അഞ്ചുതെങ്ങ് മാമ്പള്ളിയിൽ തെരുവ്നായ അക്രമണത്തിൽ പരുക്കേറ്റ നാലുവയസുകാരിയുടെ നില ഗുരുതരമായ് തുടരുന്നു. പ്ലാസ്റ്റിക് സർജ്ജറി വേണ്ടിവന്നേക്കുമെന്ന് സൂചന. ഇതിനിടെ രാവിലെ പതിനൊന്നരയോടെ കുട്ടിയെ ആക്രമിച്ച നായ ചത്തു.
ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം മുടിപ്പിര കൃപാനഗറിൽ റീജൻ സരിത ദമ്പതികളുടെ റോസ്‌ലിയ (4) നെയാണ് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവ് നായ അക്രമിച്ചത്.
കുട്ടിയ്ക്ക് ഗുരുതരമായ് പരുക്ക്ഏൽപ്പിച്ച നായ സംഭവസ്ഥലത്ത് വച്ചുതന്നെ ക്ഷീണിച്ച് നടക്കുവാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തുടർന്ന് കുട്ടിയെ ആദ്യം അഞ്ചുതെങ്ങ് CHC യിലും തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റുകയും ചെയ്തിരുന്നു.
ഇതിനിടെ, കടിച്ച നായ തെരുവിൽ അലയുകയും മണിയ്ക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണ് ചാവുകയുമായിരുന്നു. നാട്ടുകാർ ഇതിനെ കുഴിച്ചുമൂടിയതായും പറയപ്പെടുന്നു.
എന്നാൽ, നായയുടെ ആക്രമണം ഉണ്ടായി മണിയ്ക്കൂറുകൾ കഴിയുമ്പോഴും ആരോഗ്യമേഖലയിൽ നിന്നോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നൊ യാതൊരു ഇടപെടലുകളും ഉണ്ടായിട്ടില്ല. ആക്രമിച്ച നായ അസാധാരണ നിലയിൽ ചത്താൽ നായയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി മരണകാരണവും വയറസ് പരിശോധനകളും നടത്തേണ്ടതുണ്ട്. എന്നാൽ നിലവിൽ ഈ മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിയ്ക്കപ്പെട്ടിട്ടില്ല.
ഇത് പ്രദേശത്താകെ ആശങ്ക പടർത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ ജൂൺ 17 ന് ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവ് നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചിരുന്നു. അഞ്ചുതെങ്ങ് അൽഫോൺസാ കോട്ടേജിൽ സ്റ്റെഫിൻ. വി. പെരേര (49) യാണ് മരണപ്പെട്ടത്. ഇതിന് ശേഷം പ്രദേശത്തെ തെരുവ് നായ്ക്കളെ നിയന്ത്രിക്കുവാനോ മുൻകരുതൽ നടപടി സ്വീകരിക്കുവാനോ പഞ്ചായത്ത് അധികൃതരോ ആരോഗ്യ വിഭാഗമോ ശ്രമിച്ചിരുന്നില്ല. ഇതും പ്രദേശവാസികളിൽ ആശങ്ക പടർത്തുവാൻ കാരണമാകുന്നുണ്ട്.