കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ശിവഗിരി സന്ദർശിച്ചു.

ശിവഗിരി മഠത്തിലും അനുബന്ധ ആശ്രമങ്ങളിലും നടന്നുവരുന്ന സ്വദേശി ദര്‍ശന്‍ പദ്ധതികളുടെ നിര്‍വ്വഹണം ഐ.റ്റി.ഡി.സി.യുടെ നേതൃത്വത്തില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ശിവഗിരി മഹാസമാധിയില്‍ ദര്‍ശനം നടത്തിയ ശേഷം സംന്യാസി ശ്രേഷ്ഠരുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ഉറപ്പ് നല്‍കിയത്. ശിവഗിരിയിലും അനുബന്ധ ആശ്രമങ്ങളിലും കേന്ദ്രസര്‍ക്കാരിന്‍റെ ശിവഗിരി സര്‍ക്യൂട്ടുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതികളുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് മന്ത്രി ചോദിച്ചറിഞ്ഞു. ശിവഗിരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ വികസനത്തിനു കേന്ദ്രപദ്ധതിയില്‍പ്പെടുന്ന എന്ത് സഹായം ചെയ്യാനാവുമെന്ന് പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ഐ.റ്റി.ഡി.സി.യുടെ ചുമതലയില്‍ നടന്നുവരുന്ന സ്വദേശി ദര്‍ശന്‍ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് കാലതാമസം വരുന്നതായി മഠം ഭാരവാഹികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
തിരുവനന്തപുരം കേന്ദ്രീകരിച്ച് കാന്‍സര്‍ രോഗികള്‍ക്കും മറ്റും താമസിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി രൂപം നല്‍കുന്ന സ്നേഹാലയം പദ്ധതിയ്ക്ക് സഹായം ലഭ്യമാക്കാന്‍ ശ്രമിക്കാമെന്നതുള്‍പ്പെടെ തന്‍റെ പരിധിയില്‍ നിന്നും ചെയ്യാനാവുന്നതെല്ലാം പ്രതീക്ഷിക്കാമെന്നും മറ്റുവകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതികളില്‍ ആവശ്യമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അതിന്‍റെ സാധ്യത്തിനായി ഇടപെടാമെന്നും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ തുടര്‍ന്നു പറഞ്ഞു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി വിശാലാനന്ദ, ട്രസ്റ്റ് പ്രസിഡന്‍റിന്‍റെ ഓഫീസ് ചുമതലയുള്ള സ്വാമി വിരജാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, ഗുരുധര്‍മ്മ പ്രചരണ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, ജനറല്‍സെക്രട്ടറിയുടെ പ്രൈവറ്റ് സെക്രട്ടറി മങ്ങാട് ബാലചന്ദ്രന്‍, ബി.ജെ.പി. നേതാക്കളായ വി.വി. രാജേഷ്, ഗോപകുമാര്‍ തുടങ്ങിയവരുണ്ടായിരുന്നു.