◾സംസ്ഥാനത്തു കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ട്രഷറി ഇടപാടുകള്‍ക്കു കര്‍ശന നിയന്ത്രണം. അഞ്ചു ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ പാസാക്കുന്നതു വിലക്കി. ധനവകുപ്പാണു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
◾മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക പരിശോധന തുടങ്ങി. കൊച്ചി ഇഡി ഓഫിസില്‍ ലഭിച്ച പരാതികളിലാണു പരിശോധന തുടങ്ങിയത്.
◾ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കാലത്ത് അഞ്ചു കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ്. അരി സപ്ളൈകോ സ്‌കൂളുകളില്‍ എത്തിക്കും. 29.5 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഗുണഭോക്താക്കള്‍. ഓഗസ്റ്റ് 24 നകം വിതരണം പൂര്‍ത്തിയാക്കും.
◾വിദ്യാഭ്യാസ വകുപ്പിലെ ഫയലുകളില്‍ സമയാസമയം തീര്‍പ്പുണ്ടാക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ പ്രത്യേക ഡ്രൈവ് നടത്തുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓരോ വിഭാഗത്തിലും അസാധാരണ രീതിയില്‍ ഫയലുകള്‍ തീര്‍പ്പാകാതെ കിടപ്പുണ്ടോയെന്നു പരിശോധിക്കും. വീഴ്ചയുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
◾ബിവറേജസ് കോര്‍പറേഷന് ലോട്ടറിയടിച്ചു. 2019 ല്‍ ഇന്‍കം ടാക്‌സ് പിടിച്ചെടുത്ത 1,150 കോടി രൂപ ബിവറേജ്‌സ് കോര്‍പ്പറേഷന്‍ തിരികെ ലഭിക്കും. കോര്‍പ്പറേഷന്‍ സിഎംഡി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ഇടപെടലാണ് തുക തിരിച്ചുകിട്ടാന്‍ കാരണമെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു.
◾ഇന്ന് അത്തം. അത്തപ്പൂക്കളം ഒരുക്കാന്‍ പൂവിപണി ഉണര്‍ന്നു. പൂക്കളും ഓണക്കോടിയും മറ്റും വാങ്ങാന്‍ ഇന്നലെ നല്ല തിരക്കായിരുന്നു. വാഹനബാഹുല്യംമൂലം പലയിടത്തും ഗതാഗതക്കുരുക്കും ഉണ്ടായി.
◾സോളാര്‍ പീഡന കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. റിപ്പോര്‍ട്ട് തള്ളണമെന്ന പരാതിക്കാരിയുടെ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളുകയായിരുന്നു.
◾ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യ ബ്ലോക്ക്തല ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയതായി മന്ത്രി വീണാ ജോര്‍ജ്.
◾കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ ഹണിട്രാപ്പില്‍ പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. സിദ്ധിഖിന്റെ ഹോട്ടലിലെ മുന്‍ജീവനക്കാരനായ മുഹമ്മദ് ഷിബിലും സുഹൃത്തുക്കളായ ഫര്‍ഹാനയും ആഷിഖും ചേര്‍ന്നാണ് കവര്‍ച്ചയും കൊലപാതകവും നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
◾താനൂരിലെ കസ്റ്റഡി മരണത്തില്‍ മൃതദേഹത്തിലെ പരിക്കുകള്‍ അന്വേഷണ ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ചുകൊടുത്തിട്ടുണ്ടെന്ന് ഫോറന്‍സിക് സര്‍ജന്‍ ഡോ ഹിതേഷ്. പോസ്റ്റുമാര്‍ട്ടത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ വീഡിയോഗ്രാഫി ചെയ്തിട്ടുണ്ട്. താന്‍ ഒറ്റയ്ക്കല്ല, മൂന്നു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് പോസ്റ്റുമാര്‍ട്ടം ചെയ്തത്. താന്‍ പോലീസിനെതിരേ മനപൂര്‍വം റിപ്പോര്‍ട്ടുണ്ടാക്കിയതാണെന്ന പോലീസിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
◾മുഖ്യമന്ത്രി പിണറായി വിജയന്‍ വന്ദേഭാരതില്‍ ആദ്യ യാത്ര നടത്തി. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്കാണ് യാത്ര ചെയ്തത്. യാത്രയോടനുബന്ധിച്ച് കോച്ചുകളില്‍ പൊലീസ് വന്‍ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തി. ട്രാക്കുകളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തി.
