കോടതിക്ക് മുന്നിൽ നാടകീയത: ബോംബുകൾ എറിഞ്ഞ ശേഷം വിചാരണക്കെത്തിയ പ്രതിയെ വെട്ടിക്കൊന്നു

ചെന്നൈ: കോടതിക്ക് മുന്നിൽ അതിക്രൂരമായ കൊലപാതകം. വിചാരണ കേസ് പ്രതിയെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലാ കോടതിക്ക് മുന്നിലാണ് സംഭവം. ചെന്നൈ താംബരം സ്വദേശി ലോകേഷിനെയാണ് അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. 2015 ൽ രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണക്കെത്തിയതായിരുന്നു ലോകേഷ്. അഞ്ചംഗ അക്രമി സംഘം മൂന്ന് ബോംബെറിഞ്ഞ് പരിഭ്രാന്തി പരത്തിയ ശേഷം ലോകേഷിനെ വടിവാളുകളും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് അക്രമികൾ കോടതി പരിസരത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും ചെങ്കൽപേട്ട് പൊലീസ് അറിയിച്ചു.