ഫറോക്ക് പാലത്തിൽനിന്നു ദമ്പതികൾ പുഴയിൽ ചാടി; ലോറി ഡ്രൈവര്‍ ഇട്ടുകൊടുത്ത കയറില്‍ പിടിച്ച് ഭാര്യാ രക്ഷപ്പെട്ടു; ഭര്‍ത്താവിനായി തിരച്ചില്‍ തുടരുന്നു; ദമ്പതികള്‍ വിവാഹം കഴിച്ചത് ആറു മാസം മുന്‍പ്

കോഴിക്കോട് ഫറോക്ക് പാലത്തിൽനിന്നു ദമ്പതികൾ ചാലിയാർ പുഴയിൽ ചാടി. ഭാര്യയെ രക്ഷപ്പെടുത്തിയപ്പോള്‍ ഭര്‍ത്താവിനായി തിരച്ചില്‍ തുടരുന്നു. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് പുഴയിൽ ചാടിയത്. വർഷയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജിതിനായി തിരച്ചിൽ തുടരുകയാണ്. 

ഇരുവരും പാലത്തിൽനിന്ന് ചാടുന്നത് കണ്ട ലോറി ഡ്രൈവർ വാഹനം നിർത്തി ഇട്ടുകൊടുത്ത കയറിൽ പിടിച്ചാണ് വർഷ രക്ഷപെട്ടത്. വര്‍ഷ കയറില്‍ പിടിച്ചപ്പോള്‍ തോണിക്കാര്‍ അടുത്ത് വന്നു യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. വർഷയെ ഉടൻ ആശുപത്രിയിലേക്കു മാറ്റി. അതേസമയം എല്ലാവരും നോക്കിനിൽക്കെ ജിതിൻ മുങ്ങിത്താഴുകയായിരുന്നു.

ആറു മാസം മുൻപായിരുന്നു ജിതിനും വർഷയും തമ്മിലുള്ള വിവാഹം. കുടുംബപ്രശ്നത്തെ തുടർന്ന് ഇന്നലെ രാത്രി ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിപ്പോയതാണെന്നു ബന്ധുക്കൾ അറിയിച്ചതായി പോലീസ് പറയുന്നു. എങ്ങനെയാണ് ഫറോക്കിലെത്തിയതെന്ന് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. ജിതിനായി തിരച്ചിൽ നടക്കുകയാണ്.