എളുപ്പവഴിയിൽ പണം സമ്പാദിക്കാൻ ശ്രമിച്ചു; ക്രിപ്റ്റോ ട്രേഡിങ്ങിന്റെ പേരിൽ നഷ്ടമായത് ലക്ഷങ്ങൾ

ക്രിപ്റ്റോ ട്രേഡിങ് വഴി ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വ്യാജ വാഗ്ദാനത്തിൽ വിശ്വസിച്ച തിരുവനന്തപുരം സ്വദേശിനിക്കു 37 ലക്ഷം രൂപ നഷ്ടമായി. നാലു ദിവസം മുൻപു പോങ്ങുംമൂടു സ്വദേശിനിയും സമാനമായ തട്ടിപ്പിന് ഇരയായിരുന്നു. 9.5 ലക്ഷം രൂപയാണ് അവർക്കു നഷ്ടമായത്. യുട്യൂബ് സബ്സ്ക്രിപ്ഷൻ വഴി വരുമാനം നേടാം എന്ന പരസ്യത്തിലാണു പടിഞ്ഞാറേക്കോട്ടയിലെ യുവതി വീണത്. ടെലിഗ്രാം ഗ്രൂപ്പിലൂടെ സംഘം അയച്ച ലിങ്കുകൾ വഴി യൂട്യൂബ് സൈറ്റുകൾ സബ്സ്ക്രൈബ് ചെയ്തതോടെ യുവതിയുടെ അക്കൗണ്ടിൽ പണം വന്നു തുടങ്ങി.

കൂടുതൽ പ്രതിഫലം കിട്ടണമെങ്കിൽ ക്രിപ്റ്റോ ട്രേഡിങ്ങിൽ പണം നിക്ഷേപിക്കാൻ ഗ്രൂപ്പിലെ അംഗങ്ങൾ പ്രേരിപ്പിച്ചു. നാലിരട്ടി പണം അക്കൗണ്ടിൽ വന്നതായി വ്യാജ സന്ദേശങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതു വിശ്വസിച്ച യുവതി അമ്മയുടെ പേരിലുള്ള സ്ഥിരനിക്ഷേപം ബാങ്കിൽനിന്നു പിൻവലിച്ചും സുഹൃത്തിൽ നിന്നു കടംവാങ്ങിയും ലക്ഷങ്ങൾ അയച്ചുകൊടുത്തു. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതെ വന്നതോടെയാണു തട്ടിപ്പു തിരിച്ചറിഞ്ഞത്. സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കണ്ണൂർ സ്വദേശിയായ യുവാവിന്റെ വാട്സാപ്പിൽ പാർട് ടൈം ജോലി വാഗ്ദാനം ചെയ്യുകയും യുട്യൂബ് ചാനൽ ലൈക് ചെയ്യാനും ആവശ്യപ്പെട്ടു. ലൈക് ചെയ്തതിന്റെ സ്ക്രീൻഷോട്ട് സഹിതമുള്ള മെസേജ് വാട്സാപിൽ അയച്ചതിനെ തുടർന്ന് ഇയാളുടെ അക്കൗണ്ടിലേയ്ക്ക് പണം വന്നു തുടങ്ങി. പിന്നീട് പതിനായിരം രൂപ നൽകിയാൽ പതിനയ്യായിരം രൂപ വരെ തിരികെ കിട്ടുമെന്നായി വാഗ്‌ദ്ധാനം. ഇതും പാലിക്കപ്പെട്ടതോടെ ഈ സംഘത്തിൽ വിശ്വാസമായി. വൻ ലാഭമുണ്ടാക്കുന്ന അംഗങ്ങൾക്കൊപ്പം ചേർക്കാമെന്ന് പറഞ്ഞ് പിന്നീട് ടെലിഗ്രാം ഗ്രൂപ്പിലേക്ക് ഇയാളെ ചേർക്കുകയായിരുന്നു. ക്രിപ്റ്റോ കറൻസി ഇടപാടാണെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. ലാഭവിഹിതമുൾപ്പെടെ നൽകാൻ നികുതി നൽകണമെന്നാവശ്യപ്പെട്ടു. രണ്ടാഴ്ച കൊണ്ട് മുപ്പത് ലക്ഷത്തോളം രൂപ നഷ്ടമായതോടെയാണ് സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ബാങ്കിൽ നിന്നും ലോണെടുത്ത് നൽകിയ തുകയാണ് നഷ്ടമായത്. 

#keralapolice #onlinecheating #cyberfraud