ശ്രീനാരായണ ഗുരുദേവന്‍റെ മതേതര ഗുരുദര്‍ശനം ആഗോളതലത്തില്‍ പകര്‍ന്നു നല്‍കിയ സന്യാസി ശ്രേഷ്ഠനായിരുന്നു സ്വാമി ശാശ്വതീകാനന്ദയെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ

ശ്രീനാരായണ ഗുരുദേവന്‍റെ മതേതര ഗുരുദര്‍ശനം ആഗോളതലത്തില്‍ പകര്‍ന്നു നല്‍കിയ സംന്യാസി ശ്രേഷ്ഠനായിരുന്നു സ്വാമി ശാശ്വതീകാനന്ദയെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അഭിപ്രായപ്പെട്ടു.

ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്‍റ് സ്വാമി ശാശ്വതീകാനന്ദയുടെ ഇരുപത്തി രണ്ടാമത് സമാധിദിനാചരണത്തിന്‍റെ ഭാഗമായി നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു സ്വാമി.

ശാശ്വതീകാനന്ദസ്വാമി എഴുതി വച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കുകയാണ് ഗുരുദേവ വിശ്വാസികളും സ്വാമിയുടെ അനുയായികളും ചെയ്യേണ്ടതെന്നും ശുഭാംഗാനന്ദ സ്വാമി തുടര്‍ന്നു പറഞ്ഞു. സ്വാമി സൂക്ഷ്മാനന്ദ, മുന്‍ എം.എല്‍.എ., വര്‍ക്കല കഹാര്‍ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്മിതാസുന്ദരേശന്‍ തുടങ്ങിയവരും പ്രസംഗിച്ചു.

ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ട്രഷറര്‍ സ്വാമി പരാനന്ദ, സ്വാമി കൃഷ്ണാനന്ദ, സ്വാമി മഹേശ്വരാനന്ദ, സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി ദേശികാനന്ദയതി, സ്വാമി വിരജാനന്ദഗിരി, സ്വാമി ധര്‍മ്മവൃതന്‍, ചിറയിന്‍കീഴ് എസ്.എന്‍.ഡിപി. യൂണിയന്‍ പ്രസിഡന്‍റ് വിഷ്ണുഭക്തന്‍, നാരായണഗുരു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ. മോഹന്‍ദാസ്, യുവജനവേദി ജനറല്‍സെക്രട്ടറി അരുണ്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു. ശിവഗിരി യുവജനവേദിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഠത്തിലെ ശുചീകരണ വിഭാഗം ജീവനക്കാരി ഉഷക്ക് ധനസഹായം നല്‍കി.

രാവിലെ മുതല്‍ ശിവഗിരി മഠത്തിലെ സംന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരികളും അന്തേവാസികളും ശാശ്വതീകാനന്ദ സ്വാമിയുടെ കുടുംബാംഗങ്ങളും വിവിധ സംഘടനാ പ്രവര്‍ത്തകരും ഭക്തജനങ്ങളും എത്തി സമാധി സ്ഥാനത്ത് പ്രാര്‍ത്ഥനയും പുഷ്പ്പാര്‍ച്ചനയും നടത്തി.