◾വനിതാ ടിടിഇയെ മര്‍ദ്ദിച്ച യാത്രക്കാരന്‍ വടകര സ്വദേശി റൈരുവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളുരു -ചെന്നൈ എക്സ്പ്രസില്‍ ടി ടി ഇ രജിതയ്ക്കാണു മര്‍ദ്ദനമേറ്റത്.
◾എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇന്നു മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന വത്തിക്കാന്‍ പ്രതിനിധിയുടെ കത്തിനു കോടതി സ്റ്റേ നല്‍കിയില്ല. ഇതോടെ ഇന്നു എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഏകീകൃത കുര്‍ബാന നടത്തും.
◾ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ആധുനിക പതിപ്പായ ലുലു ഡെയ്ലി മരടില്‍ ആരംഭിച്ചു. പ്രസ്റ്റീജ് ഫോറം മാളിലാണ് ലുലു ഡെയ്ലി തുടങ്ങിയത്. ആദ്യമായാണ് കേരളത്തില്‍ ലുലു ഡെയ്ലി എന്ന ഫോര്‍മാറ്റ് ആരംഭിക്കുന്നത്.
◾കണ്ണൂരില്‍ ഒരേ ദിവസം രണ്ടു ട്രെയിനുകള്‍ക്കു കല്ലെറിഞ്ഞ പ്രതി പിടിയില്‍. ഒഡീഷ സ്വദേശിയായ സര്‍ബേശ്വര്‍ പരീധ എന്ന യുവാവാണ് പിടിയിലായത്. പത്തു വര്‍ഷത്തോളമായി കണ്ണൂരില്‍ ജോലി ചെയ്യുന്നയാളാണ്.
◾എറണാകുളം കൂത്താട്ടുകുളത്തിനടുത്ത ഇലഞ്ഞിയില്‍ പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ച പോക്സോ കേസ് പ്രതി തൂങ്ങിമരിച്ചു. പെണ്‍കുട്ടിയുടെ പിതൃ സഹോദരനാണു തൂങ്ങി മരിച്ചത്.
◾വിവാഹ ആവശ്യത്തിനു വായ്പയെടുത്തതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി ഒളിവില്‍പോയ മകന്‍ പിടിയില്‍. ആലപ്പുഴ കാളാത്ത് തടിക്കല്‍ വീട്ടില്‍ നിഖിലിനെ (29) ബാംഗ്ലൂര്‍ മജിസ്റ്റിക് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നാണ് അറസ്റ്റു ചെയ്തത്.
◾വര്‍ക്കല ലീനാമണി വധക്കേസില്‍ മൂന്നും നാലും പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുഖ്യപ്രതിയുടെ ഭാര്യ രഹീന, സഹോദരന്‍ മുഹ്‌സിന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്.
◾പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസില്‍ യുവ സംവിധായകന്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയാണ് അറസ്റ്റിലായത്.
◾സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 16 വര്‍ഷം കഠിന തടവും, 35,000 രൂപ പിഴയും ശിക്ഷ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സബിന്‍ രാജിനെയാണ് പെരുമ്പാവൂര്‍ സ്പെഷ്യല്‍ അതിവേഗ കോടതി ശിക്ഷിച്ചത്.
◾രാജ്യത്തെ മൊത്തം ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കടന്നത് സുപ്രധാന നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജന്‍ധന്‍ അക്കൗണ്ടുകളില്‍ 56 ശതമാനവും സ്ത്രീകളുടേതാണ്. ജന്‍ധന്‍ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 2.03 ലക്ഷം കോടി രൂപയിലേറെയാണ്. 34 കോടി റുപേ കാര്‍ഡുകള്‍ ഈ അക്കൗണ്ടുകള്‍ക്ക് സൗജന്യമായി നല്‍കിയിട്ടുണ്ട്.
◾സവാള വില വര്‍ധിക്കുന്നതു തടയാന്‍ കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി ചുങ്കം 40 ശതമാനം വര്‍ധിപ്പിച്ചു. ഡിസംബര്‍ 31 വരെയാണ് കൂടിയ നികുതി ചുമത്തുക.
◾ലഡാക്കില്‍ സൈനിക വാഹനം മലയിടുക്കില്‍ വീണ് ഒമ്പതു സൈനികര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ലേഹിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തില്‍പെട്ടത്. രാഷ്ട്രപതിയും കേന്ദ്ര മന്ത്രി അമിത് ഷായും രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍ ദുഃഖം രേഖപ്പെടുത്തി.
