കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കരിക്കകം സർക്കാർ ഹൈസ്കൂളിന് രണ്ട് കോടിയുടെ പുതിയ ഇരുനിലമന്ദിരം

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കരിക്കകം സർക്കാർ ഹൈസ്കൂളിലെ പുതിയ ഇരുനില കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ. എ നിർവഹിച്ചു.സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എം.എൽ. എ പറഞ്ഞു.എല്ലാവർക്കും പൊതുവിദ്യാഭ്യാസം ഉറപ്പാക്കുന്ന പ്രവർത്തനമാണ് സർക്കാർ ചെയ്യുന്നതെന്നും എം.എൽ. എ കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ വിനിയോഗിച്ചാണ് ഇരുനില കെട്ടിടം പണിയുന്നത്.
496 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഗ്രൗണ്ട് ഫ്ലോറും, ഒന്നാം നിലയും 75 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ടവർ റൂമും ഉൾപ്പെടെ ആകെ 1067 ചതുരശ്ര വിസ്തീർണ്ണത്തിലാണ് കെട്ടിടം പണിയുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ മൂന്നു ക്ലാസ് മുറികൾ, ഓഫീസ് റൂം, വാഷ് ഏരിയ, ശുചിമുറികൾ എന്നിവയും ഒന്നാം നിലയിൽ മൂന്ന് ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, ശുചിമുറികൾ എന്നിങ്ങനെയാണ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.12 മാസമാണ് 
നിർമ്മാണ കാലയളവ്.
വാർഡ് കൗൺസിലർ ഡി.ജി കുമാരൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക അജിത മോഹൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ,പി.റ്റി.എ ഭാരവാഹികൾ, അധ്യാപകർ,രക്ഷിതാക്കൾ,വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.