മനപ്പൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പകൾ ഉൾപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്തു. അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ തലയ്ക്കേറ്റ പരുക്ക് സാരമുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.
അപകടത്തിനുശേഷവും ആൻസൺ പ്രകോപനപരമായാണു പെരുമാറിയതെന്നും തട്ടിക്കയറിയെന്നും വിദ്യാർഥികൾ പറഞ്ഞു. ഇതോടെ ആശുപത്രിയിൽ തമ്പടിച്ച വിദ്യാർഥികൾ ആൻസനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധിച്ചു.
നമിതയുമായി ആശുപത്രിയിലേക്കു തിരിച്ച വാഹനത്തിനു പിന്നാലെ കോളജിലെ വിദ്യാർഥികളെല്ലാം കൂട്ടമായി ആശുപത്രിയിൽ എത്തിയിരുന്നു. അപകടത്തിൽ പരുക്കേറ്റ ആൻസണെയും ഇവിടെ തന്നെയാണു കൊണ്ടു വന്നിരുന്നത്.
അപകടമുണ്ടാകുന്നതിനു മുൻപ് കോളജ് പരിസരത്ത് അമിത വേഗത്തിൽ ഇയാൾ ചുറ്റിക്കറങ്ങിയിരുന്നു. കോളജിനു മുന്നിൽ ബൈക്കിരപ്പിച്ച ഇയാളും വിദ്യാർഥികളുമായി തർക്കമുണ്ടാക്കി. തുടർന്ന് സ്ഥലംവിട്ട ഇയാൾ അമിത വേഗത്തിൽ പാഞ്ഞെത്തിയാണ് അപകടമുണ്ടാക്കിയതെന്ന് വിദ്യാർഥികൾ പറഞ്ഞു.
റോഡ് മുറിച്ച് കടക്കുന്നതിനിടെ ബുധനാഴ്ച വൈകിട്ടാണ് ബൈക്കിടിച്ച് ബികോം അവസാന വർഷ വിദ്യാർഥിനി വാളകം കുന്നയ്ക്കാൽ വടക്കേപുഷ്പകം രഘുവിന്റെ മകൾ ആർ. നമിത മരിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയിൽ എം.ഡി.ജയരാജന്റെ മകൾ അനുശ്രീ രാജിന് അപകടത്തിൽ പരുക്കേറ്റു