◾ഗായകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സിദ്ദു മുസേവാലയുടെ കൊലപാതകം ആസൂത്രണം ചെയ്തത് ഉത്തര്‍പ്രദേശിലെ അയോധ്യയിലാണെന്ന് റിപ്പോര്‍ട്ട്. പ്രതികള്‍ അയോധ്യയിലും ലക്നോവിലും ചുറ്റിത്തിരിഞ്ഞു നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രതികള്‍ ഉപയോഗിച്ചതു പാക്കിസ്ഥാനില്‍നിന്നുള്ള ആയുധങ്ങളാണെന്നും വ്യക്തമായിട്ടുണ്ട്.
◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരാണസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മല്‍സരിച്ചാല്‍ പ്രിയങ്കാഗാന്ധി വിജയിക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. അടുത്ത പ്രധാനമന്ത്രി ഇന്ത്യ മുന്നണിയില്‍നിന്നാണെന്നും ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
◾രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ ലഡാക്കിലേക്കു ബൈക്ക് യാത്രയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാംഗോംഗ് തടാക കരയിലാണ് ഇത്തവണ പിതാവിന്റെ ജന്മദിനാഘോഷം. കെടിഎമ്മിന്റെ 390 അഡ്വഞ്ചര്‍ ബൈക്കിലാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര. ഈ മാസം 25 വരെ ലാഹുല്‍ ലഡാക്കില്‍ തുടരും.
◾സൗജന്യ നിരക്കില്‍ വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ. ഓഫര്‍ ഇന്ന് അവസാനിക്കും. ആഭ്യന്തര വിമാന ടിക്കറ്റുകള്‍ 1,470 രൂപ മുതലുള്ള നിരക്കിലാണു വാഗ്ദാനം ചെയ്യുന്നത്. ബിസിനസ് ക്ലാസിന് 10,130 രൂപ മുതലാണ് നിരക്ക്.
◾അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ഡൊണാള്‍ഡ് ട്രംപിനു റിസിന്‍ വിഷം പുരട്ടിയ കത്തയച്ച കേസില്‍ പാസ്‌കല്‍ ഫെറിയര്‍ എന്ന കനേഡിയന്‍ മദ്ധ്യവയസ്‌കയ്ക്ക് യുഎസ് കോടതി 22 വര്‍ഷം തടവുശിക്ഷ വിധിച്ചു. വിഷം പുരട്ടിയ കത്ത് വൈറ്റ് ഹൗസില്‍ എത്തുന്നതിനുമുമ്പു തന്നെ അന്വേഷണ ഏജന്‍സികള്‍ തടഞ്ഞിരുന്നു.
◾2021-22 വര്‍ഷത്തില്‍ റെക്കോഡ് വരുമാനവുമായി എച്ച്.എല്‍.എല്‍. വിവിധ പദ്ധതികളിലായി 35, 668 കോടിയുടെ വരുമാനം ലഭിച്ചു. ഇതില്‍ ലാഭവിഹിതമായി 122.47 കോടി രൂപ സര്‍ക്കാരിന് നല്കി. ഇക്കാലയളവിലെ മൊത്തം ലാഭം 551.81 കോടിയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പല പ്രവര്‍ത്തനങ്ങളും കേന്ദ്ര കേന്ദ്രസര്‍ക്കാര്‍ ഏല്പിച്ചത് എച്ച്. എല്‍.എല്ലിനെയായിരുന്നു. 2022 ഏപ്രില്‍ 31ലെ കണക്കുകള്‍ പ്രകാരം 4.36 കോടി എന്‍95 മാസ്‌ക്, 2.7 കോടി ഗ്ലൗസ്, 1.73 കോടി ഗോഗിള്‍സ്, 22,268 ത്തില്‍പ്പരം വെന്റിലേറ്ററുകള്‍ എന്നിവ വിതരണം ചെയ്തു. വൈവിദ്ധ്യ വത്കരണത്തിന്റെ ഭാഗമായി സി.ആര്‍.ഡി.സി വികസിപ്പിച്ചെടുത്ത ഗ്രാഫീന്‍ കോണ്ടം വിപണിയിലിറക്കാന്‍ പദ്ധതിയുണ്ട്. കൂടാതെ ഹെല്‍ത്ത് കെയര്‍ രംഗത്തെ നവീന സങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്ന 19ഓളം സ്ഥാപനങ്ങളെ കണ്ടെത്തി എംപാനല്‍ ചെയ്യും. ഭോപ്പാലിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സുമായി മെഡിക്കല്‍ ലാബ് മെയിന്റനന്‍സിന്റെയും മെഡിക്കല്‍ ഇമേജ് സര്‍വീസസിന്റെയും കരാര്‍ ഒപ്പുവച്ചു. ദുബായില്‍ നടന്ന അറബ് ഹെല്‍ത്ത് 2023 എക്സ്‌പോയില്‍ പങ്കെടുത്തു. കഴിഞ്ഞ മൂന്നു വര്‍ഷം ലാഭത്തിലായതോടെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കി. അന്തര്‍ദേശീയ തലത്തില്‍ ബിസിനസ് കൂടുതല്‍ സജീവമാക്കാനും ഉത്പാദന മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കാനുമാണ് എച്ച്.എല്‍.എല്‍ ലക്ഷ്യമിടുന്നത്.
