കൊല്ലം ചിതറയിൽ 14കാരിയെ പീഡിപ്പിച്ച ശേഷം ബംഗാളിലേക്ക് കടന്നയാൾ പിടിയിൽ. 4 വർഷത്തിന് ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടാനായത്. ചിതറയിലെ റബർ സംസ്കരണ യൂണിറ്റിൽ ജോലി ചെയ്തിരുന്ന ഇയാൾ 2014ലാണ് 14കാരിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു.വയറുവേദനയെ തുടർന്ന് പെൺകുട്ടിക്ക് ചികിത്സ തേടേണ്ടി വന്നു. അപ്പോഴാണ് പീഡന വിവരം രക്ഷിതാക്കളോട് പറയുന്നത്. അതിനിടെ പെൺകുട്ടിയുമായി ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നു. ഇവിടെ നിന്ന് രണ്ട് പേരെയും കണ്ടെത്തി നാട്ടിൽ തിരികെയെത്തിച്ചു. ഇയാളെ അറസ്റ്റും ചെയ്തു. റിമാന്റിലായിരുന്ന പ്രതി 2019ൽ ജാമ്യത്തിലിറങ്ങി. ഇതിന് പിന്നാലെയാണ് ബംഗാളിലേക്ക് മുങ്ങികയായിരുന്നു.ബംഗാൾ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി റഷീദിൽ ഇസ്ലാമാണ് പിടിയിലായത്. ഭൂട്ടാൻ അതിർത്തിയിലുള്ള ഡോക്കിൻ റീജിയണിൽ നിന്നാണ് കടയ്ക്കൽ പൊലീസ് ഇയാളെ കണ്ടെത്തിയത്. കടയ്ക്കൽ സ്റ്റേഷനിലെ എ.എസ്.ഐ വിനോദും, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീവ്ഖാനും റഷീദിലിനെ കണ്ടെത്താനായി കഴിഞ്ഞയാഴ്ച ബംഗാളിലേക്ക് പോയി. ഇയാളുടെ വീട്ടുകാരെയും സുഹൃത്തുക്കളെയും നിരീക്ഷിച്ച ശേഷമാണ് പ്രതി ഭൂട്ടാൻ അതിർത്തിയിലുണ്ടെന്ന് വ്യക്തമായത്. പിടികൂടി ട്രെയിൻ മാർഗം കൊല്ലത്ത് എത്തിച്ചു. കോടതിയിൽ ഹാജരാക്കിയ റഷീദിൽ ഇസ്ലാമിനെ റിമാൻഡ് ചെയ്തു.