കുപ്രസിദ്ധ ഗുണ്ടയും ലഹരി കടത്തു കേസിലെ പ്രധാനിയും കൂട്ടാളിയും അറസ്റ്റിൽ.

ആറ്റിങ്ങൽ: കുപ്രസിദ്ധ ഗുണ്ടയും ലഹരി കടത്തു കേസിലെ പ്രധാനിയും കൂട്ടാളിയും അറസ്റ്റിൽ.കടയ്ക്കാവൂർ അഞ്ചുതെങ്ങ് കായിക്കര അയ്യപ്പൻ തോട്ടം വീട്ടിൽ പൗലോസിന്റെ മകൻ സാബു എന്നും സച്ചു എന്നും വിളിക്കുന്ന സാംസൺ (30), സഹായിയായ തോന്നയ്ക്കൽ കുടവൂർ ശാസ്താംകാവിന് സമീപം ലാൽ ഭവൻ വീട്ടിൽ ലാലുവിന്റെ മകൻ ഗോകുൽ (25) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിൽ ബാംഗ്ലൂർ നിന്നും ലഹരിമരുന്ന് എത്തിച്ച പ്രതികളാണ് അറസ്റ്റിലായത്. കഴിഞ്ഞ 10-ാം തീയതി ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നും രണ്ടും പ്രതികളായ അപ്പുക്കുട്ടനെയും സനീതിനേയും ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് പ്രതികളെ അന്വേഷിച്ച് വരവേ അസംബ്ലി മുക്കിൽ നിന്നും ഗോകുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഗോകുലിനെ ചോദ്യം ചെയ്തതിൽനിന്നും അഞ്ചുതെങ്ങ് സ്വദേശിയായ സാംസൺ ആണ് എംഡിഎംഎ എത്തിച്ചു നൽകുന്നതിന് മേൽനോട്ടം വഹിക്കുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലുവാതിക്കലിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്നും സാംസണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സാംസൺ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ പരിധിയിലെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയും നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്നും പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട ശേഷം കല്ലുവാതുക്കലിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി റ്റി. ജയകുമാറിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡാൻസാഫ് ടീം അംഗങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.