◾മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും തകര്‍ന്നെന്ന് സുപ്രീംകോടതി. അവിടെ എങ്ങനെ നീതി നടപ്പാകും. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ഏഴു പേരെ മാത്രം അറസ്റ്റു ചെയ്ത മണിപ്പൂര്‍ പൊലീസ് പരാജയമാണ്. ഗൗരവമനുസരിച്ച് 6,500 കേസുകളെ തരം തിരിക്കണം. അന്വേഷണത്തിനും മേല്‍നോട്ടത്തിനും സംവിധാനം വേണം. പൊലീസിന് അതു ചെയ്യാനാവില്ല. മണിപ്പൂര്‍ ഡിജിപി നേരിട്ട് ഹാജരാകണം. സിബിഐക്ക് എത്ര കേസുകള്‍ അന്വേഷിക്കാനാകുമെന്ന് അറിയിക്കണം. സുപ്രീംകോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണത്തിനെതിരേ കൂട്ടബലാല്‍സംഗത്തിന് ഇരയായവര്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരമാര്‍ശം.
◾കേരളത്തിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കും. ഓരോ സ്റ്റേഷന്‍ പരിധിയിലുമുള്ളവരുടെ കണക്കെടുക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്ത്കുമാര്‍ നിര്‍ദേശം നല്‍കി. ഇന്നലെ ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. വിവരശേഖരണത്തിനായി പ്രത്യേക പെര്‍ഫോമ തയ്യാറാക്കും. നേരത്തെ പല തവണ വിവരശേഖരണം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല.
◾ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്നു വെളിപെടുത്തുന്ന മറ്റൊരു ജൂറി അംഗത്തിന്റെ ശബ്ദരേഖ കൂടി സംവിധായകന്‍ വിനയന്‍ പുറത്തുവിട്ടു. ജെന്‍സി ഗ്രിഗറിയുടെ ശബ്ദ രേഖയാണ് പുറത്തുവിട്ടത്. മികച്ച സംഗീതത്തിനുള്ള അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടെന്ന് ജെന്‍സി ഗ്രിഗറി പറയുന്നു. നേരത്തെ മറ്റൊരു ജൂറി അംഗം നേമം പുഷ്പരാജിന്റെ ശബ്ദരേഖയും വിനയന്‍ പുറത്തു വിട്ടിരുന്നു.
◾ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്നലെ 4463 പരിശോധനകള്‍ നടത്തി. ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 929 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിച്ചെന്ന് മന്ത്രി വീണ ജോര്‍ജ്.
◾ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്തെ 50 ശതമാനം ഗ്രാമീണ വീടുകളില്‍ കുടിവെള്ളം എത്തിച്ചെന്നു സംസ്ഥാന സര്‍ക്കാര്‍. ആകെയുള്ള 69.92 ലക്ഷം ഗ്രാമീണ വീടുകളില്‍ പകുതിയിലും ജലജീവന്‍ മിഷനിലൂടെ ടാപ്പ് വഴി കുടിവെള്ളം ലഭ്യമാക്കി. 35.42 ലക്ഷം ഗ്രാമീണ വീടുകള്‍ക്കാണ് ജല്‍ജീവന്‍ മിഷനിലൂടെ കുടിവെള്ളം പൈപ്പു ലൈന്‍ എത്തിച്ചത്.
◾തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കല്ലും മണലും കൊണ്ടുവരുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കല്ലും മണലും 10 ചക്രത്തിന് മുകളിലുള്ള ലോറികളില്‍ കൊണ്ടുപോകരുതെന്നും 28,000 കിലോയ്ക്കു മുകളില്‍ ഭാരം ലോറിയില്‍ കയറ്റരുതെന്നുമായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് ആവശ്യമായ കരിങ്കല്ലും മണലും കിട്ടാത്ത അവസ്ഥയായിരുന്നു.
◾ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്ന എന്‍എസ്എസ് നാമ ജപ ഘോഷയാത്രയും നടത്തും. തിരുവനന്തപുരത്ത് പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്ന് ഈസ്റ്റ് ഫോര്‍ട്ടില്‍ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയാണു നാമ ജപ ഘോഷയാത്ര നടത്തുക.
