പിഞ്ചുകുഞ്ഞിനെ തട്ടികൊണ്ടുവന്ന സംഭവം: ലക്ഷ്യം ഭിക്ഷാടനമെന്ന് സ്ഥിരീകരിച്ച് പൊലീസ്

നാല് മാസം പ്രായമുള്ള കുഞ്ഞിനെ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. ഭിക്ഷാടനത്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തി പണമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കന്യാകുമാരി എസ്പി ഡി.എൻ.ഹരികിരൺ പ്രസാദ്  പറഞ്ഞു.പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കടത്തിന് പിന്നിൽ മറ്റ്   ലക്ഷ്യങ്ങൾ ഉണ്ടോയെന്ന് കണ്ടെത്തും. ഇവർക്ക് ഭിക്ഷാടന മാഫിയയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും. ഭിക്ഷാടന മാഫിയയുമായി ബന്ധപ്പെടുത്താൻ നിലവിൽ തെളിവുകളില്ല. ഇത്തരം ചില കേസുകൾ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലേക്ക് ഇവരെ എത്തിക്കുന്നത് കൂടുതൽ പണം മുന്നിൽ കൊണ്ടാണെന്നും കന്യാകുമാരി ജില്ലയിൽ കൂടുതൽ നിരീക്ഷണം നടത്തുമെന്നും പ്രസാദ് പറഞ്ഞു.ദൂര സ്ഥലങ്ങളിൽ നിന്ന് ആളുകൾ വരുന്നത് മുതലാക്കി കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്ന സംഘം സജീവമാണെന്നും പ്രതികളെ കണ്ടെത്തിയ കേരള പൊലീസിന് നന്ദിയെന്നും എസ്.പി ഡി.എൻ.ഹരികിരൺ പ്രസാദ് കൂട്ടിച്ചേർത്തു. നേരത്തെ ആശാരിപള്ളം മെഡിക്കൽ കോളേജിൽ കുട്ടിയുടെ വൈദ്യപരിശോധന നടത്തിയിരുന്നു. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി. കുട്ടിയെ ഇന്ന് തന്നെ മാതാപിതാക്കൾക്ക്‌ കൈമാറും.

തമിഴ്നാട് വടശ്ശേരി ബസ്റ്റാൻഡിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞുമായി നാരായണൻ, ശാന്തി എന്നിവരെ ചിറയിൻകീഴ് പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ബസ്റ്റാൻഡിൽ കിടന്ന് ഉറങ്ങുകയായിരുന്ന നാടോടി ദമ്പതികളുടെ നാലു മാസം പ്രായമായ കുഞ്ഞിനെയാണ് കഴിഞ്ഞ ഞായറാഴ്ച പ്രതികൾ തട്ടിയെടുത്തത്. തുടർന്ന് പ്രതികൾ ഏറനാട് ട്രെയിനിൽ കയറി തിരുവനന്തപുരത്ത് എത്തികയായിരുന്നു