ഹൃദ്രോഗിയായിരുന്നു ആൻ മരിയ. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ചികിത്സ തുടർന്നത്. ജൂൺ ഒന്നിന് രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ് ആനിന് ഹൃദയാഘാതം സംഭവിച്ചത്. പിന്നാലെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അമൃത ആശുപത്രിയിൽ കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ സഹായത്തോടെ പ്രാഥമിക ചികിത്സ നൽകി. നില അതീവ ഗുരുതരമായതിനാൽ കുട്ടിയെ അടിയന്തിരമായി അമൃതയിലേക്ക് എത്തിക്കേണ്ടി വന്നു.കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് 133 കിലോമീറ്റർ ദൂരം താണ്ടാൻ നാല് മണിക്കൂർ സമയം വേണ്ടിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിൽ ഈ ദൂരം രണ്ടര മണിക്കൂറിൽ ആംബുലൻസ് താണ്ടി. നാട് ഒന്നായി ഈ ഉദ്യമത്തിന് കൂട്ടുനിൽക്കുകയായിരുന്നു. ആൻ മരിയയുടെ ജീവൻ നഷ്ടമാകരുതെന്ന പ്രാർത്ഥനയിലായിരുന്നു നാട്. എന്നാൽ രണ്ട് മാസത്തിലേറെ നീണ്ട ചികിത്സക്കൊടുവിൽ ആൻ മരിയ നിത്യശാന്തതയിലേക്ക് യാത്രയായി.