◾സിപിഐ ജില്ലാ കൗണ്‍സിലില്‍നിന്ന് മുഹമ്മ് മുഹസിന്‍ എംഎല്‍എ രാജിവച്ചെന്നു വാര്‍ത്തയുണ്ട്, പക്ഷേ രാജിയില്ല. സംഭവത്തെക്കുറിച്ച് മുഹമ്മദ് മുഹ്സിനോട് സിപിഐ ജില്ലാ നേതൃത്വം വിശദീകരണം തേടും. സിപിഐ പാലക്കാട് ജില്ലാ കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്.
◾പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും പ്രധാന ആയുധ പരിശീലന കേന്ദ്രമായ മഞ്ചേരിയിലെ ഗ്രീന്‍വാലി എന്‍ഐഎ കണ്ടുകെട്ടിയത് സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടും സംസ്ഥാന സര്‍ക്കാരും പോലീസും ഗ്രീന്‍വാലിയെ സംരക്ഷിക്കുകയായിരുന്നു. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
◾നൗഷാദ് തിരോധാന കേസില്‍ കൊലപ്പുള്ളിയാക്കാന്‍ മര്‍ദിച്ചു കുറ്റം സമ്മതിപ്പിച്ചെന്ന ഭാര്യ അഫ്സാനയുടെ ആരോപണം കള്ളമെന്നു പ്രചരിപ്പിക്കാന്‍ പൊലീസ് തെളിവെടുപ്പു വീഡിയോ പുറത്തുവിട്ടു. ദൃശ്യങ്ങള്‍ വകുപ്പുതല അന്വേഷണത്തിന് കൂടല്‍ പൊലീസ് സമര്‍പ്പിച്ചു. ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം മുഖത്തടക്കം അടിയേറ്റ അടയാളങ്ങള്‍ അഫ്സാന കാണിച്ചെങ്കിലും എല്ലാം വ്യാജമെന്നാണ് പൊലീസ് വാദം.
◾ആലുവയില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തെ കോടതി 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുടെ പൗരത്വം സംബന്ധിച്ചും ഡല്‍ഹിയിലും മറ്റുമുള്ള കേസുകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
◾ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ആരോപണം ഗുരുതരമെന്ന് എഐവൈഎഫ്. അന്വേഷണം നടത്തണമെന്നും കുറ്റക്കാരനെന്നു കണ്ടാല്‍ സ്ഥാനത്തുനിന്നു നീക്കണമെന്നും എഐവൈഎ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍ ആവശ്യപ്പെട്ടു. മാടമ്പി ശൈലിയാണ് രഞ്ജിത്തിന്റേതെന്നും ജിസ്മോന്‍ വിമര്‍ശിച്ചു.
◾സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മന്ത്രി സജി ചെറിയാനല്ല, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്താണു മറുപടി പറയേണ്ടതെന്നു സംവിധായകന്‍ വിനയന്‍. അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടെന്ന ആരോപണം ഉന്നയിച്ചത് മന്ത്രിതന്നെ നിയമിച്ച ജൂറി അംഗങ്ങളാണ്. മന്ത്രി മുന്‍വിധിയോടെ വിധി കല്‍പിക്കുന്നതു ശരിയല്ലെന്നും വിനയന്‍.
◾പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അശ്ലീലം പറഞ്ഞ പ്രതിക്കു നാലു വര്‍ഷം തടവും പിഴയും. എറണാകുളം ടൗണ്‍ നോര്‍ത്ത് വനിത പൊലീസ് സ്റ്റേഷന്‍ ലാന്‍ഡ് ഫോണിലേക്കു വിളിച്ചു ശല്യം ചെയ്ത പ്രതി തിരുവനന്തപുരം തുമ്പ സ്വദേശി ജോസിനെയാണ് (38) എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് നാല് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 15,000 രൂപ പിഴയും അടയ്ക്കണം.
