ഇരുവൃക്കകളും തകരാറിലായി ആറ് വർഷമായി ഡയാലിസിസിലൂടെ ജീവിതം നയിക്കുന്ന വെള്ളല്ലൂർ സ്വദേശി ദിനുവിന് കർഷകസംഘം വെള്ളല്ലൂർ വില്ലേജ് കമ്മറ്റി, സിപിഐ എം വെള്ളല്ലൂർ ലോക്കൽകമ്മറ്റി എന്നിവ സംയുക്തമായി സുമനസുകളുടെ സഹായത്തോടെ നിർമ്മാണം പൂർത്തീകരിച് വീട് വെള്ളിയാഴ്ച വൈകിട്ട് 4ന് കൈമാറും. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി വീടിന്റെ താക്കോൽദാനം നിർവ്വഹിക്കും. ലോക്കൽ സെക്രട്ടറി എസ് കെ സുനി അധ്യക്ഷനാകും. ഡിവൈഎഫ്ഐ വെള്ളല്ലൂർ വില്ലേജ് പ്രസിഡന്റ്, കിളിമാനൂർ ബ്ലോക്ക് കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നയാളാണ് ദിനു. ഇപ്പോൾ സിപിഐ എം പാളയം ബ്രാഞ്ച് അംഗമാണ് . ഭാര്യയും രണ്ട് പെൺമക്കളുമുള്ള ദിനുവിന് ആഴ്ചയിൽ 3 ദിവസം ഡയാലിസിസ് വേണ്ടിവരുന്നുണ്ട്. സ്വന്തമായി വീട് ഇല്ലാതെ വാടകവീട്ടിലാണ് ജീവിതം തള്ളിനീക്കുന്നത്. ദിനുവിന് കുടുംബത്തിനും ചെറുതെങ്കിലും സ്വന്തമായി ഒരു വീട് എന്നത് ഏറെ കാലത്തെ ആഗ്രഹമായിരുന്നു. വീട് വെയ്ക്കണമെന്ന പ്രതീക്ഷയിലും മറ്റും കഴിയുമ്പോഴാണ് വൃക്കരോഗം കുടുംബത്തിന്റെ പ്രതീക്ഷകളെ തെറ്റിച്ചത്. തുടർന്ന് ദിനുവിന്റെ കുടുംബത്തെ സഹായിക്കാൻ സിപിഐ എം , കർഷകസംഘം എന്നിവ രംഗത്ത് വരുകയായിരുന്നു. ഉദാരമതികളുടെ സഹായം കൂടി സ്വരൂപിച്ച് 720 ചതുരശ്രഅടിയിൽ രണ്ട് കിടപ്പ് മുറി, രണ്ട് ശുചിമുറി, ഹാൾ, അടുക്കള, സിറ്റൗട്ട് എന്നിവയോടുകൂടിയ വീടാണ് നിർമ്മിച്ചത്. ഏകദേശം പത്തുലക്ഷത്തോളം രൂപയാണ് വീട് നിർമ്മാണത്തിനായി ചെലവായത്. താക്കോൽദാന ചടങ്ങിൽ ഒ എസ് അംബിക എംഎൽഎ, സിപിഐ എം നേതാക്കളായ ബി പി മുരളി, ആർ രാമു, മടവൂർ അനിൽ, ബി സത്യൻ, തട്ടത്തുമല ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.