തലസ്ഥാന നഗരത്തിൽ കുറ്റകൃത്യങ്ങൾ വർധിച്ചതോടെ ക്യാമറ നിരീക്ഷണം ശക്തമാക്കാൻ പൊലീസ്. 2 ലക്ഷം ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതി 6 മാസത്തിനകം പൂർത്തിയാക്കും.

തലസ്ഥാന നഗരത്തിൽ കുറ്റകൃത്യങ്ങൾ വർധിച്ചതോടെ ക്യാമറ നിരീക്ഷണം ശക്തമാക്കാൻ പൊലീസ്. 2 ലക്ഷം ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതി 6 മാസത്തിനകം പൂർത്തിയാക്കും. റസിഡന്റ്സ് അസോസിയേഷനുകളുടെയും വ്യാപാരികളുടെയും പങ്കാളിത്തത്തോടെ ആണ് പദ്ധതി. നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും മിനിമം 8000 മുതൽ 10,000വരെ ക്യാമറകളാണ് സ്ഥാപിക്കുക.ക്യാമറകളുടെ വിവരശേഖരണം പൂർത്തിയായപ്പോൾ റോഡുകളിലും സ്ഥാപനങ്ങളിലുമായി നഗരത്തിൽ 60,000 ക്യാമറകൾ ഉണ്ടെന്നാണ് പൊലീസിന്റെ കണക്ക്. എല്ലാ സ്ഥാപനങ്ങളും സംഘടനകളും സഹകരിച്ചാൽ പദ്ധതി ഈ വർഷം തന്നെ 2 ലക്ഷം പൂർത്തിയാക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. മൂന്നര മാസത്തിനിടെ നഗരത്തിൽ ഡസനോളം കവർച്ചകളും സ്ത്രീകൾക്ക് എതിരായി ആക്രമണങ്ങളും ഉണ്ടായി. കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിൽ ആണ് നിരീക്ഷണം ശക്തമാക്കുന്നത്.പ്രധാന ജംക്‌ഷനുകൾ, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും നിരീക്ഷണ ക്യാമറകൾ ഉറപ്പാക്കും. ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതികളെ പിടികൂടുന്നതിൽ ക്യാമറ ദൃശ്യങ്ങളാണ് നിർണായകമായത്. തമ്പാനൂരിലെ മാല പൊട്ടിക്കൽ പരമ്പര, പേട്ട, ഫോർട്ട് എന്നിവിടങ്ങളിൽ വീട് കുത്തിത്തുറന്നു കവർച്ച, ചന്ദനമര മോഷണം തുടങ്ങിയ കേസുകളിലെല്ലാം നിരീക്ഷണ ക്യാമറകൾ ആണ് പ്രതികളെ കുടുക്കിയത്.