◾ഓഗസ്റ്റ് 24, വ്യാഴാഴ്ച തിയറ്ററുകളില്‍ എത്താനിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന 'കിംഗ് ഓഫ് കൊത്ത' ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണം. പ്രമുഖ കേന്ദ്രങ്ങളില്‍ രാവിലെ 7 മണിക്കാണ് ആദ്യ ഷോകള്‍. ആദ്യദിനത്തിലെ മിക്ക ഷോകളും ഇതിനകം ഫുള്‍ ആയിക്കഴിഞ്ഞു. റിലീസിന് ഇനിയും നാല് ദിവസങ്ങള്‍ ശേഷിക്കെ ഇതിനകം വിറ്റുപോയിരിക്കുന്നത് 20 ലക്ഷം ടിക്കറ്റുകളാണെന്ന് അണിയറക്കാര്‍ അറിയിച്ചു. ആഗോള തലത്തിലെ കണക്കാണ് ഇത്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിംഗ് ആണ് കിംഗ് ഓഫ് കൊത്ത. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണിത്. ദുല്‍ഖറിന്റെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം വെഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ്. ഷബീര്‍ കല്ലറയ്ക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, വട ചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ എന്നിങ്ങനെ ഒരു വന്‍ താരനിരയാണ് ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അണിനിരക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്.
◾മലയാളിയായ പ്രശാന്ത് മാമ്പുള്ളിയുടെ സംവിധാനത്തിലുള്ള ചിത്രമാണ് 'ജൂലിയാന'. ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഒരു അപായ സാഹചര്യത്തില്‍പെടുന്ന കേന്ദ്ര കഥാപാത്രം അവിടന്നു രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങളാണ് 'ജൂലിയാന'യുടെ ഇതിവൃത്തം. 'ജൂലിയാന'യില്‍ ഒരേയൊരു കഥാപാത്രം മാത്രമാണുള്ളത്. മാത്രവുമല്ല കേന്ദ്ര കഥാപാത്രത്തിന്റെ മുഖം ചിത്രത്തില്‍ കാണിക്കുന്നില്ല എന്നതും 'ജൂലിയാന'യെ ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സിനിമയായി മാറ്റുന്നു. ലോകത്തിലെ സംഭാഷണമില്ലാത്ത ആദ്യ സര്‍വൈവല്‍ ചിത്രവുമാണ് 'ജൂലിയാന'. സ്നേഹവും പ്രതീക്ഷയും പേറുന്ന 'ജൂലിയാന'യിലൂടെ സംവിധായകനും സംഘവും ഒരുക്കുന്നത് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ചിത്രം ആസ്വദിക്കാനുള്ള അവസരമാണ്. ഷിനോയ് മാത്യുവും ബാദുഷയുമാണ് 'ജൂലിയാന'യെന്ന ചിത്രം പെന്‍ & പേപ്പര്‍ ക്രിയേഷന്‍സും ബാദുഷ ഫിലിംസിന്റെയും ബാനറില്‍ നിര്‍മിക്കുന്നത്. പ്രശാന്ത് മാമ്പുള്ളിയുടേതാണ് ചിത്രത്തിന്റെ രചനയും.
