ജയ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ ആറു മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ നാലംഗ കുടുംബത്തെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ജോധ്പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഒസിയാനിലാണ് സംഭവം. ബന്ധുവായ 19കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ചൗരി സ്വദേശി പൂണാരം (55), ഭാര്യ ഭന്‍വാരി (50), മരുമകള്‍ ധാപു (24), ധാപുവിന്റെ ആറു മാസം പ്രായമുള്ള മകള്‍ എന്നിവരാണ് മരിച്ചത്. കുഞ്ഞിന്റെ ശരീരം പൂര്‍ണമായും കത്തിയ നിലയിലും ബാക്കിയുള്ളവ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ ചെന്നു നോക്കിയപ്പോഴാണ് ദാരുണമായ സംഭവം പുറംലോകമറിയുന്നത്. ക്രൂരമായ കൊലപാതകത്തിനു ശേഷം അക്രമികള്‍ മൃതദേഹങ്ങള്‍ ഒന്നിച്ച് തീകൊളുത്തുകയായിരുന്നു.