ദമ്പതികളെയും ഏഴു വയസ്സുകാരൻ മകനെയും വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ദമ്പതികളെയും ഏഴു വയസ്സുകാരൻ മകനെയും വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തക്കലയ്ക്ക് സമീപം കരകണ്ഠർ കോണത്തിൽ മുരളീധരൻ (40), ഭാര്യ ഷൈലജ (35), മകൻ ജീവ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയറായ മുരളീധരൻ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്.

ദമ്പതികളെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലും കിടപ്പു മുറിയിലെ കട്ടിലിൽ മകൻ ജീവയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. മകന്റെ അസുഖത്തെ തുടർന്നുണ്ടായ മനോവിഷമമാണ് മൂവരും ജീവനൊടുക്കാൻ കാരണമെന്ന് വീട്ടിൽ നിന്നും ലഭിച്ച കുറിപ്പിൽ പറയുന്നതായി തക്കല പൊലീസ് അറിയിച്ചു.

2010ലാണ് മുരളീധരനും ഷൈലജയും വിവാഹിതരായത്. ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2016ലാണ് ഇരുവർക്കും മകൻ പിറന്നത്. മൂന്നു വർഷം മുൻപാണ് ദമ്പതികൾ, ഷൈലജയുടെ നാടായ തക്കലയിലേക്ക് താമസം മാറിയത്. ഒരു മാസം മുൻപു പുതിയ വീടു നിർമിക്കുകയും ചെയ്തു. എന്നാൽ‌ മകന് ഓട്ടിസം സ്ഥിരീകരിച്ചതോട ഇരുവരും മനോവിഷമത്തിലായി. ഇന്നലെ രാവിലെ മുതൽ വീടിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.