഷ് (ടോപ് സിംഗര്‍ ഫെയിം), തുടങ്ങി നിരവധി താരങ്ങളാണ് 'ഒരു ശ്രീലങ്കന്‍ സുന്ദരി' എന്ന ചിത്രത്തില്‍ അണിനിരക്കുന്നത്. വിനീത് ശ്രീനിവാസനും മധു ബാലകൃഷ്ണനുമൊപ്പം ചിത്രത്തിനായി കൃഷ്ണദിയ, വൈഷ്ണവി, ഹരിണി, മേഘ്ന സുമേഷ് എന്നീ ഗായകരും ഗാനം ആലപിക്കുന്നു. രജീഷ് രാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രഞ്ജിനി സുധീരനും സുരേഷ് എരുമേലിയുമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കൃഷ്ണ പ്രിയദര്‍ശനാണ് ചിത്രം നിര്‍മിക്കുന്നത്. അബുദാബി, ഗുരുവായൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രമായ 'ഒരു ശ്രീലങ്കന്‍ സുന്ദരിക്കാ'യി കൃഷ്ണ പ്രിയദര്‍ശനാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.

◾മലയാളത്തില്‍ റിലീസ് ചെയ്ത ട്രെയിലറുകളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും ലൈക്കുകളുടെ എണ്ണത്തിലും എതിരാളികളെ നിഷ്പ്രഭമാക്കി ദുല്‍ഖര്‍ സല്‍മാന്റെ 'കിംഗ് ഓഫ് കൊത്ത' കുതിച്ചു പായുന്നു. 24 മണിക്കൂറിനുള്ളില്‍ മില്യണില്‍പ്പരം കാഴ്ചക്കാരും 290കെ ലൈക്കുമാണ് യൂട്യൂബില്‍ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസം പൂര്‍ത്തിയാകുമ്പോഴും ട്രെന്റിങ്ങില്‍ ഒന്നാമതാണ് ട്രെയിലര്‍. മലയാളത്തിലെ ഒരു സിനിമയ്ക്കും ഇതുവരെ ലഭിക്കാത്ത വാന്‍ വരവേല്‍പ്പാണ് കിംഗ് ഓഫ് കൊത്ത കരസ്ഥമാക്കുന്നത്. ചിത്രത്തിന്റെ കലാപകാര എന്ന ഗാനം 6 മില്യണില്‍പ്പരം കാഴ്ചക്കാരുമായി ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ്. ഇരുപത്തി നാല് മണിക്കൂറില്‍ 7.3മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ കെജിഎഫ് 2 മലയാളം ട്രെയിലര്‍ ആയിരുന്നു ഇതുവരെ മുന്നില്‍. എന്നാല്‍ വെറും ഏഴ് മണിക്കൂറില്‍ 7.5 മില്യണ്‍ കരസ്ഥമാക്കിയ കിംഗ് ഓഫ് കൊത്ത, രണ്ട് ദിവസം ആകുമ്പോഴേക്കും 15 മില്യണ്‍ കടന്നിരിക്കുകയാണ്. അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച ചിത്രം ആഗസ്റ്റ് 24 നു ലോകവ്യാപകമായി റിലീസിനെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാനൊപ്പം ഐശ്വര്യാ ലക്ഷ്മി, ഡാന്‍സിങ് റോസ് ഷബീര്‍, പ്രസന്ന, നൈലാ ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, വാടാ ചെന്നൈ ശരണ്‍, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

