കല്ലാറില്‍ സുരക്ഷാനടപടികളുടെ ഭാഗമായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചതായും ലൈഫ് ഗാര്‍ഡുകളെ ഉടന്‍ നിയമിക്കുമെന്നും ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. ബോണക്കാട് തോട്ടം തൊഴിലാളികള്‍ക്കുള്ള ആരോഗ്യ വകുപ്പിന്റെ സബ് സെന്റര്‍ സ്ഥാപിക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ യോഗം ചുമതലപ്പെടുത്തി. ബോണക്കാട് കെ.എസ്.ആര്‍.ടി.സിയുടെ സ്റ്റേ ബസ് പുനഃസ്ഥാപിക്കണമെന്നും എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.
കോവിഡിന് മുമ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നത് പരിശോധിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. പാറശാലയില്‍ അഗ്നിരക്ഷാ നിലയത്തിനുള്ള കെട്ടിടനിര്‍മാണം ഉടന്‍ ആരംഭിക്കും. നെയ്യാര്‍ഡാമിലെ ടൂറിസം ഡെസ്റ്റിനേഷന്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തനങ്ങളും നെയ്യാറ്റിന്‍കര താലൂക്ക് ആശുപതിയില്‍ 14 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി ക്രമങ്ങളും വേഗത്തിലാക്കും.
ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ കടലുകാണി ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിനായി പുതിയ ഏജന്‍സിയെ ചുമതലപ്പെടുത്തിയതായി ഡി.ടി.പി.സി അറിയിച്ചു. വര്‍ക്കല ബീച്ച് പരിസരത്ത് കേടായ തെരുവുവിളക്കുകള്‍ അടിയന്തരമായി മാറ്റിസ്ഥാപിക്കുന്നതിനും ബീച്ചിലെ ശുചിമുറി സംവിധാനം ഓണത്തിന് മുമ്പ് പ്രവര്‍ത്തന സജ്ജമാക്കാനും യോഗത്തില്‍ തീരുമാനമായി. അടുത്തിടെ അപകടമുണ്ടായ ആലിയിറക്കം ബീച്ചില്‍ വാഹനപാര്‍ക്കിംഗുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും യോഗത്തില്‍ ധാരണയായി.
പേട്ട - ആനയറ റോഡിന്റെയും വെഞ്ഞാറമൂട് ഫ്‌ളൈ ഓവറിന്റെയും നിര്‍മാണം തുടങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെയും റോഡുകളുടെയും നിര്‍മാണ പുരോഗതിയും യോഗം വിലയിരുത്തി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ എം.പിമാരുടെയും എം.എല്‍.എമാരുടെയും പ്രതിനിധികള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ് ബിജു, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.