പ്രവാസി കൂട്ടായ്മയില്‍ ശിവഗിരി മഠത്തിന് പുതിയ ഗോശാല:ശിലാസ്ഥാപനം 18 ന്കൃഷിമന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും.

ശിവഗിരി : പ്രവാസി കൂട്ടായ്മയിലൂടെ ശിവഗിരി മഠത്തിന് പുതിയതായി പണികഴിപ്പിക്കുന്ന ഗോശാലയ്ക്ക് 18 ന് രണ്ട് മണിക്ക് കൃഷി മന്ത്രി പി. പ്രസാദ് ശിലാസ്ഥാപനം നടത്തും.
യു.എ.ഇ., മസ്ക്കറ്റ്, സലാല, ബഹറിന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയില്‍ ഒരു കോടി രൂപ ചെലവഴിച്ചാണ് ഗോശാല പണികഴിപ്പിക്കുക. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യ സംരംഭമെന്ന നിലയില്‍ 100 പശുക്കള്‍ക്ക് ഗോശാലയും രണ്ടാംഘട്ടമായി പ്രവേശന കവാടവും പാലും പാലുല്‍പ്പന്നവും വില്‍ക്കുന്നതിനുള്ള കൗണ്ടറും മൂന്നാംഘട്ടമായി പശുക്കള്‍ക്ക് കുളിക്കുന്നതിനുള്ള വിശാലമായ കുളവുമാണ് പദ്ധതിയില്‍പ്പെടുത്തുക.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ തുടങ്ങിയവരും മഠത്തിലെ മറ്റു സംന്യാസി ശ്രേഷ്ഠരും പ്രവാസികളും ഭക്തരും ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കും. നിര്‍മ്മാണ കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരി ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡംഗവും ശിവഗിരി കാര്‍ഷിക മൃഗസംരക്ഷണ വകുപ്പ് മേധാവിയുമായ സ്വാമി ബോധിതീര്‍ത്ഥയാണ് . രക്ഷാധികാരികളായി ഡോ. സുധാകരന്‍ (യു.എ.ഇ.), ഡോ. സനാതനന്‍ (ഒമാന്‍ സലാല) ചീഫ് കോര്‍ഡിനേറ്ററായി അനില്‍ തടാലില്‍( ജി.ഡി.പി.എസ്. , ജി.സി.സി. കോര്‍ഡിനേറ്റര്‍), ചെയര്‍മാന്‍ സി. വി സുദര്‍ശനന്‍ (ഒമാന്‍, സലാല) വൈസ് ചെയര്‍മാന്‍മാര്‍ സുനീഷ് (ബഹറിന്‍)കെ.ആര്‍ അജി (കുവൈറ്റ്), ജനറല്‍ കണ്‍വീനറായി സുഗതന്‍ (ഒമാന്‍, സലാല), ജോയിന്‍റ് കണ്‍വീനര്‍മാരായി രാജു കരുണാകരന്‍(യു.എ.ഇ.) ഷിജോ പുഷ്പ്പന്‍ (ഒമാന്‍, സലാല) രാമകൃഷ്ണന്‍ (യു.എ.ഇ) കണ്‍സള്‍ട്ടിംഗ് എന്‍ജിനീയറായ ലാല്‍ എന്നിവരുള്‍പ്പെടെ 25 അംഗ കമ്മിറ്റിയാണ് നിര്‍മ്മാണ് നേതൃത്വം വഹിക്കുക.