മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് എവിടെ? ജീവനക്കാര്‍ കുരങ്ങനെ തപ്പി നടക്കുന്നു

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനപ്പറ്റി വിവരങ്ങളില്ല. കുറച്ചു ദിവസം മുന്‍പു വരെ പാളയം പബ്ലിക് ലൈബ്രറി പരിസരത്തെ മരത്തിലായിരുന്നു കുരങ്ങിനെ കണ്ടത്. രണ്ടു ദിവസം ശക്തമായ മഴ പെയ്തതിനു പിന്നാലെയാണു വീണ്ടും കാണാതാവുകയായിരുന്നു.
കഴിഞ്ഞ ദിവസം വഴുതക്കാട് താജ് വിവാന്തയുടെ ഭാഗത്തു കണ്ടതായി അധികൃതര്‍ പറഞ്ഞെങ്കിലും സ്ഥിരീകരണമില്ല. മൃഗശാല ജീവനക്കാര്‍ നഗരത്തിന്റെ പലഭാഗത്തായി കുരങ്ങനെ തപ്പി നടക്കുകയാണിപ്പോള്‍. കാക്കക്കൂട്ടം വട്ടമിട്ടു പറക്കുന്ന സ്ഥലങ്ങള്‍ നോക്കിയാണു പരിശോധന. ഒറ്റപ്പെട്ടിരിക്കുന്ന കുരങ്ങനെ കാക്കകള്‍ ആക്രമിക്കാനുള്ള സാധ്യത കണക്കാക്കിയാണിത്.
മൂന്നാഴ്ച മുന്‍പാണ് കുരങ്ങന്‍ മൃഗശാലയില്‍ നിന്നു ചാടിപ്പോയത്. നന്ദാവനം എആര്‍ ക്യാംപിലെ മരങ്ങള്‍ വഴി സഞ്ചരിച്ചതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ലെനിന്‍ നഗര്‍, വഴുതക്കാട്, നന്ദാവനം ഭാഗത്ത് കറങ്ങി നടക്കുകയാണെന്നും നിലവില്‍ തമ്പാനൂര്‍ ഭാഗത്ത് ആണെന്നുമാണ് മൃഗശാല അധികൃതര്‍ പറയുന്നത്.
എന്നാല്‍ പാളയം പബ്ലിക് ലൈബ്രറി ഭാഗത്തുനിന്ന് ഇറങ്ങിപ്പോയ കുരങ്ങന്‍ എവിടെയാണെന്ന് അറിയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ജീവനക്കാര്‍ പറയുന്നു. നഗരം വിട്ടു പോകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.