ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലിയർപ്പിച്ചു മടങ്ങുന്നതിനിടെ വാഹനാപകടം; കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു

ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലിയർപ്പിച്ചു മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തിൽ കെ വൈ വർഗീസ് (47) ആണ് മരിച്ചത്. തിരുവനന്തപുരത്തിന് പോയി മടങ്ങിവരുന്നതിനിടയിൽ റാന്നിയിൽ വച്ച് പുലർച്ചെ ആണ് അപകടമുണ്ടായത്. അപകട സമയത്ത് ഹൃദയാഘാതവും ഉണ്ടായിരുന്നു.തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നിലവിൽ കൊല്ലത്താണ്. ആയൂരിനും വാളകത്തിനുമിടയിലാണ് വിലാപയാത്ര എത്തിയിരിക്കുന്നത്. നിരവധി ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും തടിച്ചുകൂടിയതിനാൽ വിലാപയാത്ര കുറച്ച് നേരെ നിർത്തിയിട്ടിരിക്കുകയാണ്. കൈക്കുഞ്ഞുങ്ങളുമായി വീട്ടമ്മമാർ, യുവാക്കൾ, കോൺഗ്രസ് പ്രവർത്തകർ എന്നിങ്ങനെ പ്രായഭേദമന്യേ നിരവധി പേരാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയിരിക്കുന്നത്.തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ഏഴ് മണിക്കൂറെടുത്താണ് വിലാപയാത്ര തിരുവനന്തപുരം കടന്നത്. മണിക്കൂറുകൾ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റിലുമെത്തിയത്. അതുകൊണ്ട് തന്നെ കോട്ടയം പുതുപ്പള്ളിയിലെ കുടുംബവീട്ടിലെത്തുമ്പോൾ ഏറെ വൈകും. കോട്ടയത്ത് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദർശനം നടത്താനാണ് തീരുമാനം. തുടർന്ന് രാത്രിയോടെ രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30നാണ് സംസ്‌കാരം. അന്ത്യ ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ നേതൃത്വം നൽകും.