◾പാലക്കാട് കൊപ്പത്ത് സ്പീക്കര്‍ എഎന്‍ ഷംസീറിനും മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും എതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചതിന് എട്ട് ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
◾ഓടിക്കൊണ്ടിരുന്ന ബസിനു പിന്നിലിടിച്ച് ബൈക്കു മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. കറുകുറ്റി പാദുവാപുരം സ്വദേശി ഫാബിന്‍ മനോജും സുഹൃത്ത് കോക്കുന്ന് സ്വദേശി അലനുമാണ് മരിച്ചത്. രണ്ട് പേര്‍ക്കും 18 വയസാണ്. അങ്കമാലിക്കടുത്ത് തലകോട്ട് പറമ്പിലാണ് അപകടമുണ്ടായത്.
◾അത്യാസന്ന നിലയിലായ രോഗിയെയുംകൊണ്ട് അശുപത്രിയിലേക്കു പോയ ആംബുലന്‍സ് വഴിതിരിച്ചു വിട്ട സംഭവത്തില്‍ മനുഷ്യവകാശ കമ്മീഷന്‍ കേസെടുത്തു. സമരക്കാരെ നേരിടാന്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മാറ്റാതിരുന്നതുമൂലമാണ് വഴിതിരിഞ്ഞു പോകേണ്ടിവന്നത്. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറോട് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
◾ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് നവദമ്പതികളുടെ ദൃശ്യം പകര്‍ത്തി ബ്ലാക്ക് മെയിലിംഗിനു ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍. മലപ്പുറം തിരൂരില്‍ ചേലേമ്പ്ര സ്വദേശി അബ്ദുല്‍ മുനീറിനെ (35) യാണ് തിരൂര്‍ പൊലീസ് പിടികൂടിയത്.
◾കൊല്ലം ശാസ്താംകോട്ടയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായത് പരിഭ്രാന്തി പരത്തി. കായംകുളം സ്വദേശിയായ ആരിഫ് മുഹമ്മദിനെയാണ് മതപഠനശാലയില്‍നിന്ന് കാണാതായത്. ഇന്റര്‍വെല്‍ സമയത്ത് പുറത്ത് പോയ ആരിഫ് തിരികെ വന്നില്ല. അധ്യാപകര്‍ അന്വേഷിച്ചിറങ്ങി. പരാതി നല്‍കിയതോടെ പോലീസും രംഗത്തിറങ്ങി. ഒടുവില്‍ കണ്ടുകിട്ടി. കായംകുളത്തെ വീട്ടിലേക്കു പോകുകയായിരുന്നെന്നാണ് കുട്ടി പറഞ്ഞത്.
◾അല്‍ഫാം നല്‍കാന്‍ വൈകിയതിന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് യുവാക്കളുടെ മര്‍ദ്ദനം. കോഴിക്കോട് തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാര്‍ എക്‌സ്പ്രസ് ഹോട്ടലിലെ മൂന്നു ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പൊലീസില്‍ പരാതി നല്‍കി. മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസിനു കൈമാറിയിട്ടുണ്ട്.
◾എം.ഡി.എം.എയുമായി മൂന്നു യുവാക്കള്‍ പൊലീസിന്റെ പിടിയില്‍. കായംകുളം സ്വദേശികളായ അജ്മല്‍ (31), സുമിത്ത് (31), അന്‍വര്‍ ഷാ (28) എന്നിവരാണ് പിടിയിലായത്.
◾കാട്ടുപന്നിയുടെ ഇറച്ചി വില്‍ക്കുന്നതിനിടയില്‍ നാലുപേരെ തൃശൂര്‍ മാന്നാമംഗലത്ത് വനംവകുപ്പുകാര്‍ പിടികൂടി. പൊന്നൂക്കര സ്വദേശി പ്രശാന്ത് (44), പോളി (57), റെജില്‍കുമാര്‍ (47), ഏബ്രഹാം (47) എന്നിവരാണ് പിടിയിലായത്.
◾പാലക്കാട് അലനല്ലൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി തൂങ്ങി മരിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അലനല്ലൂര്‍ ചേലക്കുന്ന് സ്വദേശിയായ സാഗര്‍ ബിജുവിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്.
◾ഹരിയാനയിലെ നൂഹിലെ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. നൂഹില്‍ നിരോധനജ്ഞ ലംഘിച്ച് വീണ്ടും അക്രമങ്ങള്‍. ഹോട്ടലുകളും കടകളും കത്തിച്ചു. മതമുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഇരുന്നൂറോളം പേരടങ്ങുന്ന അക്രമിസംഘം കടകള്‍ക്കു തീയിട്ടത്.