◾ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ഔഡി ഇന്ത്യയില്‍ ക്യു8 ഇ-ട്രോണ്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ വില 1.14 കോടി രൂപയില്‍ ആരംഭിക്കുന്നു. ഓഡി ക്യു8 600 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. രണ്ട് ബോഡി ശൈലികളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ക്യു8 ഇ-ട്രോണ്‍ എസ്യുവി, ക്യു8 ഇ-ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് എന്നിവയാണവ. ട്രിമ്മുകളുടെ കാര്യത്തില്‍, ഓഡി ക്യു8 ഇ-ട്രോണ്‍ 50, 55 ട്രിമ്മുകളില്‍ വാഗ്ദാനം ചെയ്യുന്നു. ഓഡി ക്യു 8 ഇ-ട്രോണിന്റെ ബുക്കിംഗ് നിലവില്‍ 5 ലക്ഷം രൂപയ്ക്ക് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഔഡി ക്യു8 ഇ-ട്രോണ്‍ 55-ല്‍ 114 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുണ്ട്. അത് 600കിമീ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 408 എച്ച്പി പവറും 664 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ബാറ്ററി പായ്ക്ക് നല്‍കുന്നത്. ഔഡി ക്യു8 ഇ-ട്രോണ്‍ 50-ന് 95കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് ലഭിക്കുന്നു, അത് 505കിമീ റേഞ്ചും 340എച്പിയുടെ പീക്ക് പവറും വാഗ്ദാനം ചെയ്യുന്നു. വാഗ്ദാനം ചെയ്യുന്ന ടോര്‍ക്ക് ഇ-ട്രോണ്‍ 55-ന് സമാനമാണ്. അതായത് 664 എന്‍എം.
◾ഇത് സങ്കടങ്ങളുടെ ദ്വീപാണ്. നിങ്ങള്‍ക്ക് അപരിചിതമായ മണല്‍വേവുകളുടെ തീരം. ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലെ മനുഷ്യരുടെ നൂറായിരം നോവുകള്‍ പേറി കുതിക്കുന്നൊരു തീവണ്ടി. കണ്‍മുന്നില്‍ ചിതറി വീഴുന്ന ജീവനുകള്‍ നേര്‍ക്കുനേര്‍ കാണേണ്ടി വരുന്ന 'ലോക്കോ പൈലറ്റിന്റെ' ഭൂമിയോളം കനമുള്ള മനസ്സ്, ഒന്നു ഓര്‍ത്തു നോക്കൂ. 'വിത്തുകള്‍ മുള പൊട്ടുന്ന ഇടങ്ങളിലെ' കുഞ്ഞുകരച്ചിലുകള്‍ കേട്ടു നോക്കൂ. മരണത്തിലേക്ക്, നടന്നടുക്കുന്നവന്റെ ഭീകരമായ ഏകാന്തതയെക്കുറിച്ച്, 'അപൂര്‍ണവിരാമങ്ങളെ'ക്കുറിച്ച് ചിന്തിച്ച് നോക്കൂ. നിങ്ങളുടെ വിചാരങ്ങളില്‍ നനവ് പടരുന്നുവെങ്കില്‍ ഈ പുസ്തകം വായിക്കാം. 'സങ്കടദ്വീപ്'. അമല്‍ ഫെര്‍മിസ്. കൈരളി ബുക്സ്. വില 190 രൂപ.
