പാരിപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട: മൂന്ന് പേർ അറസ്റ്റിൽ

പാരിപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട. മൂന്ന് പേർ അറസ്റ്റിൽ. പൂത്തൻകുളം നെടുവള്ളി ചാലിൽ രാജാലയം വീട്ടിൽ രാജേഷ് (36), പാരിപ്പള്ളി എഴിപ്പുറം പാലവിളപുത്തൻവീട്ടിൽ ഷിബു (44),പാരിപ്പള്ളി എഴിപ്പുറം സലാഹുദ്ധീൻ മൻസിലിൽ സലാഹുദ്ധീൻ (29)എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
15 കിലോ മുന്നൂറ് ഗ്രാം കഞ്ചാവുമായാണ് ഇവരെ ചാത്തന്നൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്‍തത്.
ഇന്ന് രാവിലെ പത്തരയോടെ പാരിപ്പള്ളി മൂക്കടയിൽ വച്ച് തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് മാരുതി കാറിൽ കഞ്ചാവുമായി വരവേയാണ് എക്സൈസ് സംഘം സിനിമ സ്റ്റൈലിൽ ഇവരെ പിടികൂടിയത്. ആന്ധ്രയിൽ നിന്നും ട്രെയിനിൽ കൊണ്ട് വന്ന കഞ്ചാവ് തിരുവനന്തപുരത്ത് നിന്ന് ഇടനിലക്കാരൻ വഴി വാങ്ങി ഏജന്റുമാർക്ക് പ്രതികൾ എത്തിച്ചു നൽകുകയാണ്. 
വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്ന വൻ സംഘത്തിലെ കണ്ണികളാണിവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.