◾ആസാമില്‍ തീവ്രവാദ സംഘടനയായ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ സംഘടിപ്പിച്ച ആയുധ പരിശീലന ക്യാമ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പോലീസ് അന്വേഷണം ആരംഭിച്ചു. വിവിധയിനം തോക്കുകള്‍ ഉപയോഗിച്ചു വെടിവയ്ക്കാനുള്ള പരിശീലനം, ആയോധന, അതിജീവന പരിശീലനങ്ങള്‍ എന്നിവ നല്‍കുന്ന വീഡിയോയാണ് പ്രചരിച്ചത്. 350 യുവാക്കള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണു വീഡിയോയില്‍ പറയുന്നത്.
◾സുഖമില്ലാത്തതിനാല്‍ അവധി വേണമെന്ന ആവശ്യം മേലുദ്യോഗസ്ഥന്‍ നിഷേധിച്ചതാണ് മുബൈയില്‍ ട്രെയിനില്‍ റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിള്‍ യാത്രക്കാരെ കൂട്ടക്കൊല ചെയ്യാന്‍ പ്രകോപനമായതെന്നു റിപ്പോര്‍ട്ട്. മേലുദ്യോഗസ്ഥനുമായി ഫോണിലൂടെ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഇതിന്റെ അരിശം തീര്‍ക്കാന്‍ കയ്യിലെ എ കെ 47 തോക്ക് ഉപയോഗിച്ച് പ്രതി വെടിയുതിര്‍ക്കുകയായിരുന്നു.
◾ഗായകന്‍ സിദ്ധു മൂസേവാല വധക്കേസിലെ പ്രതികളിലൊരാളായ സച്ചിന്‍ ബിഷ്ണോയിയെ അസര്‍ബൈജാന്‍ ഇന്ത്യക്കു കൈമാറി. ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ ബന്ധു കൂടിയായ സച്ചിനെ ഡല്‍ഹി പൊലീസ് സ്പേഷ്യല്‍ സെല്ലാണ് അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍നിന്ന് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം മെയ് 29 നാണു കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്. ബിജെപി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതിനു പിറകേയാണ് ആക്രമണമുണ്ടായത്.
◾ജൂലൈയില്‍ ഇന്ത്യയുടെ മൊത്ത ചരക്കുസേവന നികുതി വരുമാനം 1.65 ലക്ഷം കോടി രൂപ. മുന്‍വര്‍ഷത്തേക്കാള്‍ 11 ശതമാനം വര്‍ധന.
◾രാജ്യത്തു പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപയുടെ നോട്ടുകളില്‍ 88 ശതമാനവും ബാങ്കുകളിലേക്കു തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്. ജൂലൈ 31 വരെ 3.14 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തി.
◾മണിപ്പൂരിലേക്കു പത്തു കോടി രൂപയുടെ അവശ്യ സാധനങ്ങള്‍ നല്‍കാന്‍ തയാറാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് സ്റ്റാലിന്‍ അയച്ച കത്തിലാണ് ഈ വാഗ്ദാനം.
◾ഇരുചക്ര വാഹന നിര്‍മാണ കമ്പനിയായ ഹീറോ മോട്ടോര്‍ കോര്‍പിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ പവന്‍ മുന്‍ജാലിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള ഒരു അന്വേഷണത്തിന്റെ ഭാഗമായാണ് പവന്‍ മുന്‍ജാല്‍ ഉള്‍പ്പെടെയുള്ള ചിലരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്.
◾അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ബഹിരാകാശ പേടകമായ വോയേജറുമായുള്ള ആശയവിനിമയ ബന്ധം താത്കാലികമായി നഷ്ടമായി. നാസയില്‍നിന്ന് വോയേജറിലേക്ക് അയച്ച സന്ദേശത്തിലെ പിഴവു കാരണം പേടകത്തിലെ ഡിഷ് ആന്റിന ഭൂമിയില്‍നിന്ന് അകലേക്കു തിരിഞ്ഞതാണു കാരണം. ഭൂമിയില്‍ നിന്ന് ഏകദേശം 1990 കോടി കിലോമീറ്റര്‍ അകലെയുള്ള വോയേജര്‍ പേടകമാണ് ബഹിരാകാശത്ത് ഭൂമിയില്‍നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ മനുഷ്യ നിര്‍മിത വസ്തു.