◾ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഏറ്റവും മികച്ച സ്രോതസ്സാണ് പാലും നെയ്യും. അപ്പോള്‍ ഇവ രണ്ടും ഒന്നിക്കുമ്പോള്‍ ആരോഗ്യം സമ്പന്നമാകുമെന്ന കാര്യത്തില്‍ സംശയം ഉണ്ടോ? ഗീ മില്‍ക്ക്, അഥവാ പാലില്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുന്നതടക്കം നിരവധി പ്രയോജനങ്ങള്‍ നല്‍കും. വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റ്‌സ്, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങി ശരീരത്തിന് വേണ്ട നിരവധി ധാതുക്കള്‍ നിറഞ്ഞവയാണ് പാലും നെയ്യും. ശരീരത്തിന് നഷ്ടമാകുന്ന പോഷകങ്ങളെ തിരികെ സമ്മാനിക്കാന്‍ ഇവയ്ക്കാകും. ശരീരത്തെയും മനസിനെയും ശാന്തമാക്കി ഉറക്കത്തിന് തയ്യാറാക്കാന്‍ സഹായിക്കുന്നതുകൊണ്ട് പലരും ഉറങ്ങുന്നതിന് മുമ്പ് പാല് കുടിക്കുന്നത് പതിവാണ്. നെയ്യ് അസിഡിറ്റി അടക്കമുള്ള ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സഹായിക്കുന്നതിനാല്‍ ഉറക്കചക്രം മെച്ചപ്പെടും. പാലിനൊപ്പം നെയ് ചേര്‍ത്ത് കുടിക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്തി ശരീരഭാരം കുറയ്ക്കാനും നല്ലതാണ്. ദഹനവ്യവസ്ഥ താളംതെറ്റിക്കുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കി പ്രതിരോധശേഷി കൂട്ടാനും ഊര്‍ജ്ജം വീണ്ടെടുക്കാനും ഇത് നല്ലതാണ്. ആവശ്യത്തിന് കാല്‍സ്യവും ശരീരത്തിലെത്തുന്നതിനാല്‍ ഈ കോമ്പോ സന്ധി വേദന ലഘൂകരിച്ച് എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇവയിലെ ആന്റിവൈറല്‍ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ തൊണ്ടവേദന, ചുമ, തുമ്മല്‍ പോലുള്ള ബുദ്ധിമുട്ടുകളും അകറ്റും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ഒരാള്‍ക്ക് തിളങ്ങുന്ന ഒരു കല്ല് വഴിയില്‍ നിന്നും കളഞ്ഞുകിട്ടി. അയാള്‍ അത് തന്റെ കഴുതയുടെ കഴുത്തില്‍ അണിഞ്ഞു. വഴിയിലൂടെ പോകുമ്പോള്‍ എതിരെ വന്ന ഒരു രത്‌നവ്യാപാരി ആ കല്ല് കണ്ടു. വിലപിടിപ്പുളള രത്‌നമാണെന്ന് രത്‌നവ്യാപാരിക്ക് മനസ്സിലായി. അയാള്‍ ആ കല്ലിന്റെ വില ചോദിച്ചു. അയാള്‍ അതിന് നൂറ് രൂപ വില പറഞ്ഞു. രത്‌നവ്യാപാരി അതിന് അമ്പതുരൂപ വിലയിട്ടു. അയാള്‍ സമ്മതിച്ചില്ല. കുറച്ച് കഴിഞ്ഞ് തിരിച്ചുവന്ന് രത്‌നവ്യാപാരി ആ കല്ലിന് എഴുപത്തിയഞ്ച് രൂപ വില ചോദിച്ചു. ഒരാള്‍ നൂറ്റിഅമ്പത് രൂപക്ക് ആ കല്ല് വാങ്ങിയതായി അയാള്‍ പറഞ്ഞു. ദേഷ്യം കയറിയ വ്യാപാരി അയാളെ മണ്ടനെന്നു വിളിച്ചു. കോടികളുടെ വിലയുളള രത്‌നമായിരുന്നു അതെന്ന് അറിയിക്കുകയും ചെയ്തു. അയാള്‍ പറഞ്ഞു: നിങ്ങളാണ് യഥാര്‍ത്ഥമണ്ടന്‍. എനിക്കതിന്റെ വിലയറിയില്ലായിരുന്നു. അത് കൊണ്ട് എനിക്ക് നഷ്ടബോധമൊന്നുമില്ല. നിങ്ങള്‍ക്കതിന്റെ വിലയറിയാമായിരുന്നിട്ടും എന്നെ കബളിപ്പി്ക്കാനും കൂടുതല്‍ ലാഭമുണ്ടാക്കാനും നോക്കിയ നിങ്ങള്‍ക്കാണ് നഷ്ടം... ലാഭചിന്തയുളളവനേ നഷ്ടബോധമുണ്ടാകൂ. ലാഭനഷ്ടങ്ങളെക്കുറിച്ച് അറിവോ ആശങ്കയോ ഇല്ലാത്തവന് എന്ത് നഷ്ടം. ഒന്നും നഷ്ടപ്പെടാനില്ലാതെ ജീവിക്കുക ഭാഗ്യമാണ്. അവരുടെ ജീവിതത്തില്‍ നേട്ടങ്ങളോ ബഹുമതികളോ ഇല്ല എന്നല്ല, മോഹങ്ങളില്ലാത്തതുകൊണ്ട് മോഹഭംഗങ്ങളില്ല എന്നുമാത്രം. ആര്‍ക്കും എന്തിനും വിലയുണ്ട്.. ആ വില തിരിച്ചറിയാനും ആദരിക്കാനുമാണ് ആദ്യം പഠിക്കേണ്ടത് - ശുഭദിനം.