ഓപ്പറേഷന്‍ ജലധാര പദ്ധതിയിലൂടെ പുനര്‍ജനിച്ച് നഗരത്തിലെ തോടുകള്‍.

വൃത്തിയാക്കുന്നത് നഗരത്തിലെ പ്രധാന 13 തോടുകള്‍; ഇവയില്‍ മൂന്നെണ്ണം പൂര്‍ത്തിയായി.

തിരുവനന്തപുരം ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ജലധാര പദ്ധതിയിലൂടെ പുനര്‍ജനിച്ച് നഗരത്തിലെ തോടുകള്‍. നഗരത്തിലെ വെള്ളക്കെട്ട് തടയാന്‍ ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ ജലധാര. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ മഴക്കാല മുന്നൊരുക്ക വൃത്തിയാക്കലുകള്‍ക്ക് പുറമേയാണ് ഇത്. പദ്ധതി വഴി തിരുവനന്തപരും കോര്‍പ്പറേഷന്‍ പരിധിയിലെ കന്നുകാലിച്ചാല്‍ തോടിന്റെ കിരീടം പാലം മുതല്‍ പുഞ്ചക്കരി പാലം വരെയുള്ള ഭാഗം, പുഞ്ചക്കരി പാലം മുതല്‍ മധുപാലം വരെയുള്ള ഭാഗം, പട്ടം തോടിന്റെ മുട്ടട, കിനാവൂര്‍ വാര്‍ഡുകളിലെ ഭാഗം എന്നിവ വൃത്തിയാക്കി. കന്നുകാലിച്ചാല്‍ തോടിലെ ഇരു പ്രവൃത്തികള്‍ക്കുമായി യഥാക്രമം 2,40,000 രൂപയും, 2,11,000 രൂപയും പട്ടം തോടിലെ പ്രവൃത്തികള്‍ക്കായി 2,45,000 രൂപയും ഉള്‍പ്പെടെ ആകെ 6,96,000 രൂപ ജില്ലാ ഭരണകൂടം അനുവദിച്ചിരുന്നു. പൂര്‍ത്തിയായ ഈ മൂന്ന് തോടുകള്‍ കൂടാതെ പത്തിടങ്ങളില്‍ വൃത്തിയാക്കല്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. 26 ലക്ഷം രൂപ ഇതിനായി ജില്ലാ ഭരണകൂടം അനുവദിച്ചിട്ടുണ്ട്. കരുമ്പാലി തോടിന്റെ വിവിധ ഭാഗങ്ങള്‍, കരിയില്‍ തോടിന്റെ വിവിധ ഭാഗങ്ങള്‍, പനച്ചിക്കപ്പാലം-കുമരിച്ചന്ത ഭാഗം, മൂന്നാട്ടുമുക്ക് ഭാഗം, തെറ്റിയാര്‍ തോടിലെ വെഞ്ചാവോട് ഭാഗം, വെട്ടുറോഡ് ഭാഗം, കഴക്കൂട്ടം ഭാഗം എന്നിവിടങ്ങളിലാണ് വൃത്തിയാക്കല്‍ പുരോഗമിക്കുന്നത്. ഇതുകൂടാതെ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തുന്ന വൃത്തിയാക്കലില്‍ നെടുമങ്ങാട് തോടിന്റെ കാലടി ഭാഗം, പട്ടം തോടിന്റെ ഭാഗം, കുന്നുകുഴി തോട്, കരിയില്‍ തോട്, തോട്ടുമുക്ക് ജലധര്‍ തോട്, ഇലവട്ടം തോട്, കരിപ്പൂര്‍ കക്ക തോട് എന്നിവയുടെയും പ്രവൃത്തികള്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പൂര്‍ത്തിയാക്കി.

 #ഒരുമയോടെtvm #orumayodetvm
 #operationjaladhara