മറുപടി ബാറ്റിംഗിലെ ഓപ്പണിംഗില്‍ രോഹിത് ശര്‍മക്ക് പകരക്കാരനായി ഇഷാന്‍ കിഷനാണ് ശുഭ്മാന്‍ ഗില്ലിനൊപ്പം ഇറങ്ങിയത്. 16 പന്തില്‍ 17 റണ്‍സുമായി ഗില്‍ പുറത്തായി. ഗില്ലിനെ ജെയ്ഡന്‍ സീല്‍സ് ബ്രാണ്ടന്‍ കിംഗിന്റെ കൈകളിലെത്തിച്ച് മടക്കി. മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 25 പന്തില്‍ 19 നേടി എല്‍ബിയില്‍ മടങ്ങി. നാലാമനായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ പക്ഷേ നിരാശപ്പെടുത്തി. ഏഴ് പന്തില്‍ അഞ്ച് റണ്‍സാണ് ഹാര്‍ദിക്കിന് നേടാന്‍ കഴിഞ്ഞത്. പിന്നാലെയെത്തിയ ഇഷാന്‍ കിഷന്‍ 46 പന്തില്‍ 52 റണ്‍സ് നേടിയാണ് മടങ്ങിയത്. ഒരു റണ്ണുമായി ഷര്‍ദുല്‍ താക്കൂറും കൂടാരം കയറിയപ്പോള്‍ രവീന്ദ്ര ജഡേജയും(16) രോഹിത് ശര്‍മ്മയും(12) ചേര്‍ന്ന് ഇന്ത്യക്ക് അനായാസവിജയം സമ്മാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനയക്കപ്പെട്ട വിന്‍ഡീസ് വെറും 23 ഓവറില്‍ 114 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് പിഴുത കുല്‍ദീപും 3 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് വിന്‍ഡീസിന്റെ നട്ടെല്ലൊടിച്ചത്. ക്യാപ്റ്റന്‍ ഷായ് ഹോപ്പ് (43) മാത്രമാണ് വിന്‍ഡീസ് നിരയില്‍ പിടിച്ചുനിന്നത്. അലിക്ക് അഥനേസ് (22), ഓപ്പണര്‍ ബ്രാന്‍ഡന്‍ കിംഗ് (17), ഷിംറോണ്‍ ഹെറ്റ്മെയര്‍ (11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന വിന്‍ഡീസ് ബാറ്റര്‍മാര്‍. കളി ആരംഭിച്ച് മൂന്നാം ഓവറില്‍ തന്നെ ആതിഥേയരുടെ തകര്‍ച്ച ആരംഭിച്ചു. കൈല്‍ മയേഴ്സിനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈയിലെത്തിച്ച് ഹാര്‍ദിക് പാണ്ഡ്യ വിക്കറ്റുവേട്ടക്ക് തുടക്കം കുറിച്ചു. അഥനേസിനെ മടക്കി അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാറും ബ്രാന്‍ഡന്‍ കിംഗിനെ തിരിച്ചയച്ച് ഷര്‍ദുല്‍ താക്കൂറും ഇരട്ട പ്രഹരം ഏല്‍പ്പിച്ചെങ്കിലും ഒരറ്റത്ത് ഷായ് ഹോപ്പ് പ്രതീക്ഷ നല്‍കി ഉറച്ചുനിന്നു. എന്നാല്‍, ജഡേജയും കുല്‍ദീപും ഇറങ്ങിയതോടെ വിന്‍ഡീസ് ബാറ്റര്‍മാര്‍ ഒന്നൊന്നായി ഡ്രെസിങ് റൂമിലേക്ക് മടങ്ങുന്ന കാഴ്ചയാണ് ബാര്‍ബഡോസില്‍ കണ്ടത്.