ലാന്‍ഡറിന്റെ വാതില്‍ തുറന്നു; ചന്ദ്രന്റെ മണ്ണില്‍ റോവര്‍ ഉരുണ്ടിറങ്ങി; ഇനി പരീക്ഷണത്തിന്റെ 14 ദിവസങ്ങള്‍

ചന്ദ്രയാന്‍ 3 പേടകത്തിനുള്ളിലെ റോവര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങി. പേടകത്തിന്റെ വിജയകരമായ ലാന്‍ഡിങ് കഴിഞ്ഞ് 4 മണിക്കൂര്‍ ശേഷമാണ് റോവര്‍ ചന്ദ്രന്റെ മണ്ണില്‍ ഇറങ്ങിയത്.പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ഉയര്‍ന്ന പൊടിപടലങ്ങള്‍ താഴ്ന്ന ശേഷമാണ് ലാന്‍ഡറിന്റെ വാതില്‍ തുറന്നത്. തുടര്‍ന്ന് വാതില്‍ നിവര്‍ന്നുവന്ന് ചെരിഞ്ഞ റാംപായി മണ്ണില്‍ ഉറച്ചു. ശേഷം ഈ റാംപിലൂടെ റോവര്‍ സാവധാനം ചന്ദ്രന്റെ മണ്ണില്‍ ഉരുണ്ടിറങ്ങി. റോവര്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ലാന്‍ഡറിലെ കാമറ പകര്‍ത്തി പുറത്തുവിട്ടു.


ഭൂമിയിലെ 14 ദിവസത്തിന് സമാനമാണ് ഒരു ചാന്ദ്രദിനം. സൗരോര്‍ജത്തില്‍ 738 വാട്ട്‌സിലും 50 വാട്ട്‌സിലും പ്രവര്‍ത്തിക്കുന്ന ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ് ഒരു ചാന്ദ്രദിനം മാത്രമാണ്. ഈ 14 ദിവസമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡറിലെയും റോവറിലെയും ഉപകരണങ്ങള്‍ പരീക്ഷണം നടത്തുക.
ലാന്‍ഡറിലെ പ്രധാന ഉപകരണങ്ങള്‍
1. ചന്ദ്രനിലെ പ്ലാസ്മ സാന്ദ്രത നിര്‍ണയിക്കാനുള്ള റേഡിയോ അനാട്ടമി ഓഫ് മൂണ്‍ ബൗണ്ട് ഹൈപ്പര്‍സെന്‍സിറ്റീവ് അയണോസ്ഫിയര്‍ ആന്‍ഡ് അറ്റ്‌മോസ്ഫിയര്‍ (രംഭഞഅങആഒഅ)

2 മണ്ണിന്റെ താപനില അളക്കുന്നതിനുള്ള ചാന്ദ്രാ സര്‍ഫേസ് തെര്‍മോഫിസിക്കല്‍ എക്‌സ്പിരിമെന്റ്

3. ലാന്‍ഡിങ് സൈറ്റിന് ചുറ്റുമുള്ള ഭൂകമ്പ സാധ്യത അളക്കുന്നതിനുള്ള ലൂണാര്‍ സീസ്മിക് ആക്ടിവിറ്റി ഇന്‍സ്ട്രമെന്റ്

4. നാസയില്‍ നിന്ന് എത്തിച്ച ചാന്ദ്ര ലേസര്‍ റേഞ്ചിങ് പഠനത്തിനുള്ള ലേസര്‍ റിട്രോറിഫ്‌ലക്ടര്‍ അറേ


റോവറിലുള്ള പ്രധാന ഉപകരണങ്ങള്‍
1. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെയും മൂലകങ്ങളുടെയും രാസഘടന പരിശോധിക്കാനുള്ള ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പ്
2.ചന്ദ്രനിലെ ലാന്‍ഡിങ് സൈറ്റിന് ചുറ്റുമുള്ള മണ്ണിന്റെയും പാറയുടെയും രാസഘടന നിര്‍ണയിക്കാനുള്ള ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ന് ചന്ദ്രയാന്‍ മൂന്ന് പേടകം വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. 40 ദിവസം നീണ്ട ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ഇന്ത്യയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആര്‍.ഒയും തിരുത്തി കുറിച്ചത്. ഇതോടെ ദക്ഷിണ ധ്രുവത്തില്‍ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനില്‍ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ.
2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്ന് കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയില്‍ നിന്നും എല്‍.വി.എം 3 റോക്കറ്റിലായിരുന്നു പേടകത്തിന്റെ യാത്ര. ഭൂമിയില്‍ നിന്ന് 3,84,000 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനില്‍ ഇറങ്ങുകയായിരുന്നു യാത്രയുടെ ലക്ഷ്യം.