◾ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ സിമ്പിള്‍ എനര്‍ജി തങ്ങളുടെ അടുത്ത ഇലക്ട്രിക് സ്‌കൂട്ടര്‍ സിമ്പിള്‍ ഡോട്ട് വണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. കമ്പനി അടുത്തിടെ ഡോട്ട് വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രതീക്ഷിക്കുന്ന റേഞ്ച് 180 കിലോമീറ്ററിന് അടുത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിമ്പിള്‍ ഡോട്ട് വണ്ണിന്റെ വില 1.45 ലക്ഷം രൂപയില്‍ താഴെയായിരിക്കും. 5കിലോവാട്ട്അവര്‍ ആയ സിമ്പിള്‍ വണ്ണിനെക്കാള്‍ ചെറിയ ബാറ്ററിയാണ് സിമ്പിള്‍ ഡോട്ട് വണ്‍ വാഗ്ദാനം ചെയ്യുന്നത്. ഡോട്ട് വണ്‍ കൂടുതല്‍ താങ്ങാനാവുന്ന എന്‍ട്രി ലെവല്‍ സ്‌കൂട്ടറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇ-സ്‌കൂട്ടറിന്റെ പരിധി 180 കിലോമീറ്റര്‍ വരെയാണ്. 212 കിലോമീറ്റര്‍ വാഗ്ദാനം ചെയ്യുന്ന സിമ്പിള്‍ വണ്‍ ഇ-സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്ന ശ്രേണിയേക്കാള്‍ വളരെ കുറവാണ് ഇത്.

◾സമ്പൂര്‍ണ്ണമായ പാരിസ്ഥിതികസമര്‍പ്പണമാകുന്ന കഥകളാണ് അംബികാസുതന്‍ മാങ്ങാടിന്റെ രണ്ടു മത്സ്യങ്ങള്‍. പരിസ്ഥിതി ഈ കഥകളില്‍ പ്രമേയപരമായ ഒരു തിരഞ്ഞെടുപ്പോ ബൗദ്ധികമായ ഒരാവിഷ്‌കാരതന്ത്രമോ അല്ല. അത് കഥയുടെ ജൈവികപ്രകൃതിയാണ്. പാരിസ്ഥിതികനാട്യങ്ങള്‍ക്കിടയില്‍ സ്വയംഭൂവാകുന്ന ഒരു പ്രാണസത്ത. മനുഷ്യാധികാരത്തിന്റെ സംസ്‌കാരവിന്യാസങ്ങളെ നിര്‍മ്മമതയോടെ നോക്കിക്കാണുന്ന പ്രപഞ്ചചേതന. അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം. 'രണ്ടു മത്സ്യങ്ങള്‍'. ഏഴാം പതിപ്പ്. അംബികാസുതന്‍ മാങ്ങാട്. ഡിസി ബുക്സ്. വില 94 രൂപ.

◾ദിവസം 4000 സ്റ്റെപ്പ് നടക്കുന്നത് ഏത് രോഗം മൂലവുമുള്ള മരണ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പഠനം. വെറും 2337 സ്റ്റെപ്പ് പ്രതിദിനം നടക്കുന്നത് വഴി ഹൃദ്രോഗം മൂലമുള്ള മരണസാധ്യത കുറയ്ക്കാമെന്നും പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ലോഡ്സ് നടത്തിയ ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ നടക്കും തോറും ആരോഗ്യ ഗുണങ്ങളും ഏറുമെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു. 2,26,889 പേരെ ഉള്‍പ്പെടുത്തിയ 17 പൂര്‍വ പഠനങ്ങളുടെ ഡേറ്റ ഉപയോഗിച്ച് ഏഴ് വര്‍ഷം കൊണ്ടാണ് ഗവേഷണം നടത്തിയത്. ഓരോ ആയിരം സ്റ്റെപ്പ് അധികം നടക്കുമ്പോഴും മരണ സാധ്യത 15 ശതമാനം വച്ച് കുറയുന്നതായും ഓരോ 500 അധിക സ്റ്റെപ്പ് ഹൃദ്രോഗ സംബന്ധമായ മരണ സാധ്യത ഏഴ് ശതമാനം കുറയ്ക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വിവിധ പ്രായവിഭാഗക്കാര്‍ക്കുമെല്ലാം നടപ്പിന്റെ ഗുണങ്ങള്‍ ലഭിക്കും. 60 വയസ്സിന് മുകളില്‍ പ്രായമായവര്‍ 6000 മുതല്‍ 10,000 സ്റ്റെപ്പ് വരെ ഒരു ദിവസം നടക്കണമെന്നാണ് ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നത്. ആവശ്യത്തിന് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതാണ് ലോകത്തില്‍ നടക്കുന്ന മരണങ്ങളുടെ നാലാമത്തെ വലിയ കാരണമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 32 ലക്ഷം മരണങ്ങള്‍ പ്രതിവര്‍ഷം ഇത് മൂലം സംഭവിക്കുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. സജീവമായ ജീവിതശൈലി പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും എളുപ്പം നടപ്പിലാക്കാവുന്ന വ്യായാമമാണ് നടപ്പ്. രാവിലെയോ വൈകുന്നേരമോ നടക്കുന്നതിന് പുറമേ ഓഫീസിലും പഠനസ്ഥലത്തുമൊക്കെ കഴിയുന്ന സമയത്തൊക്കെ നടന്ന്, നടപ്പ് ജീവിതശൈലിയുടെ ഭാഗമാക്കാനും ശ്രമിക്കേണ്ടതാണ്.

