വാഹനം വില്‍ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി എംവിഡി

വാഹനം വില്‍ക്കുന്നവര്‍ക്കും വിറ്റവര്‍ക്കും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. ഉടമസ്ഥാവകാശം മാറ്റാതെയാണ് വാഹനം കൈമാറ്റം ചെയ്തിട്ടുള്ളതെങ്കില്‍ ഭാവിയില്‍ നിയമ പ്രശ്‌നങ്ങളിലേക്കും മനസമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നയിച്ചേക്കമെന്നാണ് എം.വി.ഡിയുടെ മുന്നറിയിപ്പ്.വാഹനം വില്‍ക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേല്‍വിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളതെന്നും എം വി ഡി വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യങ്ങളില്‍ ക്യാമറ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആധുനിക കാലത്ത് നിര്‍ബന്ധമായും പേര് മാറ്റിയതിനുശേഷം മാത്രമേ വാഹനം കൈമാറ്റം ചെയ്യാവു എന്നും മോട്ടോര്‍ വാഹന വകുപ്പ് വിവരിച്ചു. ഇതിനായുള്ള ഏറ്റവും ലളിതമായ വഴികളും എം വി ഡി വിശദീകരിച്ചിട്ടുണ്ട്.

എംവിഡിയുടെ മുന്നറിയിപ്പ്:

ഉടമസ്ഥാവകാശം മാറ്റാതെയാണോ നിങ്ങളുടെ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്?എന്നാല്‍ അത് ഭാവിയില്‍ നിയമപ്രശ്‌നങ്ങളിലേക്കും മനസ്സമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നയിച്ചേക്കാം! വാഹനം വില്‍ക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേല്‍വിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളത്.മേല്‍വിലാസം മാറ്റുന്ന സര്‍വീസ് ഇപ്പോള്‍ വളരെ ലളിതമായി തന്നെ ചെയ്യാവുന്നതാണ് നിലവിലുള്ള ഉടമസ്ഥന്റെ അഡ്രസ്സ് നിലകൊള്ളുന്ന ആര്‍ ടി ഓഫീസിലൊ വാങ്ങുന്ന ആളുടെ പരിധിയിലുള്ള ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഇതിനായി വാങ്ങുന്ന ആളുടെ അഡ്രസ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും വാഹനത്തിന്റെ മറ്റ് ഡോക്യുമെന്റുകളും ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത്, വില്‍ക്കുന്ന ആളുടെയും വാങ്ങുന്ന ആളുടെയും മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ ടി പി എന്റര്‍ ചെയ്ത് അപേക്ഷ തയ്യാറാക്കി നിലവിലുള്ള ഓഫീസില്‍ തന്നെ അപേക്ഷ നല്‍കിയാല്‍ മതിയാകുന്നതാണ്. പേര് മാറിയതിനു ശേഷം ആര്‍ സി ബുക്കും മറ്റ് അനുബന്ധ രേഖകളും സ്പീഡ് പോസ്റ്റ് മുഖാന്തരം പുതിയ ഉടമസ്ഥന് ആര്‍ ടി ഓഫീസില്‍ നിന്ന് അയച്ചു നല്‍കുന്നതാണ്.ആധാര്‍ അധിഷ്ഠിത ഫേസ് ലെസ് സര്‍വീസ് ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കുന്നത് എങ്കില്‍ നിലവിലുള്ള ഒറിജിനല്‍ ഡോക്യുമെന്റുകള്‍ ഞഠഛ ഓഫീസില്‍ ഹാജരാക്കാതെ തന്നെ ഉടമസ്ഥാവകാശം മാറ്റുന്നതിനും ഇപ്പോള്‍ സാധ്യമാണ്.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യങ്ങളില്‍ ക്യാമറ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആധുനിക കാലത്ത് നിര്‍ബന്ധമായും പേര് മാറ്റിയതിനുശേഷം മാത്രമാണ് വാഹനം കൈമാറ്റം ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്താനും ശ്രദ്ധിക്കുക.