തെരുവ് നായകളുടെ ദയാവധം; കണ്ണൂർ ജില്ലാപഞ്ചായത്തിന്‍റെ ഹര്‍ജിക്കെതിരെ ഹാജരായത് മുതിര്‍ന്ന അഭിഭാഷകരുടെ നീണ്ടനിര

ദില്ലി: തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി തീരുമാനം വൈകും. കണ്ണൂർ ജില്ലാ പഞ്ചായത്ത്, സംസ്ഥാനബാലാവകാശ കമ്മീഷൻ എന്നിവരുടെ ഹർജികൾ അടുത്ത മാസം പതിനാറിലേക്ക് മാറ്റി. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്നും തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നും കണ്ണൂർജില്ലാ പഞ്ചായത്തിന്റെ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഹർജിയുടെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് മൃഗസ്നേഹികളുടെ സംഘടനകൾ കോടതിയെ അറിയിച്ചു. തുടർന്ന് എല്ലാ കക്ഷികൾക്കും ജില്ലാ പഞ്ചായത്തിന്റെ ഹർജികൾ നൽകാൻ കോടതി നിർദ്ദേശം നൽകി. രണ്ടാഴ്ച്ചയ്ക്കം എല്ലാ കക്ഷികളും ഹർജിയിൽ മേലുള്ള അവരുടെ വാദങ്ങൾ കോടതിയിൽ സമർപ്പിക്കണം. തുടർന്ന് അടുത്ത മാസം പതിനാറിന് ഹർജികളിൽ വിശദവാദം കേൾക്കുമെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി,ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഹർജി പരിഗണിക്കാൻ എടുത്തപ്പോൾ മൃഗസ്നേഹികളുടെയും വ്യക്തികളുടെയും അടക്കം അഭിഭാഷകരുടെ വലിയ നിരയാണ് കോടതിയിൽ കണ്ടത്. കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലുകയാണെന്നത് അടക്കം ആരോപണങ്ങൾ സംഘടനകളുടെ അഭിഭാഷകർ ഉന്നയിച്ചു. എന്നാൽ വളരെ വലിയ പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെന്നും ഇത് പരിഹരിക്കാൻ അടിയന്തരമായ ഇടപെടൽ വേണമെന്നും കണ്ണൂർ ജില്ലാ പഞ്ചായത്തിനായി മുതിർന്ന അഭിഭാഷകൻ പി.വി സുരേന്ദ്രനാഥ്, അഭിഭാഷകൻ കെ. ആർ സുഭാഷ് ചന്ദ്രൻ, സംസ്ഥാനബാലാവകാശ കമ്മീഷനായി അഭിഭാഷകൻ ജയ്മോൻ ആൻഡ്രൂസ് എന്നിവർ കോടതിയെ അറിയിച്ചു.നായുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവവും കോഴിക്കോട് ജില്ലയിലെ ആറ് സ്‌കൂളുകള്‍ തെരുവ് നായ ശല്യം കാരണം അടച്ചിട്ട വിഷയങ്ങൾ അടക്കം സംസ്ഥാന ബാലാവകാശ കമ്മീഷൻ കോടതിയിൽ ഉന്നയിച്ചു. അതേസമയം മൃഗസനേഹികൾക്കായി സാമൂഹിക പ്രവർത്തക അഞ്ജലി ഗോപാലൻ നൽകിയത് വ്യാജ സത്യവാങ്മൂലമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് കോടതിയെ അറിയിച്ചു. കേരളത്തിനെ ബഹിഷ്ക്കരിക്കുക എന്ന ആഹ്വാനം നടത്തിയ സംഘടനയാണ് വ്യാജ സത്യവാങ്മൂലം നൽകിയതെന്നും അഭിഭാഷകർ അറിയിച്ചു. തെറ്റായ ചിത്രങ്ങൾ, വിദേശരാജ്യങ്ങളിലെ ദൃശ്യങ്ങൾ കേരളത്തിലേതെന്ന് കാട്ടിയാണ് കേരളത്തിനെ ബഹിഷ്ക്കരിക്കുക എന്ന ആഹ്വാനം നടത്തിയ സംഘടനയാണ് വ്യാജ സത്യവാങ്മൂലം നൽകിയതെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് വ്യക്തമാക്കി.കേരളം മൃഗസംരക്ഷണം നിയമങ്ങൾ പാലിക്കുന്നതിൽ വീഴ് ച വരുത്തുന്നുവെന്ന് മൃഗ സ്നേഹികളുടെ സംഘടനകൾ ഇതിനിടെ ആരോപിച്ചു. കേരളത്തിലെ ഉൾപ്പെടെ വിഷയങ്ങളുടെ പ്രാധാന്യം മനസിലാക്കുന്നുവെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. കേസിൽ കേരളത്തിനായി സ്റ്റാൻഡിംഗ് കൌൺസിൽ സി.കെ ശശി ഹാജരായി. മുതിർന്ന അഭിഭാഷകരായ മനു അഭിഷേക് സിംഗ്വി, കൃഷ്ണൻ വേണുഗോപാൽ, മേനക ഗുരുസ്വാമി എന്നിവരാണ് മൃഗസ്നേഹികളുടെ സംഘടനകൾക്കായി ഹാജരായത്. മുൻമന്ത്രിയും എംപിയുമായ അൽഫോൺസ് കണ്ണന്താനുവും കേസിൽ കക്ഷിയാകാൻ അപേക്ഷ നൽകി. പ്രശ്‌നത്തിന് പരിഹാരമായി കണ്ണന്താനം തയ്യാറാക്കിയ ശുപാര്‍ശകള്‍ കോടതിക്ക് കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശം നൽകി. മറ്റൊരു ഹർജിക്കാരാനായ സാബു സ്റ്റീഫനായി അഭിഭാഷകൻ വി.കെ. ബിജുവും ഹാജരായി.