*നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം*

ചിറയിൻകീഴ്: അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മാതാവ് ജൂലി(36)യെ പൊലീസ് 
അറസ്റ്റ് ചെയ്തു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

15 ന് പുലർച്ചെയാണ് വീടിനു സമീപത്തെ ശുചിമുറിയിൽ ജൂലി പ്രസവിച്ചത്. അതിനുശേഷം കത്രിക
കൊണ്ട് പൊക്കിൾകൊടി നീക്കം ചെയ്തു. കുട്ടി കരഞ്ഞപ്പോൾ വായും മൂക്കും പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് സമീപത്തെ പൈപ്പിന്റെ ചുവട്ടിൽ കുഴിയെടുത്ത് മറവുചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട ഭാഗത്ത് ജൂലി പോയി നോക്കിയിരുന്നു. 18ന് ചെന്നപ്പോൾ മൃതദേഹം തെരുവുനായ്ക്കൾ മാന്തിയെടുത്തതായി കണ്ടു. തുടർന്ന് ജൂലി തന്നെ കുഴി പൂർവ്വസ്ഥിതിയിലാക്കി.

അഞ്ചുതെങ്ങ് പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജൂലിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ വിസമ്മതിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചു. വിധവയായ തനിക്ക് കുഞ്ഞ് ജനിച്ചാൽ ഉണ്ടാകുന്ന അപമാന ഭയത്താൽ ആണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.