*ശുഭദിനം*

ഒരിക്കല്‍ ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു: ഗുരോ, ആത്മീയയാത്ര ആന്തരികയാത്രയാണെന്നും ഏകാന്തയാത്രയാണെന്നുമല്ലേ പറയുക.. പക്ഷേ, ഇവിടെ എല്ലാവരും ഒരുമിച്ചിരുന്നാണല്ലോ പരിശീലിക്കുന്നത്. ഗുരു പറഞ്ഞു: മുറ്റത്ത് ഒറ്റക്ക് നില്‍ക്കുന്ന മരത്തേക്കാള്‍ ശക്തിയുണ്ട് കാട്ടില്‍ ഒരുമിച്ചു നില്‍ക്കുന്ന മരത്തിന് കാട് കാറ്റിനേയും പ്രകൃതിക്ഷോഭത്തേയും പ്രതിരോധിക്കുന്നുണ്ട്. മാത്രമല്ല, അവയുടെ വേരുകള്‍ പരസ്പരം ബന്ധിതവും ശക്തവുമാണ്. ഒരേ ലക്ഷ്യത്തിലേക്ക് ഒരേ വഴിയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് രണ്ട് സാധ്യതയുണ്ട്. ഒറ്റക്ക് വേണമെങ്കില്‍ യാത്രചെയ്യാം.. ഒരുമിച്ചും യാത്രപോകാം. തനിച്ചുള്ളയാത്രയില്‍ അപരന്റെ ശല്യമില്ല, തന്നിഷ്ടം പോലെ പെരുമാറാം. പക്ഷേ, ഒരുമിച്ചുള്ളയാത്രയില്‍ സ്വയം നിയന്ത്രണത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും കണ്ണികള്‍ വിളക്കിച്ചേര്‍ത്താലേ ആ യാത്ര കൂടുതല്‍ മനോഹരമാകൂ. ചുറ്റുപാടുകളുടെ സ്വരവ്യത്യാസങ്ങളറിഞ്ഞ് അവയോട് ഇടപഴകുമ്പോഴാണ് ജീവിതത്തിന്റെ തെളിമ നിലനില്‍ക്കുന്നത്. ബലഹീനതകളലില്‍ തനിച്ചായാല്‍ നാം തളരും. എന്നാല്‍ ഒരുമിച്ചായാല്‍ തന്റേടമുണ്ടാകും.. കൂടെയുളളവര്‍ പകരുന്ന പിന്തുണയും ധൈര്യവുമാണ് ആപത്ഘട്ടങ്ങളിലെ നമ്മുടെ ബലം. തന്റേതല്ലാത്ത കാരണങ്ങള്‍ ചിലപ്പോള്‍ ജീവിതത്തില്‍ തളര്‍ച്ചയുണ്ടായേക്കാം. പക്ഷേ, ആരെങ്കിലും താങ്ങായി കൂടെയുണ്ടാവുകയാണെങ്കില്‍ അതൊരുപക്ഷേ, ഒരു രണ്ടാംജന്മമായേക്കാം.. നമുക്ക് ഒന്നിച്ച് നിന്ന് നന്നായി വളരാം - *ശുഭദിനം.*