ശിവഗിരി മഠത്തിന്‍റെ സാന്നിദ്ധ്യം വടക്കേമലബാറിലേക്ക്

ശിവഗിരി : വടക്കന്‍ കേരളത്തിലെ ഗുരുദേവ ഭക്തരുടേയും ശിവഗിരി ബന്ധുക്കളുടേയും ഏറെക്കാലമായുള്ള അഭിലാഷമായിരുന്നു കാസര്‍കോഡ് ജില്ലയില്‍ ശിവഗിരി ശാഖാആശ്രമം ഉണ്ടാകണമെന്നത്. നീലീശ്വരം ബംങ്കളത്ത് ശിവഗിരി മഠത്തിന് സ്ഥലം ലഭ്യമായിട്ട് കുറേക്കാലമായി. ഇവിടം കേന്ദ്രീകരിച്ച് ഗുരുദേവദര്‍ശന പ്രചാരണവും വര്‍ഷങ്ങളായി നടത്തുന്നുണ്ട്. ബംങ്കളത്ത് നിലവിലുള്ള കെട്ടിടത്തോട് ചേര്‍ന്ന് ആശ്രമമന്ദിരം പണികഴിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളായി.
ഈ മാസം പതിമൂന്നിന് ശിവഗിരി മഠം ഖജാന്‍ജി ശാരദാനന്ദ സ്വാമി മന്ദിര നിര്‍മ്മാണത്തിന് മുന്നോടിയായി കുറ്റിവയ്ക്കല്‍ കര്‍മ്മം നിര്‍വ്വഹിക്കും. സ്വാമിക്കൊപ്പം ശിവഗിരി മഠത്തിലെ സംന്യാസിമാരായ സ്വാമി സത്യാനന്ദതീര്‍ത്ഥ, സ്വാമി വിരജാനന്ദഗിരി എന്നിവരും സ്വാമി പ്രേമാനന്ദ,നാരായണ ഗുരുകുലം ചെറുവത്തൂര്‍ ശാഖാ സെക്രട്ടറി അനില്‍ പ്രാണേശ്വര്‍, തുടങ്ങിയവരുള്‍പ്പെടെ വിവിധ സംഘടനാനേതാക്കളും ഭാരവാഹികളും മറ്റു പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.
ബംങ്കളത്തെ ആശ്രമത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വാമി സുരേശ്വരാനന്ദയെ ആശ്രമം ഇന്‍ചാര്‍ജ്ജായി ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്ബോര്‍ഡ് യോഗം നിയോഗിച്ചിട്ടുണ്ട്. പലതവണ സ്വാമി സ്ഥലത്തെത്തി ദേശവാസികളോടും വിവിധ സംഘടനാഭാരവാഹികളോടും ആശയവിനിമയം ചെയ്തുകഴിഞ്ഞു. കുറ്റിവയ്ക്കല്‍ കര്‍മ്മത്തിന് എല്ലാവരുടേയും സാന്നിദ്ധ്യം ഉണ്ടാകണമെന്ന് സുരേശ്വരാനന്ദ സ്വാമി അഭ്യര്‍ത്ഥിച്ചു.