ഓഗസ്റ്റിൽ യൂണിറ്റിന് 10 പൈസ സർച്ചാർജ് ഈടാക്കാനുള്ള വിജ്ഞാപനം ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച ഒമ്പതുപൈസ സർച്ചാർജ് നിലവിലുണ്ട്. ഇതും രണ്ടും ചേർന്നാണ് 19 പൈസ ആവുന്നത്. സ്വമേധയാ സർച്ചാർജ് തീരുമാനിക്കാനുള്ള അധികാരം ഉപയോഗിച്ച് കഴിഞ്ഞ മൂന്നുമാസമായി വൈദ്യുതി ബോർഡ് സർച്ചാർജ് ഈടാക്കുന്നുണ്ട്. റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒമ്പതുപൈസ സർച്ചാർജ് ഒക്ടോബർവരെ തുടരും. അതിനുശേഷം ഇത് പുനഃപരിശോധിക്കുമെന്നാണ് വിവരം.
ഇന്ധനവിലയിലെ വർധന കാരണം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെലവ് കൂടുന്നതാണ് സർച്ചാർജായി ജനങ്ങളിൽനിന്ന് ഈടാക്കുന്നത്. ഇത്തരത്തിൽ ജൂണിൽ അധികം ചെലവായ 33.92 കോടി രൂപ തിരിച്ചുപിടിക്കാനാണ് ബോർഡ് 10 പൈസ ചുമത്തുന്നത്. വൈദ്യുതിനിരക്ക് വർധിപ്പിക്കുന്നതിനെതിരെ വ്യാവസായിക ഉപഭോക്താക്കളുടെ സംഘടന നൽകിയ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിച്ചിരുന്നു. ഈ ഹർജിയിന്മേൽ വാദം വ്യാഴാഴ്ചയും തുടരും. കോടതി വിധിക്ക് വിധേയമായി ആകും റെഗുലേറ്ററി കമ്മീഷൻ നിരക്കുവർധന പ്രഖ്യാപിക്കുക.