കൊല്ലപ്പെട്ട ലീന മണിയുടെ ഭർത്താവിന്റെ സഹോദരങ്ങളായ അഹദ്, ഷാജി എന്നിവരാണ് പിടിയിലായത്.
സ്വത്തു തർക്കത്തിന്റെ പേരിലായിരുന്നു വീട്ടമ്മയെ ബന്ധുക്കളായ നാലു പേർ ചേർന്ന്
കൊലപ്പെടുത്തിയത്.
കഴിഞ്ഞ 16 നു രാവിലെയാണ് വർക്കല അയിരൂർ സ്വദേശിയായ ലീന മണിയെ ഭർത്താവിന്റെ സഹോദരങ്ങൾ ഉൾപ്പടെ വീട്ടിൽ കയറി മർദ്ദിച്ചു കൊലപ്പെടുത്തിയത്.ഒന്നര വർഷം മുൻപ് ലീന മണിയുടെ ഭർത്താവ് മരിച്ചു.പിന്നാലെ ഭർത്താവിന്റെ സഹോദരങ്ങൾ ഉൾപ്പടെ സ്വത്തിനായി ലീന മണിയെ ഉപദ്രവിച്ചു.സഹിക്കാൻ കഴിയാതെ വന്നതോടെ കോടതിയിൽ നിന്ന് ലീന മണി സംരക്ഷണ ഉത്തരവ് തേടി.ഇതിൽ പ്രകോപിതരായ നാലംഗ സംഘം കമ്പിപ്പാര കൊണ്ടടക്കം ലീന മണിയെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ബന്ധുക്കളായ അഹദ്,ഭാര്യ റഹീന,ഷാജി,മുഹ്സിൻ എന്നിവരായിരുന്നു പ്രതികൾ.റഹീനയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒളിവിലായിരുന്ന അഹദ്,ഷാജി എന്നിവരെ ഇന്ന് രാവിലെയാണ് രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് പിടികൂടിയത്. മുഹ്സിൻ ഇപ്പോഴും ഒളിവിൽ തുടരുകയാണ്