◾പാക് അധിനിവേശ കാഷ്മീരിലൂടെ ചൈന റോഡ് നിര്‍മിക്കുന്നു. ബലൂചിസ്ഥാനിലെ ഗ്വദര്‍ തുറമുഖത്തെ ചൈനയിലെ ഷിന്‍ജിയാംഗ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന വിവാദ ഇടനാഴി പദ്ധതി നടപ്പാക്കുമെന്നു ചൈന പ്രഖ്യാപിച്ചു. പദ്ധതി നടപ്പാക്കുന്നതില്‍ ഇന്ത്യ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
◾ടൈറ്റന്‍ ദുരന്തത്തിനു പിന്നാലെ ഓഷ്യന്‍ഗേറ്റ് കമ്പനിയുടെ സഹസ്ഥാപകന്‍ ശുക്രനിലേക്ക് ആയിരം പേരെ അയക്കുന്ന യാത്രയ്ക്കു തയാറെടുക്കുന്നു. വ്യവസായിയായ ഗില്ലെര്‍മോ സോണ്‍ലൈന്റെ സ്ഥാപനമായ ഹ്യൂമന്‍സ് ടൂ വീനസ് ആണ് 2050 ല്‍ ശുക്രനില്‍ ജീവിക്കാന്‍ 1,000 മനുഷ്യരെ അയക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചത്.
◾വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 200 റണ്‍സിന്റെ കൂറ്റന്‍ ജയം, ഒപ്പം പരമ്പര വിജയവും. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് 151 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും സഞ്ജു സാംസണും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യക്ക് വേണ്ടി അര്‍ദ്ധസെഞ്ച്വറി നേടിയ മത്സരത്തില്‍ 85 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് മാന്‍ ഓഫ് ദ മാച്ച്. 2-1 ന് പരമ്പര നേടിയ ഇന്ത്യയുടെ ഇഷാന്‍ കിഷനാണ് പ്ലെയര്‍ ഓഫ് ദ സീരീസ്.
◾ചരക്ക് സേവന നികുതിയായി കേരളത്തില്‍ നിന്ന് കഴിഞ്ഞമാസം പിരിച്ചെടുത്തത് 2,381 കോടി രൂപ. 2022 ജൂലൈയിലെ 2,161 കോടി രൂപയേക്കാള്‍ 10 ശതമാനം അധികമാണിതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ജൂണില്‍ കേരളത്തിലെ ജി.എസ്.ടി പിരിവ് 2,725.63 കോടി രൂപയായിരുന്നു. 2022 ജൂണിനെ അപേക്ഷിച്ച് 26 ശതമാനമായിരുന്നു വളര്‍ച്ച. കഴിഞ്ഞ നാല് മാസങ്ങളിലും 2,000 കോടി രൂപയ്ക്കുമേല്‍ ജി.എസ്.ടി കേരളത്തില്‍ നിന്ന് സമാഹരിച്ചിട്ടുണ്ട്. അതേസമയം, ജൂലൈയില്‍ സംസ്ഥാന ജി.എസ്.ടി, സംയോജിത ജി.എസ്.ടിയിലെ എന്നിവയുടെ വിഹിതമായി 2,534 കോടി രൂപയും കേന്ദ്രം കേരളത്തിന് അനുവദിച്ചിട്ടുണ്ട്. 1,093 കോടി രൂപ എസ്.ജി.എസ്.ടിയും 1,441 കോടി രൂപ ഐ.ജി.എസ്.