കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നിൽ പെട്രോൾ കുപ്പിയുമായി ആത്മഹത്യാ ഭീഷണി, രക്ഷക്കെത്തി പൊലീസ്

തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നിൽ പെട്രോൾ കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. പൊലീസിന്റെ സമയോചിത ഇടപെടലിൽ യുവാവിനെ കീഴ്പ്പെടുത്തി രക്ഷിച്ചു. സംഭവത്തിൽ പെട്രോളുമായി നിന്ന കഠിനംകുളം സ്വദേശി റോബിൻ (39) നെതിരെ പൊലീസ് കേസെടുത്തു. 

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കഴക്കൂട്ടം സ്വദേശിയായ ഒരാൾ റോബിന് പണം കൊടുക്കാനുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് കഴക്കൂട്ടം പൊലീസിൽ പരാതി നൽകാൻ പോവുകയാണെന്ന്, കടം വാങ്ങിയ കഴക്കൂട്ടം സ്വദേശിയോട് റോബിൻ ഫോണിൽ വിളിച്ച് പറഞ്ഞു. റോബിൻ സ്റ്റേഷനു മുന്നിൽ എത്തിയ സമയം പണം വാങ്ങിയെന്ന് പറയുന്ന ആളും എത്തി. 


തുടർന്ന് ഇരുവരും സ്റ്റേഷനു വെളിയിൽ വച്ച് വാക്കേറ്റമുണ്ടായി. തൊട്ടു പിന്നാലെ റോബിൻ പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള പമ്പിൽ നിന്നും ഒരു ലീറ്റർ പെട്രോൾ വാങ്ങി തിരികെ സ്റ്റേഷന് മുന്നിൽ എത്തി. പണം തിരിച്ച് തന്നില്ല എങ്കിൽ പെട്രോൾ ഒഴിച്ച് ജീവൻ ഒടുക്കും എന്ന ഭീഷണി മുഴക്കി. ബഹളം കേട്ട് എത്തിയ പൊലീസ് റോബിന്റെ കൈയ്യിൽ ഇരുന്ന പെട്രോൾ പിടിച്ചു വാങ്ങി. തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയും ആയിരുന്നു.