മൈക്ക് കേസ് വിവാദത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി. ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിന് കേസെടുത്തത് വന്‍ വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.അതേസമയം ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്ക് തടസ്സപ്പെട്ട സംഭവത്തില്‍ കേസെടുത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം. മൈക്ക് തകരാറായ സംഭവത്തില്‍ കേസെടുത്ത്.എഫ്ഐആറിട്ടിരിക്കുകയാണ് പൊലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രതി പ്രവര്‍ത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. എന്നാല്‍ എഫ്ഐആറില്‍ ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്കില്‍ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്നമുണ്ടാക്കിയെന്നും എഫ്ഐആറില്‍ പറയുന്നു. മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇലട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് പരിശോധന നടത്തും. മൈക്ക് കേടായതിന് കേസെടുത്ത നടപടിയില്‍ പരിഹാസവും പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി. മൈക്കിനെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.