ടി വിഹിതവുമാണ്. കഴിഞ്ഞമാസം ദേശീയതലത്തില്‍ പിരിച്ചെടുത്ത ജി.എസ്.ടി 1.65 ലക്ഷം കോടി രൂപയാണ്. 2022 ജൂലൈയിലെ 1.48 ലക്ഷം കോടി രൂപയേക്കാള്‍ 11 ശതമാനമാണ് വര്‍ദ്ധന. തുടര്‍ച്ചയായ അഞ്ചാം മാസമാണ് സമാഹരണം 1.6 ലക്ഷം കോടി രൂപ കവിയുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ലഭിച്ച 1.87 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ സമാഹരണം. കഴിഞ്ഞമാസത്തെ മൊത്തം ജി.എസ്.ടി പിരിവില്‍ 29,773 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 37,623 കോടി രൂപ സംസ്ഥാന ജി.എസ്.ടിയുമാണ്. സംയോജിത ജി.എസ്.ടിയായി 85,930 കോടി രൂപ ലഭിച്ചു. സെസ് ഇനത്തില്‍ പിരിച്ചെടുത്തത് 11,799 കോടി രൂപ. ഏറ്റവുമധികം ജി.എസ്.ടി പിരിച്ചെടുക്കുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. 18 ശതമാനം വളര്‍ച്ചയോടെ 26,064 കോടി രൂപയാണ് കഴിഞ്ഞമാസം മഹാരാഷ്ട്രയില്‍ നിന്ന് പിരിച്ചെടുത്തത്. കര്‍ണാടക (11,505 കോടി രൂപ), തമിഴ്‌നാട് (10,022 കോടി രൂപ) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍. ജൂണില്‍ 21.86 കോടി രൂപ ലഭിച്ച ദ്വീപില്‍ നിന്ന് കഴിഞ്ഞമാസം ലഭിച്ചത് രണ്ടു കോടി രൂപ മാത്രം.
◾ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്സ്' റിലീസ് തയ്യാറെടുക്കുകയാണ്. രാജ് നിദിമൊരുവും കൃഷ്ണ ഡികെയുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. 'ഗണ്‍സ് ആന്‍ഡ് ഗുലാബ്സി'ലെ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ ഗ്ലിംപ്സ് പുറത്തുവിട്ടിരിക്കുകയാണ്. 'ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ വര്‍മ'യായിട്ടാണ് ദുല്‍ഖര്‍ സീരീസില്‍ എത്തുക. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള സിരീസാണ് ഇത്. രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്തിരിക്കുന്ന 'ഗണ്‍സ് ആന്‍ഡ് ഗുലാബ്സ്' നെറ്റ്ഫ്ലിക്സില്‍ ഓഗസ്റ്റ് 18 സ്ട്രീമിംഗ് ആരംഭിക്കും. പങ്കജ് കുമാറാണ് ഛായാഗ്രഹണം. തൊണ്ണൂറുകള്‍ പശ്ചാത്തലമാക്കുന്ന ദുല്‍ഖിറിന്റെ സിരീസിന്റെ കഥ ഒരുക്കിയിരിക്കുന്നത് രാജ് നിദിമൊരുവും കൃഷ്ണ ഡികെയോടുമൊപ്പം സുമന്‍ കുമാര്‍ കൂടി ചേര്‍ന്നാണ്.
