കാതടപ്പിക്കുന്ന ശബ്ദമില്ലാതെ സംഗീത ഉപകരണങ്ങള്‍ വളരെ നേര്‍ത്ത സാന്നിധ്യമായുള്ള ഇമ്പമുള്ള സംഗീതമായിരുന്നു അദ്ദേഹത്തിൻ്റെ ആകർഷണം. പ്രണയവും വിരഹവും വിപ്ലവവും വാത്സല്യവുമെല്ലാം ആ ഈണങ്ങളിൽ അനുവാചകരുടെ ഹൃദയം തൊട്ടു. ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന്‍റെ ഗായകവ്യക്തിത്വത്തെ വഴക്കത്തോടെ രൂപപ്പെടുത്തുന്നതില്‍ വി. ദക്ഷിണാമൂർത്തിയുടെ പങ്ക് എന്താണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെ വ്യക്തമാണ്. സ്വാമി ഇല്ലായിരുന്നെങ്കിൽ തന്നിലെ ഗായകൻ ഉണ്ടാകില്ലായിരുന്നുവെന്നാണ് യേശുദാസ് അടിവരയിട്ട് പറയുന്നത്.
ഡി വെങ്കടേശ്വര അയ്യരുടേയും പാർവ്വതി അമ്മാളുടേയും മകനായി ആലപ്പുഴയിൽ 1919 ഡിസംബർ 9നാണ് ദക്ഷിണാമൂര്‍ത്തിയുടെ ജനനം. സംഗീതവഴിയില്‍ അമ്മയ്‌ക്കൊപ്പം സഞ്ചരിച്ചു. പത്താം ക്ലാസ് കഴിഞ്ഞതോടെ തിരുവനന്തപുരത്ത് വെങ്കിടാചലം പോറ്റിയിൽ നിന്നും മുറപ്രകാരമുള്ള സംഗീതം പഠനം പൂർത്തിയാക്കി. 1950ൽ പുറത്തിറങ്ങിയ നല്ല തങ്കമുതല്‍ 2013ല്‍ ചിട്ടപ്പെടുത്തിയ ശ്യാമരാഗം വരെ നീണ്ട 63 വര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ സിനിമാജീവിതം. കെ ജെ യേശുദാസ്, പി ലീല, പി സുശീല, കല്ല്യാണി മേനോൻ, ഇളയരാജ തുടങ്ങി മോഹന്‍ലാലിന് വരെ ഗുരുസ്ഥാനീയനായ സാന്നിധ്യമായിരുന്നു. 93 വര്‍ഷം നീണ്ട ആ സംഗീതജീവിതത്തിനിടയിലെ അടയാളപ്പെടുത്തലുകള്‍ അനവധിയാണ്.