എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍

കൊല്ലം: സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. തിരുവനന്തപുരം കഴക്കൂട്ടം കരിയില്‍ കെ.പി 14/13 എസ്എ നിവാസില്‍ അല്‍ഹാദ് (42) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കരിക്കോട് സ്വദേശിയായ പെണ്‍കുട്ടിക്ക് ബാംഗ്ലൂരില്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എംബിബി.എസ് സീറ്റ് വാങ്ങി നല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടപ്പാക്കിയത്.
2019 മുതല്‍ വിവിധ സമയങ്ങളിലായി പ്രതി പെണ്‍കുട്ടിയുടെ മാതവിന്റെ കൈയില്‍നിന്ന് പത്ത് ലക്ഷത്തി അന്‍പത്തേഴായിരത്തിപതിനഞ്ച് രൂപ കബളിപ്പിച്ച് കൈക്കലാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത വെസ്റ്റ് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ തിരുവനന്തപുരം ജില്ലയിലെ മണ്ണാന്തല, കന്റോണ്‍മെന്റ്, വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനുകളിയായി സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് കേസുകള്‍ നിലവിലുണ്ട്. കൊല്ലം ജില്ലയില്‍ സമാന രീതിയില്‍ മറ്റു പലരെയും ഇയാള്‍ കബളിപ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. കൊല്ലം വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഷെഫീക്കിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ അനീഷ്, ഓമനക്കുട്ടന്‍ നായര്‍, സിപിഒ ദീപു ദാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ
പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.