◾റഹ്‌മാന്‍ നായകനാവുന്ന സമാറ എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 4 ന് തിയറ്ററുകളില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. ചില സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് റിലീസ് നീട്ടുകയായിരുന്നു. ഓഗസ്റ്റ് 11 ആണ് പുതിയ റിലീസ് തീയതി. മാജിക് ഫ്രെയിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. പുതുമുഖ സംവിധായകന്‍ ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഹിന്ദിയില്‍ ബജ്റംഗി ഭായ്ജാന്‍, ജോളി എല്‍എല്‍ബി 2, തമിഴില്‍ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീര്‍ സര്‍വാര്‍, തമിഴ് നടന്‍ ഭരത്, മൂത്തോന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവര്‍ക്കൊപ്പം പതിനെട്ടോളം പുതിയ താരങ്ങളും മുപ്പത്തിയഞ്ചോളം വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
◾ആംബുലന്‍സായും ഇന്നോവ ക്രിസ്റ്റ എത്തുന്നു. ബേസിക്, അഡ്വാന്‌സ്ഡ് എന്നീ രണ്ടു വേരിയന്റുകളിലാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആംബുലന്‍സ് വരുന്നത്. പൈനാക്കിള്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി സഹകരിച്ചാണ് ഇന്നോവ ക്രിസ്റ്റ ആംബുലന്‍സ് നിര്‍മിക്കുന്നത്. ഒരു ആംബുലന്‍സിനു വേണ്ട മാറ്റങ്ങള്‍ പുറത്തും അകത്തും വരുത്തിട്ടാണ് ക്രിസ്റ്റ ആംബുലന്‍സിനെ ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്. വശങ്ങളിലും പിന്നിലും ചുവപ്പു നിറത്തില്‍ ആംബുലന്‍സ് എന്ന് സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള സ്റ്റിക്കറുകളും വാഹനത്തിനു മുകളിലെ എമര്‍ജന്‍സി ഫ്‌ളാഷിങ് ലൈറ്റുകളും ആംബുലന്‍സ് ലുക്ക് വാഹനത്തിന് നല്‍കുന്നുണ്ട്. ഉള്ളിലേക്കു വന്നാല്‍ ഡ്രൈവറും രോഗി കിടക്കുന്ന പിന്‍ഭാഗവും തമ്മിലുള്ള വേര്‍തിരിവാണ് പ്രധാന വ്യത്യാസം. മരുന്നുകള്‍ സൂക്ഷിക്കാനുള്ള സൗകര്യം, എമര്‍ജന്‍സി കിറ്റ്, അഗ്നിശമന സംവിധാനം, ഓട്ടോ ലോഡിങ് സ്ട്രക്ച്ചര്‍, പാരമെഡിക് സീറ്റ്, ഫോള്‍ഡിങ് റാംപ്, എടുത്തു മാറ്റാവുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിവയെല്ലാം ക്രിസ്റ്റ ആംബുലന്‍സിലുണ്ടാവും. അഡ്വാന്‍സ്ഡ് വേരിയന്റില്‍ ഈ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം അധിക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടോമേറ്റഡ് എക്‌സ്റ്റേണല്‍ ഡിഫിബ്രിലേറ്റര്‍, കെന്‍ഡ്രിക് എക്‌സ്ട്രാക്ഷന്‍ ഡിവൈസ്, മള്‍ട്ടിപാരാമീറ്റര്‍ മോണിറ്റര്‍, ഓക്‌സിജന്‍ ഡെലിവറി സിസ്റ്റം, പോര്‍ട്ടബിള്‍ സക്ഷന്‍ ആസ്പിരേറ്റര്‍, സ്‌പൈന്‍ ബോര്‍ഡ്, സ്റ്റേഷനറി ഓക്‌സിജന്‍ സിലിണ്ടറുകള്‍, കൂടുതല്‍ പവര്‍ സോക്കറ്റുകള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ അഡ്വാന്‍സ്ഡ് വേരിയന്റിലുണ്ടാവും. സ്റ്റാന്‍ഡേഡ് മോഡലിലേതു പോലെ 2.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആംബുലന്‍സിലുമുള്ളത്. 148ബിഎച്പി കരുത്തും പരമാവധി 343എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന വാഹനമാണിത്.
◾മലയാളകഥയില്‍ ആധുനികതയുടെ കൊടുങ്കാറ്റു വീശിയടിക്കുന്ന അക്കാലത്ത് അതില്‍പ്പെടാതെ ലളിതവും സുതാര്യവുമായ ഭാഷ കൊണ്ട് കഥയെ മുന്നോട്ടു കൊണ്ടുപോവാന്‍ കുറച്ചൊന്നുമല്ല ധൈര്യം ആവശ്യമായിരുന്നത്. ചാഞ്ചല്യലേശമെന്യേ തന്റെ വഴിയിലൂടെ നീങ്ങിയ ഹരികുമാറിന്റെ കഥകള്‍ ഇന്നും കാലാതിവര്‍ത്തിയായി നില്‍ക്കുന്നത് അതിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും കൊണ്ടാണ്. സ്വയം വഞ്ചിച്ചുകൊണ്ട് ഒരു വാക്കുപോലും എഴുതാത്ത എഴുത്തുകാരന് അടിപതറാതെ എത്രകാലം വേണമെങ്കിലും നില്‍ക്കാന്‍ കഴിയും. 'മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍'. ഇ ഹരികുമാര്‍. ഗ്രീന്‍ ബുക്സ്. വില 342 രൂപ.
