തൃശൂർ: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയ ഡോക്ടറെ കയ്യോടെ പിടികൂടി വിജിലൻസ്. തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടർ ഷെറി ഐസക്കാണ് വിജിലൻസിന്റെ പിടിയിലായത്. പാലക്കാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സർജറിക്ക് 3000 രൂപയാണ് ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. സർജറി ഡേറ്റ് നൽകാൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് 3000 എത്തിക്കണം എന്നാവശ്യപ്പെട്ടു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടി ഷെറി ഐസക് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാനായിരുന്നു നിർദ്ദേശം. പരാതിയുടെ അടിസ്ഥാനത്തിൽ ഫിനോൾഫ്തലിൻ പുരട്ടിയ നോട്ട് വിജിലൻസ് കൊടുത്തയച്ചു. കൈക്കൂലി വാങ്ങിയതിന് പിന്നാലെ കൈയോടെ പിടികൂടി. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയർന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ രക്ഷപെടുകയായിരുന്നു.