2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് 1,728 വോട്ടിന്റെ നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ട കമൽഹാസന് കോയമ്പത്തൂർ സീറ്റ് നൽകാൻ ഡിഎംകെക്ക് താൽപ്പര്യമുണ്ടെന്നാണ് എംഎൻഎമ്മിലെ ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്.കോയമ്പത്തൂർ സൗത്ത് അസംബ്ലി നിയോജക മണ്ഡലത്തിൽ മക്കൾ നീതി മയ്യത്തിന്റെ മക്കളോടു മയ്യം എന്ന സംസ്ഥാന തല പരിപാടി കമൽഹാസൻ ഞായറാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു. സംസ്ഥാനത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെത്തി പാർട്ടി നേതാക്കളുമായും കേഡർമാരുമായും ചേർന്ന് വാർഡ്, പഞ്ചായത്ത് തലങ്ങളിൽ ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ മക്കൾ നീതി മയ്യം പദ്ധതിയിടുന്നുണ്ട്. മണ്ഡലങ്ങളിൽ ജനപ്രതിനിധികൾ അവഗണിക്കുന്ന ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാകും എംഎൻഎമ്മിന്റെ ഇടപെടലുകൾ. താഴെത്തട്ടിലുള്ള ജനങ്ങളിൽ നിന്ന് ഫീഡ്ബാക്ക് എടുത്ത് അവ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് തെലങ്കാന ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഓരോ വാർഡിലെ സെക്രട്ടറിക്കും അതാത് പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് 25ഓളം ചോദ്യങ്ങൾ നൽകും. ഈ ചോദ്യാവലിയെ അടിസ്ഥാനമാക്കിയാകും ഫീഡ്ബാക്ക് തയ്യാറാക്കുക. ഓരോ നിയോജക മണ്ഡലത്തെ കുറിച്ചും വ്യക്തമായ ചിത്രം ലഭിക്കുന്നതിന് വേണ്ടിയാണിത്. മണ്ഡലത്തിലെ അടിസ്ഥാന വിഷയങ്ങൾ, വികസന പദ്ധതികൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മക്കളോടുമയ്യം പരിപാടിയിലും ചർച്ചയായിരുന്നു.
കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന് മക്കൾ നീതി മയ്യം കോയമ്പത്തൂർ ജില്ലാ ഘടകം കമൽ ഹാസനോട് ആവശ്യപ്പെട്ടു