◾മൃദുലവും തിളക്കമുള്ളതുമായ ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെ വൃത്തിയുടെ കാര്യത്തിലും ശ്രദ്ധ വേണം. ഇതില്‍ ഏറ്റവും പ്രധാനമാണ് കിടക്കവിരി കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ബെഡ്ഷീറ്റ് മാറ്റാന്‍ ശ്രമിക്കണം. ഒന്നോ അതിലധികമോ രോമകൂപങ്ങളെ ബാധിക്കുന്ന വീക്കം അല്ലെങ്കില്‍ അണുബാധയാണ് ഫോളികുലൈറ്റിസ്. വിയര്‍പ്പ്, ചര്‍മ്മത്തിലെ മൃതകോശങ്ങള്‍, എണ്ണ എന്നിവയൊക്കെ ബെഡ്ഷീറ്റില്‍ അടിഞ്ഞുകൂടുകയും രോമകൂപങ്ങള്‍ അടഞ്ഞുപോകുകയും ചെയ്യുന്നതാണ് ഫാളികുലൈറ്റിസിന് കാരണമാകുന്നത്. രോമകൂപങ്ങള്‍ക്ക് ചുറ്റും ചുവന്നുവീര്‍ത്ത കുരുക്കള്‍ കാണപ്പെടാന്‍ ഇത് ഇടയാക്കും. വൃത്തിഹീനമായ ബെഡ്ഷീറ്റുകള്‍ ബാക്റ്റീരിയ വളരാന്‍ ഇടയാക്കുകയും മുഖത്ത് എണ്ണമയം കൂടാന്‍ കാരണമാകുകയും ചെയ്യും. ഇത് മുഖക്കുരുവിന് വഴിയൊരുക്കും. രാത്രി മുഴുവന്‍ കിടക്കവിരിയിലെ അഴുക്കുമായി ചര്‍മ്മം സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ വീക്കം കൂടുകയും നിലവിലുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. ഈര്‍പ്പമുള്ള സ്ഥലങ്ങളിലാണ് ഫംഗസ് വളരുന്നത്. വൃത്തിഹീനമായ ബെഡ്ഷീറ്റുകള്‍ അവര്‍ക്ക് അനുയോജ്യമായ പ്രജനന കേന്ദ്രമായി മാറും. റിംഗ് വോം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്ന അണുബാധയാണ്. ഇത് ചര്‍മ്മത്തെ ബാധിച്ചാല്‍ വൃത്താകൃതിയില്‍ തിണര്‍പ്പുണ്ടാകുകയും അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ചര്‍മ്മത്തിന്റെ പുറംതൊലിയ ബാധിക്കുന്ന ഒരു അണുബാധയാണിത്. സ്‌ട്രെപ്‌റ്റോകോക്കസ് പോലുള്ള ഹാനീകരമായ ബാക്ടീരിയകള്‍ ചര്‍മ്മത്തിലെ മുറിവുകളിലൂടെ അകത്തുകടക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഇംപെറ്റിഗോ. ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയും ചെയ്യും. വ്യാപകമായി കണ്ടുവരുന്ന മറ്റൊരു ഫംഗല്‍ അണുബാധയാണ് അത്‌ലറ്റ്‌സ് ഫുട്ട്. വൃത്തിയില്ലാത്ത ബെഡ്ഷീറ്റുകളില്‍ വളരുന്ന ഫംഗസ് മൂലം ഇത് ബാധിക്കാം. ഉറങ്ങുമ്പോള്‍ കാല്‍പാദങ്ങള്‍ കിടക്കവിരിയുമായി സമ്പര്‍ക്കം പുലര്‍ത്താറുണ്ട്. ഫംഗസ് അവയ്ക്ക് അനുകൂലമായ സാഹചര്യം കണ്ടെത്തിയാല്‍ കാലുകള്‍ ചുവന്ന നിറത്തിലാക്കുകയും ചൊറിച്ചില്‍ അണുഭവപ്പെടുകയും ചെയ്യും.