ഇന്നലെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 9.30 മുതല്‍ ഡിസിസി ഓഫീസിലും തുടര്‍ന്ന് കെപിസിസി ആസ്ഥാനത്തുമാണ് ജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പൊതുദര്‍ശനത്തിന് വെക്കുന്നത്.ഇതിനുശേഷം ഉച്ചയ്ക്ക് രണ്ടുമണിക്ക് വക്കം പുരുഷോത്തമന്‍ അഞ്ചുവട്ടം നിയമസഭയില്‍ പ്രതിനിധീകരിച്ച ആറ്റിങ്ങലിൽ
പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ 10.30ന് വക്കത്തെ കുടുംബവീടിന്റെ വളപ്പിലാണ് സംസ്‌കാരം.
അതേസമയം വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ കെപിസിസി മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്നു നിശ്ചയിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വക്കത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് മാറ്റിവെച്ചു.
മുന്‍ മന്ത്രിയും മുന്‍ ഗവര്‍ണറും മുന്‍ സ്പീക്കറുമായ വക്കം പുരുഷോത്തമന്‍ (95) ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കുമാരപുരം പൊതുജനം ലെയ്‌നിലെ വസതിയില്‍ വെച്ചായിരുന്നു അന്തരിച്ചത്. അച്യുതമേനോന്‍, ഇ കെ നായനാര്‍, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നിട്ടുണ്ട്.