ഇരുപത്തൊന്നുകാരനെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

കൊല്ലം: ഇരുപത്തൊന്നുകാരനെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ചിതറ ചല്ലിമുക്ക് സൊസൈറ്റിയിൽ ആദർശിനെ (21) കൊലപ്പെടുത്തിയത് മാതാപിതാക്കളും സഹോദരനുമാണെന്ന് തെളിഞ്ഞു. ആദർശിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ തന്നെ മൂവരെയും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആദർശിന്റെ പിതാവ് തുളസീധരൻ, മാതാവ് മണിയമ്മാൾ, സഹോദരൻ അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കി വരുന്ന ആദർശിനെ മൂവരും ചേർന്ന് കെട്ടിയിട്ട് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് ആദർശിനെ മരിച്ച നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയത്. ആദർശിന്റെ മണിയമ്മയാണ് മകന്റെ മരണവിവരം നാട്ടുകാരനെ വിളിച്ച് അറിയിച്ചത്. ഇയാൾ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവം നടക്കുന്നതിന്റെ തലേദിവസം സമീപത്തെ വീട്ടിൽ പോയി ആദർശ് പ്രശ്നമുണ്ടാക്കിരുന്നു. മാതാപിതാക്കളും സഹോദരനും ഇടപെട്ടാണ് ആദർശിനെ അവിടെനിന്ന് വിളിച്ചുകൊണ്ടുവന്നത്. എന്നാൽ തിരികെയെത്തിയ ആദർശ് വീട്ടിലും വധഭീഷണി മുഴക്കി. പിന്നാലെ മൂന്ന് പ്രതികളും ചേർന്ന് ആദർശിനെ കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ അടുക്കളയോട് ചേർന്നുള്ള മുറിയിലാണ് ആദർശിന്റെ മൃതദേഹം കണ്ടത്. കൊലപാതകമാണെന്ന നിഗമനത്തിൽ ആദർശിന്റെ സഹോദരനെയും മാതാപിതാക്കളെയും പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ തന്നെ മൂവരെയും കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.