ഗുരുധര്‍മ്മപ്രചരണം ഗ്രാമാന്തരങ്ങളില്‍ ശക്തമാക്കും - സച്ചിദാനന്ദ സ്വാമി

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍റെ സന്ദേശങ്ങള്‍ ഭാരതത്തിന്‍റെ ഗ്രാമാന്തരങ്ങള്‍ തോറും എത്തിക്കുന്നതിനുള്ള കര്‍മ്മ പരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. ശിവഗിരിയില്‍ രണ്ടാഴ്ചയായി തുടര്‍ന്നു വന്ന ഹ്രസ്വകാല പഠനകോഴ്സിന്‍റെ സമാപനക്ലാസ് നയിച്ചു സംസാരിക്കുകയായിരുന്നു സ്വാമി.
തെരഞ്ഞെടുക്കുന്ന യുവതീ യുവാക്കളെ ശിവഗിരിയില്‍ വച്ച് ഗുരുദേവ കൃതികള്‍, ഗുരുദേവ ചരിത്രം - ദര്‍ശനം - സമകാലീന സംഭവങ്ങള്‍ എന്നിവയെ ആധാരമാക്കി ആവശ്യമായ വിജ്ഞാനം നല്‍കി ധര്‍മ്മപ്രചാരകരായി സമൂഹത്തിലേക്കയക്കണമെന്നാണ് ഇത്തരം കോഴ്സിന്‍റെ ലക്ഷ്യമെന്നും സ്വാമി പറഞ്ഞു. അതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. അടുത്ത കോഴ്സ് ഗുരുദേവ ജയന്തിയ്ക്ക് മുമ്പായി നടത്തും.
ധര്‍മ്മസംഘം ട്രസ്ററ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അനപേക്ഷാനന്ദ, ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.