ശിവഗിരി : മദ്യവും മയക്കുമരുന്നുംകൊണ്ട് ജനസമൂഹം ആസകലം നാശോന്‍മുഖമായി ത്തീരുന്ന സാഹചര്യത്തില്‍ പുതിയ മദ്യവില്‍പ്പന ശാലകള്‍ വ്യവസായ പാര്‍ക്കുകളിലും റെസ്റ്റാറന്‍റുകളിലും ടൂറിസ്റ്റുകേന്ദ്രങ്ങളിലും വ്യാപകമാക്കുന്ന ഗവണ്‍മെന്‍റിന്‍റെ പുതിയ മദ്യനയം തിരുത്തണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭ്യര്‍ത്ഥിച്ചു.
ഗുരുദേവന്‍റെ മദ്യം വിഷമാണ് അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്, എന്നുള്ള ഉപദേശം തൃണവത്ഗണിച്ചുകൊണ്ട് ബാര്‍ ലൈസന്‍സുകള്‍ വ്യാപകമാക്കുന്ന മദ്യനയം ജനസമൂഹത്തെ കൂടുതല്‍ ഇരുട്ടിലേക്കാഴ്ത്തിക്കളയും. മദ്യവും മയക്കുമരുന്നും പിഞ്ചുകുഞ്ഞുങ്ങളിലും സ്ത്രീകളില്‍പോലും പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ മദ്യവിമുക്തമായ ഒരു സമൂഹത്തിന് വേണ്ടിയുള്ള പ്രതീക്ഷയെങ്കിലും സൃഷ്ടിക്കുന്നതിന് പകരം കരിനിഴല്‍ വീഴ്ത്തുന്നത് ഒട്ടും ആശാസ്യമല്ല. ശിവഗിരി മഠവും മദ്യവിമുക്തമായ സമൂഹ സൃഷ്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മഠത്തിന്‍റെ പോഷകസംഘടന ഗുരുധര്‍മ്മ പ്രചരണസഭയില്‍ ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. മദ്യവര്‍ജ്ജന പരിപാടിക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പുതിയ മദ്യനയം ഗവണ്‍മെന്‍റ് സ്വരൂപിക്കണമെന്നും ഗുരുദേവ നാമത്തില്‍ അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.